പത്തനംതിട്ടയിലേക്ക് അനിലിനെതിരെ പ്രചരണത്തിന് പോകുമോ? ആന്റണിയുടെ മറുപടി ഇങ്ങനെ
തിരുവനന്തപുരം: മാസങ്ങള്‍ക്ക് മുന്‍പാണ് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ മുഖ്യമന്ത്രിയുമായ എ കെ ആന്റണിയുടെ മകന്‍ അനില്‍ ആന്റണി പാര്‍ട്ടി വിട്ട് ബി ജെ പിയില്‍ ചേര്‍ന്നത്. ഇത് കേരളത്തിലെ കോണ്‍ഗ്രസിനും വിശിഷ്യ ആന്റണിക്കും വലിയ തിരിച്ചടിയായിരുന്നു. ബി ജെ പിയില്‍ ചേര്‍ന്ന മകനെ ആന്റണി തള്ളിപ്പറഞ്ഞെങ്കിലും ഭാര്യ ആലീസിന്റെ പരാമര്‍ശം വീണ്ടും വിവാദത്തിലായി.
അതിനിടയിലാണ് ബി ജെ പി അനില്‍ ആന്റണിയെ വരാനിരിക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പത്തനംതിട്ടയില്‍ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചത്. ഇതോടെ അനില്‍ ആന്റണിക്കെതിരെ പ്രചരണത്തിന് ആന്റണിയെ തന്നെ രംഗത്തിറക്കുമെന്ന് കോണ്‍ഗ്രസ് വൃത്തങ്ങള്‍ സൂചിപ്പിച്ചിരുന്നു. ഇപ്പോഴിതാ അനില്‍ കെ ആന്റണിക്കെതിരെ പത്തനംതിട്ടയില്‍ കോണ്‍ഗ്രസിന് വേണ്ടി പ്രചരണത്തില്‍ പോകുമോ എന്ന ചോദ്യത്തിന് പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് ആന്റണി.

പത്തനംതിട്ടയില്‍ പ്രചരണത്തിന് പോകുന്നത് ആരോഗ്യസ്ഥിതി പോലെയിരിക്കും എന്നാണ് ആന്റണി പറഞ്ഞത്. വരാനിരിക്കുന്നത് ഒരു ഡു ഓര്‍ ഡൈ തിരഞ്ഞെടുപ്പാണ് എന്നും കെ പി സി സി തീരുമാനിക്കുന്ന പട്ടിക അനുസരിച്ച് പ്രചാരണം നടത്തും എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ താന്‍ തിരുവനന്തപുരം കേന്ദ്രീകരിച്ചാണ് പ്രവര്‍ത്തിച്ചത് എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
'ആരോഗ്യം അനുവദിക്കുന്നത് പോലെ തിരുവനന്തപുരത്തെ എല്ലായിടത്തും പ്രചാരണത്തിന് എത്തും. ഭരണഘടന സംരക്ഷിക്കാന്‍ നരേന്ദ്ര മോദിയെ അധികാരത്തില്‍ നിന്ന് താഴെയിറക്കേണ്ടത് അനിവാര്യമാണ്. ഇന്ത്യ മുന്നണി അധികാരത്തില്‍ വന്നാല്‍ സിഎഎ പിന്‍വലിക്കും. രാഹുല്‍ ഗാന്ധിയും പ്രിയങ്കാ ഗാന്ധിയും ഇക്കാര്യം പലവട്ടം പറഞ്ഞ് കഴിഞ്ഞതാണ്,' ആന്റണി കൂട്ടിച്ചേര്‍ത്തു.
ഒരിക്കല്‍ കൂടി ബി ജെ പി അധികാരത്തില്‍ വന്നാല്‍ പലതും സംഭവിക്കാം എന്നും എന്നാല്‍ എന്ത് വന്നാലും കേന്ദ്രത്തില്‍ മോദി സര്‍ക്കാരിന് ഭരണ തുടര്‍ച്ച ഉണ്ടാവുക സാധ്യമല്ല എന്നും അദ്ദേഹം പറഞ്ഞു. ഈ ലോക്സഭാ തിരഞ്ഞെടുപ്പില്‍ മോദി സര്‍ക്കാരിന് അന്ത്യം കുറിക്കുമെന്നും ആന്റണി പ്രത്യാശ പ്രകടിപ്പിച്ചു. കോണ്‍ഗ്രസിന്റെ കേരളത്തിലെ താരപ്രചാരകരില്‍ ഒരാളായ ആന്റണിക്ക് ആരോഗ്യ അവശതകള്‍ അലട്ടുന്നുണ്ട്.
എങ്കിലും അദ്ദേഹം പൊതുവേദികളില്‍ ഇടക്ക് പ്രത്യക്ഷപ്പെടാറുണ്ട്. അതേസമയം പത്തനംതിട്ടയില്‍ സിറ്റിംഗ് എം പി ആന്റോ ആന്റണിയാണ് യു ഡി എഫ് സ്ഥാനാര്‍ത്ഥി. എല്‍ ഡി എഫിനായി മത്സരിക്കുന്നത് മുന്‍ മന്ത്രിയും മുതിര്‍ന്ന സി പി എം നേതാവുമായ തോമസ് ഐസകാണ്.












Click it and Unblock the Notifications