എസ് രാജേന്ദ്രന്‍ ബിജെപിയിലേക്കെന്ന് സൂചന; പ്രകാശ് ജാവദേക്കറെ ഡല്‍ഹിയിലെത്തി കണ്ടു
ന്യൂഡല്‍ഹി: ദേവികുളം മുന്‍ എംഎല്‍എയും സിപിഎം നേതാവുമായ എസ് രാജേന്ദ്രന്‍ ബിജെപിയിലേക്കെന്ന് സൂചന. കേരളത്തിന്റെ ചുമതലയുള്ള ബിജെപി പ്രഭാരി പ്രകാശ് ജാവദേക്കറുമായി രാജേന്ദ്രന്‍ ഡല്‍ഹിയിലെത്തി കൂടിക്കാഴ്ച്ച നടത്തി. ജാവദേക്കറുടെ വസതിയില്‍ വെച്ചായിരുന്നു കൂടിക്കാഴ്ച്ച. നേരത്തെ ബിജെപിയില്‍ ചേരുമെന്ന അഭ്യൂഹങ്ങള്‍ക്കിടെ എല്‍ഡിഎഫ് കണ്‍വെന്‍ഷനില്‍ എസ് രാജേന്ദ്രന്‍ പങ്കെടുത്തിരുന്നു.
മുതിര്‍ന്ന നേതാക്കള്‍ ഇടപെട്ട് അദ്ദേഹവുമായി ചര്‍ച്ചകള്‍ നടത്തിയിരുന്നു. ഇതിന് പിന്നാലെ രാജേന്ദ്രന്‍ കണ്‍വെന്‍ഷനിലെത്തിയത്. ദേവികുളം നിയോജക മണ്ഡലത്തിലായിരുന്നു കണ്‍വെന്‍ഷന്‍ നടന്നത്. ഇത് കഴിഞ്ഞ് രണ്ട് ദിവസത്തിന് ശേഷമാണ് ജാവദേക്കറിനെ രാജേന്ദ്രന്‍ കാണുന്നത്.

സിപിഎം അംഗത്വം പുതുക്കുമെന്നും എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിക്ക് വേണ്ടി പ്രചാരണ രംഗത്ത് സജീവമാകുമെന്നും എസ് രാജേന്ദ്രന്‍ അറിയിച്ചിരുന്നു. ബിജെപി നേതാക്കള്‍ നേരത്തെ തന്നെ സമീപിച്ചിരുന്നുവെന്ന് എസ് രാജേന്ദ്രന്‍ വെളിപ്പെടുത്തിയിരുന്നു. ഇക്കാര്യം പാര്‍ട്ടി സെക്രട്ടറി എംവി ഗോവിന്ദനെ അറിയിച്ചതായും അദ്ദേഹം പറഞ്ഞിരുന്നു.
കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ ദേവികുളം മണ്ഡലത്തില്‍ സിപിഎം സ്ഥാനാര്‍ത്ഥിയായിരുന്ന എ രാജക്കെതിരെ പ്രവര്‍ത്തിച്ചു എന്ന പേരിലായിരുന്നു രാജേന്ദ്രനെ പാര്‍ട്ടിയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തത്. എന്നാല്‍ ഇത് കെട്ടിച്ചമച്ചതാണെന്നും, തന്നെ സംബന്ധിച്ച വിഷയങ്ങള്‍ സംസാരിച്ച് ഒത്തുതീര്‍പ്പിലെത്താന്‍ പാര്‍ട്ടിക്ക് സമയം ലഭിച്ചിരുന്നുവെന്നായിരുന്നു രാജേന്ദ്രന്‍ പ്രതികരിച്ചത്.
ചതിയന്‍മാരായ ആളുകളോടൊപ്പം പ്രവര്‍ത്തിക്കാന്‍ മനസ്സ് അനുവദിക്കുന്നില്ലെന്നും, അതുകൊണ്ടാണ് അംഗത്വം പുതുക്കാന്‍ താല്‍പര്യമില്ലാത്തതെന്നുമായിരുന്നു രാജേന്ദ്രന്‍ പറഞ്ഞത്.അതേസമയം ഇന്ന് ഉച്ചയ്ക്ക് ശേഷമായിരുന്നു ജാവദേക്കറുമായി കൂടിക്കാഴ്ച്ച നടന്നത്. തമിഴ്‌നാട്ടിലെ നേതാക്കളും അദ്ദേഹത്തിന് ഒപ്പമുണ്ടായിരുന്നു.
എസ് രാജേന്ദ്രന്‍ കൂടിക്കാഴ്ച്ചയ്ക്ക് ശേഷവും ഡല്‍ഹിയില്‍ തന്നെയാണ് ഉള്ളത്. കെ സുരേന്ദ്രന്‍ അടക്കമുള്ള സംസ്ഥാന നേതാക്കളും തലസ്ഥാന നഗരിയിലുണ്ട്. കൂടുതല്‍ ചര്‍ച്ചകള്‍ക്ക് ശേഷം ഇത് സംബന്ധിച്ച് തീരുമാനമുണ്ടാവും.
പ്രാദേശികമായ നേതൃസ്ഥാനം അടക്കം രാജേന്ദ്രന്‍ പാര്‍ട്ടിയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. മുതിര്‍ന്ന സിപിഎം നേതാവായ എംഎം മണിയും, ഇടുക്കി ജില്ലാ സെക്രട്ടറി സിവി വര്‍ഗീസും രാജേന്ദ്രന്റെ വീട്ടിലെത്തി ചര്‍ച്ച നടത്തിയിരുന്നു. ഇതിലാണ് നിബന്ധനകള്‍ രാജേന്ദ്രന്‍ മുന്നോട്ട് വെച്ചത്.












Click it and Unblock the Notifications