'വനിതകള്‍ക്ക് കൂടുതല്‍ സീറ്റ് അനുവദിക്കാത്തതില്‍ ഞങ്ങള്‍ക്കും വിഷമം'; ഷമയോട് സംസാരിച്ചെന്ന് സതീശന്‍
തിരുവനന്തപുരം: കേരളത്തിലെ യു ഡി എഫ് സ്ഥാനാര്‍ത്ഥി പട്ടികയില്‍ വനിതാ പ്രാതിനിധ്യം കുറവാണ് എന്ന എ ഐ സി സി വക്താവ് ഷമ മുഹമ്മദിന്റെ വിമര്‍ശനത്തില്‍ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ വനിതകള്‍ക്കു പ്രാതിനിധ്യം കുറവാണ് എന്നത് സമ്മതിക്കുന്നു എന്ന് സതീശന്‍ പറഞ്ഞു. ഷമയുമായി സംസാരിച്ചിരുന്നു എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
'വനിതകള്‍ക്ക് കൂടുതല്‍ സീറ്റ് അനുവദിക്കാന്‍ സാധിക്കാത്തതില്‍ ഞങ്ങള്‍ക്ക് വിഷമം ഉണ്ട്. വനിതകള്‍ക്ക് പ്രാതിനിധ്യം കൊടുത്തില്ലെന്നു ഷമ പറഞ്ഞത് സത്യമാണ്. സിറ്റിംഗ് എം പിമാര്‍ വന്നപ്പോള്‍ പ്രായോഗികമായി വനിതകള്‍ക്ക് സീറ്റ് കൊടുക്കാന്‍ പറ്റിയില്ല,' സതീശന്‍ പറഞ്ഞു. എന്നാല്‍ ആദ്യത്തെ രാജ്യസഭാ സീറ്റ് വന്നപ്പോള്‍ വനിതക്കായിരുന്നു കൊടുത്തിരുന്നത് എന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

ഇനിയൊരു അവസരം വരുമ്പോള്‍ തീര്‍ച്ചയായും ഇക്കാര്യം പരിഹരിക്കും എന്നും സതീശന്‍ പറഞ്ഞു. വനിതകളെ വേണ്ട വിധത്തില്‍ പരിഗണിക്കാന്‍ പറ്റാത്തതില്‍ നേതൃത്വത്തിന് കുറ്റബോധമുണ്ട് എന്നും അദ്ദേഹം വ്യക്തമാക്കി. ഷമ മുഹമ്മദ് പാവം കുട്ടിയാണ് എന്നും താന്‍ അവരോട് സംസാരിച്ചപ്പോള്‍ പാര്‍ട്ടിയുമായി പൂര്‍ണ്ണമായും സഹകരിച്ച് മുന്നോട്ട് പോകുമെന്നാണ് ഉറപ്പ് നല്‍കിയിരിക്കുന്നത് എന്നും അദ്ദേഹം വിശദീകരിച്ചു.
കെ പി സി സി പ്രസിഡന്റ് ഷമയുടെ വിമര്‍ശനത്തോട് പ്രതികരിച്ചത് മോശം ഉദ്ദേശത്തിലല്ല എന്നും കോണ്‍ഗ്രസിനെതിരെ ഒരു കാര്യവും പരസ്യമായി പറയില്ലെന്ന് ഷമ പറഞ്ഞിട്ടുണ്ട് എന്നും സതീശന്‍ പറഞ്ഞു. കോണ്‍ഗ്രസിന് വേണ്ടി പ്രവര്‍ത്തിക്കാന്‍ കേരളത്തില്‍ കൂടുതല്‍ സമയം ചെലവഴിക്കുമെന്നും ഷമ പറഞ്ഞിട്ടുണ്ട് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നേരത്തെ ഷമ മുഹമ്മദ് പാര്‍ട്ടിയുടെ ആരുമല്ലെന്നായിരുന്നു കെ പി സി സി പ്രസിഡന്റ് സുധാകരന്‍ പ്രതികരിച്ചിരുന്നത്.
ഷമയുടെ വിമര്‍ശനത്തെ കുറിച്ച് ചോദിച്ചപ്പോള്‍ അത് അവരോടു തന്നെ ചോദിച്ചാല്‍ മതിയെന്നായിരുന്നു സുധാകരന്‍ പറഞ്ഞത്. ഇതോടെ ഫേസ്ബുക്കില്‍ മൈ ഐഡി എന്ന അടിക്കുറിപ്പോടെ എ ഐ സി സി വക്താവ് എന്നുള്ള ചിത്രം ഷമ പങ്കുവെക്കുകയും ചെയ്തിരുന്നു. ദേശീയ ചാനലുകളിലും മലയാളം ചാനലുകളിലും കോണ്‍ഗ്രസിനെ പ്രതിനിധീകരിച്ച് നിരവധി തവണ ചര്‍ച്ചകളില്‍ പങ്കെടുത്തിട്ടുള്ള ആളാണ് ഷമ മുഹമ്മദ്.
നേരത്തെ സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ രാഹുല്‍ ഗാന്ധിയുടെ വാക്കുകള്‍ പാലിച്ചില്ലെന്ന് ഷമ മുഹമ്മദ് വിമര്‍ശിച്ചിരുന്നു. കേരളത്തില്‍ 51% സ്ത്രീകളാണ് എന്നും മറ്റു പാര്‍ട്ടികളില്‍ സ്ത്രീ സ്ഥാനാര്‍ത്ഥികള്‍ അധികമുണ്ട് എന്നും ഷമ ചൂണ്ടിക്കാട്ടിയിരുന്നു. കോണ്‍ഗ്രസില്‍ സ്ത്രീകള്‍ക്ക് പ്രാധാന്യം കൊടുക്കാത്തത് എന്തുകൊണ്ടാണ് എന്നും ഷമ ചോദിച്ചിരുന്നു.












Click it and Unblock the Notifications