'ഗൂഢസംഘത്തെ നിയന്ത്രിക്കണം, ഈ അനുഭവം ഇതാദ്യം'; വികാരാധീനയായി ശൈലജ, ഷാഫിക്കെതിരെ പരാതി
കോഴിക്കോട്: യുഡിഎഫും അവരുടെ സൈബര്‍ സംഘങ്ങളും തനിക്കെതിരെ അപവാദവും ദുഷ്പ്രചരണവും നടത്തുന്നു എന്ന ആരോപണവുമായി വടകര ലോക്‌സഭാ മണ്ഡലം എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥി കെ കെ ശൈലജ. യുഡിഎഫ് സ്ഥാനാര്‍ത്ഥി ഷാഫി പറമ്പിലും അവരുടെ മീഡിയ വിഭാഗവുമാണ് ഇതിന് പിന്നില്‍ എന്നും ശൈലജ പറഞ്ഞു. വാര്‍ത്താസമ്മേളനത്തിലാണ് ശൈലജയുടെ ആരോപണം.
തനിക്കെതിരെ വ്യാജ വീഡിയോ ക്ലിപ്പുകള്‍ ഉണ്ടാക്കുകയാണ് എന്നും അതിനായി യുഡിഎഫിന്റെ പ്രത്യേക വിഭാഗം തന്നെ പ്രവര്‍ത്തിക്കുന്നുണ്ട് എന്നും ശൈലജ പറഞ്ഞു. 'എന്റെ വടകര KL 11' എന്ന ഇന്‍സ്റ്റഗ്രാം പേജിലൂടെയാണ് നിരന്തരം അശ്ലീല ചിത്രങ്ങള്‍ പ്രചരിപ്പിക്കുന്നത്. പാനൂര്‍ സ്‌ഫോടനക്കേസിലെ പ്രതി അമല്‍ കൃഷ്ണയുടെ കൂടെ നില്‍ക്കുന്ന ചിത്രം വ്യാജമായി നിര്‍മിച്ചതായിരുന്നു.

യഥാര്‍ത്ഥത്തില്‍ നൗഫല്‍ കൊട്ടിയത്ത് എന്ന കുട്ടിയുടെ ചിത്രമാണ് ഇത് എന്നും നൗഫല്‍ തന്നെ ഇതിനെതിരെ രംഗത്ത് വന്നുവെന്നും ശൈലജ ചൂണ്ടിക്കാട്ടി. കാന്തപുരത്തിന്റെ ലെറ്റര്‍ പാഡ് ഉപയോഗിച്ച് തനിക്കെതിരെ അപവാദ പ്രചാരണം നടത്തി എന്നും ലെറ്റര്‍ പാഡില്‍ ഇത് ടീച്ചറമ്മയല്ല ബോംബ് അമ്മ എന്ന പേരിലാണ് പ്രചരിപ്പിച്ചത് എന്നും അവര്‍ ആരോപിച്ചു. ഈ ഗൂഢസംഘത്തെ ആരെങ്കിലും നിയന്ത്രിക്കണം എന്നും ശൈലജ പറഞ്ഞു.
ഇതൊന്നും എതിര്‍ സ്ഥാനാര്‍ത്ഥി അറിയില്ലെന്നാണ് പറയുന്നത് എന്നും എന്നാല്‍ അദ്ദേഹത്തിന്റെ അറിവോടെ തന്നെയാണ് ദുഷ് പ്രചാരണം നടത്തുന്നത് എന്നും ശൈലജ കുറ്റപ്പെടുത്തി. ആദ്യമായല്ല തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത് എന്നും എന്നാല്‍ ഇത്തരത്തില്‍ വ്യക്തിഹത്യ നേരിടേണ്ടി വരുന്നത് ഇതാദ്യമായിട്ടാണ് എന്നും ശൈലജ പറഞ്ഞു. ഇങ്ങനെ പ്രവര്‍ത്തിച്ച് ജയിക്കാമെന്ന വ്യാമോഹം വേണ്ട എന്നും ശൈലജ ഓര്‍മപ്പെടുത്തി.
തന്റെ രാഷ്ട്രീയത്തിലോ പ്രവര്‍ത്തനത്തിലോ വിമര്‍ശനമുണ്ടെങ്കില്‍ അത് ചൂണ്ടിക്കാണിക്കാം എന്നും എന്നാല്‍ വോട്ടര്‍മാര്‍ ഇത്തരം അപവാദ പ്രചാരണത്തില്‍ വിശ്വസിക്കരുത് എന്നും ശൈലജ അഭ്യര്‍ത്ഥിച്ചു. അതേസമയം സൈബര്‍ ആക്രമണത്തിനെതിരെ െകെ ശൈലജ ഇന്ന് തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി. ഷാഫി പറമ്പിലിനെ എതിര്‍ കക്ഷിയാക്കിക്കൊണ്ടാണ് പരാതി നല്‍കിയത്.
ഷാഫി പറമ്പിലിന്റെ അറിവോടെയും സമ്മതത്തോടെയും പ്രോത്സാഹനത്തോടെയുമാണ് സൈബര്‍ ആക്രമണം നടത്തുന്നത് എന്നും യുഡിഎഫ് സ്ഥാനാര്‍ത്ഥി തിരഞ്ഞെടുപ്പ് ചട്ടം ലംഘിക്കുകയാണ് എന്നും ശൈലജ പറഞ്ഞു. പൊലീസിന് പരാതി നല്‍കിയിട്ടും നടപടിയില്ല. സൈബര്‍ ആക്രമണം നടത്തുന്ന അക്കൗണ്ടുകളെ കുറിച്ച് കൃത്യമായ വിവരമക്കം നല്‍കിയാണ് ശൈലജ പരാതി നല്‍കിയിരിക്കുന്നത്.












Click it and Unblock the Notifications