കേരളത്തെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി പടിയിറക്കം; ബെഹ്‌റ നാളെ വിരമിക്കും, ആരായിരുന്നു ലോക്‌നാഥ് ബെഹ്‌റ
തിരുവനന്തപുരം: രണ്ട് ഘട്ടങ്ങളില്‍ അഞ്ച് വര്‍ഷത്തോളം കേരളത്തിന്റെ പൊലീസ് മേധാവിയായിരുന്ന ലോക്‌നാഥ് ബെഹ്‌റ ബുധനാഴ്ച സര്‍വീസില്‍ നിന്ന് വിരമിക്കുകയാണ്. കേരളം ഐസിസ് തീവ്രവാദികളുടെ റിക്രൂട്ടിംഗ് താവളമാണെന്ന് വെളിപ്പെടുത്തല്‍ നടത്തിയാണ് ബെഹ്‌റ കേരളത്തിന്റെ പൊലീസ് മേധാവി സ്ഥാനം ഒഴിയുന്നത്.
Recommended Video
കൂടാതെ താന്‍ ഡിജിപിയായിരുന്ന കാലത്ത് കേരളത്തില്‍ നടന്ന മാവോയിസ്റ്റ് വേട്ടയില്‍ ഖേദമില്ലെന്നും പറഞ്ഞാണ് അദ്ദേഹത്തിന്റെ പടിയിറക്കം. മാവോയിസ്റ്റ് വേട്ടയില്‍ പൊലീസ് ചെയ്തത് കര്‍ത്തവ്യമാണെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

കൂടാതെ കേരളം ഭീകര സംഘടനകളുടെ റിക്രൂട്ടിംഗ് താവളമാണെന്ന് വിശേഷിപ്പിച്ച ബെഹ്‌റ മലയാളികളുടെ ഭീകര ബന്ധം ആശങ്കയുളവാക്കുന്നതാണെന്നും വ്യക്തമാക്കി. വ്യക്തികളെ ഭീകര സംഘങ്ങള്‍ വലയിലാക്കുന്നത് തടയാന്‍ പൊലീസ് പല ശ്രമങ്ങള്‍ നടക്കുന്നുണ്ടെന്നും ഇപ്പോള്‍ ഇതിനെ കുറിച്ച് വെളിപ്പെടുത്താനാവില്ലെന്നും പറയുന്നു. ഡിജിപി പദവിയിലുള്ള സംസ്ഥാന പോലീസ് മേധാവി, വിജിലന്‍സ് ഡയറക്ടര്‍, ജയില്‍ മേധാവി, ഫയര്‍ഫോഴ്‌സ് മേധാവി എന്നീ നാലു തസ്തികകളിലും ജോലി ചെയ്ത ഏക വ്യക്തിയും അദ്ദേഹമാണ്.

1961 ജൂണ്‍ 17 ന് ഒഡീഷയിലെ ബെറംപൂരിലാണ് അദ്ദേഹം ജനിച്ചത്. ഉത്കല്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് 1984 ല്‍ ജിയോളജിയില്‍ ബിരുദാനന്തര ബിരുദം നേടി. 1985 ബാച്ചില്‍ ഇന്ത്യന്‍ പോലീസ് സര്‍വ്വീസില്‍ കേരള കേഡറില്‍ പ്രവേശിച്ചു. നാഷണല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഏജന്‍സി (എന്‍.ഐ.എ)യില്‍ അഞ്ച് വര്‍ഷവും സെന്‍ട്രല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷനില്‍ (സി.ബി.ഐ) 11 വര്‍ഷവും പ്രവര്‍ത്തിച്ചു. 1995 മുതല്‍ 2005 വരെ എസ്.പി, ഡി.ഐ.ജി റാങ്കുകളിലാണ് സി.ബി.ഐയില്‍ ജോലി ചെയ്തത്. സുപ്രീം കോടതിയുടെ പ്രത്യേക ഉത്തരവ് അനുസരിച്ചാണ് അദ്ദേഹത്തിന് സി.ബി.ഐയില്‍ നിന്ന് വിടുതല്‍ നല്‍കിയത്.

