ഏപ്രില്‍ 26 നിർണ്ണായക ദിനം; മോദി ഹാട്രിക് വിജയം നേടുമ്പോള്‍ കേരളവും പങ്കാളികളാകും: കെ സുരേന്ദ്രന്‍
കോഴിക്കോട്: ലോക്സഭാ തിരഞ്ഞെടുപ്പിൽ കേരളത്തിലും എൻ ഡി എ മികച്ച മുന്നേറ്റം നടത്തുമെന്ന് ബി ജെ പി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. ഏപ്രിൽ 26 കേരളത്തിലെ ജനങ്ങളെ സംബന്ധിച്ചിടത്തോളം നിർണായക ദിവസമാണ്. കാലഹരണപ്പെട്ട യു ഡി എഫ്- എൽ ഡി എഫ് മുന്നണികളെ മലയാളികൾ പുറംതള്ളുക തന്നെ ചെയ്യും. നരേന്ദ്ര മോദി ഹാട്രിക് വിജയം നേടുമ്പോൾ കേന്ദ്രഭരണത്തിൽ കേരളവും പങ്കാളികളാവുമെന്നും കെ സുരേന്ദ്രന്‍ പറഞ്ഞു.
ബി ജെ പിയുടെ സ്ഥാനാർത്ഥികൾ മികച്ചവരാണെന്ന് എൽ ഡി എഫ് കൺവീനർ ഇ പി ജയരാജൻ തന്നെ സമ്മതിച്ചിരിക്കുകയാണ്. മോദിയുടെ ഗ്യാരണ്ടിയാണ് ഇത്തവണ കേരളത്തിലെ ചർച്ചാ വിഷയം. കേന്ദ്രസർക്കാരിൻ്റെ വികസന പ്രവർത്തനങ്ങൾക്കുള്ള അംഗീകാരമായിരിക്കും ഈ ജനവിധി. സി എ എയുടെ പേരിൽ എൽ ഡി എഫ് സർക്കാർ ജനങ്ങളെ ഭിന്നിപ്പിക്കാൻ ശ്രമിക്കുന്നത് ഭരണവിരുദ്ധ വികാരം മറച്ചുവെക്കാനാണ്.

കേരളം കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ നട്ടംതിരിയുമ്പോഴാണ് സി എ എക്കെതിരെ സംസ്ഥാന സർക്കാർ സുപ്രീംകോടതിയിൽ പോകുന്നത്. ശബളവും പെൻഷനും ക്ഷേമപെൻഷനുമൊന്നും കൊടുക്കാൻ ഗതിയില്ലാത്ത സർക്കാർ മതപ്രീണനത്തിന് വേണ്ടി കോടികൾ പൊടിക്കുകയാണ്. യു ഡി എഫും ഇതിന് പിന്തുണ കൊടുക്കുകയാണ്. എല്‍ ഡി എഫ് - യു ഡി എഫ് മുന്നണികളുടെ വർഗീയ നിലപാടിനെതിരായ വിധിയെഴുത്താവും കേരളത്തിൽ നടക്കുകയെന്നും കെ.സുരേന്ദ്രൻ പറഞ്ഞു.
അതേസമയം തന്റെ പ്രസ്താവന മാധ്യമങ്ങള്‍ വളച്ചൊടിക്കുകയായിരുന്നുവെന്ന് ഇപി ജയരാജന്‍ പറഞ്ഞു. ഏതെങ്കിലും മാധ്യമം അവരുടെ വായിൽ എഴുതിവച്ചത് തൻ്റെ വായിൽ തിരുകേണ്ടതില്ല. ബി ജെ പി യെ കേന്ദ്രത്തിലും കേരളത്തിലും തോല്‍പ്പിക്കണമെന്നാണ് ഞാന്‍ പറഞ്ഞത്. പോളിറ്റ്ബ്യൂറോ അംഗമായ പിണറായി വിജയൻ കാര്യങ്ങള്‍ വ്യക്തമാക്കിയിട്ടുണ്ട്. അതുതന്നെയാണ് നിലപാടെന്നും ഇപി ജയരാജൻ പറഞ്ഞു.
സിപിഐ എം നടത്തിയ നിയമ പോരാട്ടത്തിൻ്റെ വിജയമാണ് ഇലക്ട്രല്‍ ബോണ്ട് കേസില്‍ നടന്നതെന്നും എല്‍ ഡി എഫ് കണ്‍വീനർ പറഞ്ഞു. പട്ടിക പുറത്ത് വിട്ടെങ്കിലും ആര് ആരിൽ നിന്ന് എന്ന് പറയുന്നില്ല. എസ് ബി ഐ ബോധപൂർവമായി അത് മറച്ച് വെച്ചിരിക്കുകയാണ്. ഇത് സുപ്രീം കോടതി വിധിയുടെ അന്തസത്തക്ക് നിരക്കുന്നതല്ല. പാതി മാത്രം വെളിപ്പെടുത്തി പരമോന്നത നീതിപീoത്തെ കബളിപ്പിക്കാനാണ് ശ്രമിച്ചത്.
ഇന്നലെ സുപ്രീം കോടതി വീണ്ടും ഇടപെട്ടതിലൂടെ കേന്ദ്ര സർക്കാറിൻ്റെയും എസ്ബിഐയുെടെയും കള്ളക്കളിയാണ് തുറന്ന് കാട്ടപ്പെട്ടത്. ആര് ആർക്കാണ് കോഴ കൊടുത്തതെന്ന് വ്യക്തമാക്കാൻ കോഡ് കൂടി വെളിപ്പെടുത്താൻ കോടതി ആവശ്യപ്പെട്ടിരിക്കുകയാണ്. ഇതിന് പുറമെ 13 മാസത്തെ വിവരം എസ്ബിഐ പുറത്തു വിടാനുമുണ്ട്. ഇതെല്ലാം പുറത്ത് വരുന്നതോടെ മാത്രമെ ചിത്രം പൂർണ്ണമാകൂ.അതേ സമയം, വെളിപ്പെടുത്തിയ പാതി വിവരങ്ങൾ പോലും ഞെട്ടിക്കുന്നതുമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.












Click it and Unblock the Notifications