വെള്ളിയാഴ്ച്ച വോട്ടെടുപ്പ് നടക്കുന്നത് വിശ്വാസികള്‍ക്ക് അസൗകര്യമാകുമെന്ന് മുസ്ലീം ലീഗ്
കോഴിക്കോട്: കേരളത്തില്‍ ലോക്‌സഭാ തെരഞ്ഞെടുപ്പ് വെള്ളിയാഴ്ച്ച നടത്തുന്നതിനെതിരെ മുസ്ലീം ലീഗ്. ഇത് വിശ്വാസകള്‍ക്ക് അസൗകര്യമാകുമെന്ന് മുസ്ലീം ലീഗ് ജനറല്‍ സെക്രട്ടറി പിഎംഎ സാലം പറഞ്ഞു. നേരത്തെ ഏപ്രില്‍ 26 വെള്ളിയാഴ്ച്ച കേരളത്തില്‍ വോട്ടെടുപ്പ് നടക്കുമെന്ന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രഖ്യാപിച്ചിരുന്നു.
രണ്ടാം ഘട്ടത്തിലാണ് കേരളത്തില്‍ വോട്ടെടുപ്പ് നടക്കുന്നത്. വെള്ളിയാഴ്ച്ച വോട്ടെടുപ്പ് പ്രഖ്യാപിച്ച നടപടി വോട്ടര്‍മാര്‍ക്കും തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് നിയോഗിക്കപ്പെട്ട ഉദ്യോഗസ്ഥരും പോളിംഗ് ഏജന്റുമാരായ വിശ്വാസികള്‍ക്ക് അസൗകര്യം സൃഷ്ടിക്കുമെന്നും സലാം പറഞ്ഞു.

വെള്ളിയാഴ്ച്ച ഇസ്ലാം മത വിശ്വാസികള്‍ പള്ളികളില്‍ ഒത്തുചേരുന്ന ജുമുഅ ദിവസമാണ്. കേരളത്തിലും തമിഴ്‌നാട്ടിലുമെല്ലാം ഈ ദിവസം തന്നെ വോട്ടെടുപ്പിന് തിരഞ്ഞെടുത്തത് പ്രയാസം സൃഷ്ടിക്കും. ഇക്കാര്യം തിരഞ്ഞെടുപ്പ് കമ്മീഷന്റെ ശ്രദ്ധയില്‍പ്പെടുത്തുമെന്നും സലാം വ്യക്തമാക്കി. കമ്മീഷന്‍ ഇക്കാര്യത്തില്‍ പുനര്‍വിചിന്തനം നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
വെള്ളിയാഴ്ച്ച പോളിംഗ് നടക്കുന്നത് പാര്‍ട്ടി പ്രവര്‍ത്തകരും ബൂത്തിലും പുറത്തും ചെലവഴിക്കേണ്ട സ്ഥാനാര്‍ത്ഥികളും ഈ സമയം അസൗകര്യം അനുഭവിക്കേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം രാജ്യത്ത് ഏഴ് ഘട്ടമായിട്ടാണ് ലോക്‌സഭാ തിരഞ്ഞെടുപ്പ് നടക്കുന്നത്. തിരഞ്ഞെടുപ്പ് കമ്മീഷന്‍ വാര്‍ത്താ സമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്.
അതേസമയം സമസ്തും ഇക്കാര്യത്തില് പ്രതികരിച്ചിട്ടുണ്ട്. ഏപ്രിൽ 26ന് നടത്താൻ നിശ്ചയിച്ച ലോക്സഭ തെരഞ്ഞെടുപ്പ് മറ്റൊരു ദിവസത്തേക്ക് മാറ്റി നിശ്ചയിക്കണമെന്ന് സമസ്ത കേരള ജം ഇ യ്യത്തുൽ ഉലമ പ്രസിഡണ്ട് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങളും ജനറൽ സെക്രട്ടറി പ്രൊ. കെ. ആലിക്കുട്ടി മുസ്‌ലിയാരും കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെട്ടു.
വെള്ളിയാഴ്ച ഉച്ചക്ക് മുസ്ലിം സമുദായത്തിന് ഏറെ പുണ്യമുള്ള ജുമുഅ :നിസ്കാരം നിർവ്വഹിക്കേണ്ട ദിവസമാണ്. ഒരു പ്രദേശത്തെ മുഴുവൻ ജനങ്ങളും സംഘം ചേർന്ന് നിർവ്വഹിക്കേണ്ട ആരാധനയാണ് ജുമുഅ: നിസ്കാരം.
വോട്ടർമാർക്കും ഡ്യുട്ടിക്ക് നിയോഗിക്കപ്പെട്ട ഉദ്യോഗസ്ഥർക്കും വെള്ളിയാഴ്ചയിലെ വോട്ടെടുപ്പ് ഏറെ പ്രയാസങ്ങൾ സൃഷ്ടിക്കും എന്ന് മാത്രമല്ല പോളിങ്ങനെയും ഇത് സാരമായി ബാധിക്കും. തെരഞ്ഞെടുപ്പ് കമ്മീഷൻ അടിയന്തിരമായും വിഷയത്തിൽ ഇട പെടണമെന്ന് ഇരുവരും അഭ്യർത്ഥിച്ചു. ഇത് സംബന്ധമായി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് ഇ മെയിൽ സന്ദേശം അയച്ചിട്ടുണ്ടെന്നും സമസ്ത നേതാക്കള്‍ പറഞ്ഞു.












Click it and Unblock the Notifications