രാജ്യശ്രദ്ധ നേടിയ കൊലപാതകങ്ങള്‍, തട്ടിക്കൊണ്ടുപോകല്‍, കലാപം, ഭീകരവാദം തുടങ്ങി വിവിധ കേസുകളില്‍ അന്വേഷണ ഉദ്യോഗസ്ഥനായി പ്രവര്‍ത്തിച്ചു. ശാസ്ത്രീയ കുറ്റാന്വേഷണ രീതികള്‍ ഉപയോഗിച്ച് അന്വേഷണം നടത്തുന്നതില്‍ വിദഗ്ദ്ധനാണ്. 27 വിദേശരാജ്യങ്ങള്‍ സന്ദര്‍ശിച്ചു.

ഭീകരവിരുദ്ധ പ്രവര്‍ത്തനങ്ങളും ബന്ധപ്പെട്ട കുറ്റകൃത്യങ്ങളും അന്വേഷിക്കുന്നതിനായി 2009 ല്‍ നാഷണല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഏജന്‍സി (എന്‍.ഐ.എ) നിലവില്‍ വന്ന വര്‍ഷം തന്നെ എന്‍.ഐ.എ യില്‍ ചേര്‍ന്നു. ഏജന്‍സിയുടെ പ്രവര്‍ത്തനരീതിയും അന്വേഷണത്തില്‍ പാലിക്കേണ്ട മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും സംബന്ധിച്ച നിമയമാവലിയുടെ കരട് രൂപം തയ്യാറാക്കുന്നതില്‍ പ്രധാന പങ്ക് വഹിച്ചിട്ടുണ്ട്.

ആലപ്പുഴയില്‍ എ.എസ്. പി ആയി ഔദ്യോഗിക ജീവിതം ആരംഭിച്ചു. കൊച്ചി സിറ്റി അസിസ്റ്റന്റ് കമ്മീഷണര്‍, കണ്ണൂര്‍ എസ്പി, കെഎപി നാലാം ബറ്റാലിയന്‍ കമാന്‍ഡന്റ്, കൊച്ചി പോലീസ് കമ്മീഷണര്‍, തിരുവനന്തപുരത്ത് നര്‍ക്കോട്ടിക് വിഭാഗം എസ്പി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു. സിബിഐയുടെ കൊല്‍ക്കത്ത ഓഫീസില്‍ സ്‌പെഷ്യല്‍ ക്രൈംബ്രാഞ്ച് എസ്.പി, ഡല്‍ഹി ഓഫീസില്‍ ക്രൈം റീജിയണ്‍ ഡിഐജി, കമ്പ്യൂട്ടറൈസേഷന്‍ വിഭാഗത്തില്‍ ചീഫ് കോര്‍ഡിനേറ്റര്‍, നാഷണല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഏജന്‍സി ഐജി, ബ്യൂറോ ഓഫ് പോലീസ് റിസര്‍ച്ച് ആന്‍ഡ് ഡെവലപ്‌മെന്റ് ഐജി എന്നീ നിലകളില്‍ കേന്ദ്ര ഡെപ്യൂട്ടേഷനില്‍ പ്രവര്‍ത്തിച്ചശേഷം കേരളത്തില്‍ മടങ്ങിയെത്തി.

തുടര്‍ന്ന് പൊലീസ് ആസ്ഥാനത്തെ ഐ.ജി, എ.ഡി.ജി.പി, ആധുനികവല്‍ക്കരണവിഭാഗം എ.ഡി.ജി.പി, ജയില്‍ ഡി.ജി.പി, ഫയര്‍ഫോഴ്‌സ് മേധാവി, വിജിലന്‍സ് ഡയറക്ടര്‍ എന്നീ നിലകളില്‍ ജോലി നോക്കി. 2016 ജൂണ്‍ 1 മുതല്‍ 2017 മെയ് 6 വരെയും 2017 ജൂണ്‍ 30 മുതല്‍ 2021 ജൂണ്‍ 30 വരെയുമാണ് സംസ്ഥാന പോലീസ് മേധാവിയായി പ്രവര്‍ത്തിച്ചത്.












Click it and Unblock the Notifications