ലോക്സഭ തിരഞ്ഞെടുപ്പ്; കണ്ണൂരിൽ സുധാകരൻ മത്സരിച്ചേക്കില്ല, പകരം ആര്? കോൺഗ്രസ് നീക്കങ്ങൾ ഇങ്ങനെ
തിരുവനന്തപുരം: ലോക്സഭ തിരഞ്ഞെടുപ്പിൽ കണ്ണൂരിൽ നിന്നും കെ പി സി സി അധ്യക്ഷൻ കെ സുധാകരൻ ഇക്കുറി മത്സരിച്ചേക്കില്ല. ആരോഗ്യ പ്രശ്നങ്ങളും കെ പി സി സി അധ്യക്ഷ പദവി വഹിക്കുന്നതിനാലുമാണ് മാറി നിൽക്കുന്നതെന്നാണ് സൂചന. ഇതോടെ കണ്ണൂരിൽ സുധാകരന് പകരക്കാരനായി ആരെത്തുമെന്ന ചർച്ചകൾ പാർട്ടിയിൽ സജീവമായിട്ടുണ്ട്.
കഴിഞ്ഞ തിരഞ്ഞെടുപ്പിൽ എല്‍ ഡി എഫിന്റെ പി കെ ശ്രീമതിയെ 94,559 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് സുധാകരൻ തോൽപിച്ചത്. സുധാകരൻ 5,29,741 വോട്ടും ശ്രീമതി 4,35,182 വോട്ടും ബി ജെ പിയുടെ സികെ പത്മനാഭൻ 68,509 വോട്ടുമാണു നേടിയത്. കണ്ണുതെറ്റിയാൽ കൈവിട്ടുപോകുന്ന മണ്ഡലമാണ് കണ്ണൂർ അതുകൊണ്ട് തന്നെ ഇത്തവണ സുധാകരന് പകരക്കാരനായി തലയെടുപ്പുള്ള നേതാവ് തന്നെ എത്തണമെന്നാണ് കോൺഗ്രസിനുള്ളിലെ അഭിപ്രായം.

അതേസമയം ഇത്തവണയും മണ്ഡലത്തിൽ പി കെ ശ്രീമതിയെ തന്നെ സി പി എം മത്സരിപ്പിക്കുമോയെന്നാണ് ഉറ്റുനോക്കുന്നത്. ഒന്നാം പിണറായി സർക്കാരിലെ ഏറ്റവും ജനകീയ മന്ത്രിയായിരുന്ന കെ കെ ശൈലജയെ ഇറക്കി കണ്ണൂർ തിരിച്ച് പിടിക്കാനുള്ള തന്ത്രങ്ങളും സി പി എം നടത്തിയേക്കുമെന്ന് അഭ്യൂഹങ്ങൾ ഉണ്ട്.
അതിനിടെ കഴിഞ്ഞ ലോക്സഭ തിരഞ്ഞെടുപ്പിൽ സി പി എം വിജയിച്ച ഏക മണ്ഡലമായ ആലപ്പുഴയിൽ ഇത്തവണ കെ സി വേണുഗോപാലിനെ തിരികെ എത്തിക്കാനാണ് കോൺഗ്രസ് ആലോചിക്കുന്നത്. 2014 ലാണ് കെ സി അവസാനമായി ലോക്സഭ തിരഞ്ഞെടുപ്പിൽ മത്സരിച്ചത്. അന്ന് 10,000ത്തിലധികം വോട്ടിന്റെ ഭൂരിപക്ഷത്തിലായിരുന്നു വിജയം.
കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ഷാനിമോൾ ഉസ്മാനായിരുന്നു മണ്ഡലത്തിൽ കോൺഗ്രസിന് വേണ്ടി മത്സരിച്ചത്. എന്നാൽ 10,000 വോട്ടിന്റെ ഭൂരിപക്ഷത്തിൽ എ എം ആരിഫ് വിജയിക്കുകയായിരുന്നു. ഇത്തവണയും ആരിഫിനെ തന്നെയാണ് ആലപ്പുഴയിൽ നിന്നും സി പി എം മത്സരിപ്പിച്ചേക്കുക. അങ്ങനെയെങ്കിൽ കെ സി വേണുഗോപാലിലൂടെ മണ്ഡലം തിരികെ പിടിക്കാനാകുമെന്നാണ് കോൺഗ്രസ് കണക്ക് കൂട്ടൽ. എന്നാൽ സംഘടന ചുമതലയുടെ തിരക്കിൽ നിന്നും കെ സി മത്സരിക്കുമോയെന്ന ചോദ്യവും ശക്തമാണ്.
ഇത്തവണ ആഞ്ഞ് പിടിച്ചാൽ 2019 ആവർത്തിക്കാൻ ആകുമെന്നാണ് കോൺഗ്രസ് കണക്ക് കൂട്ടുന്നത്. തിരഞ്ഞെടുപ്പ് തന്ത്രജ്ഞനായ സുനിൽ കനുഗൊലുവാണ് പാർട്ടിക്ക് വേണ്ടി തിരഞ്ഞെടുപ്പ് തന്ത്രങ്ങൾ മെനയുന്നത്.












Click it and Unblock the Notifications