'ലൗ ജിഹാദ് അസംബന്ധം', ഇത്തരക്കാരുടെ അസുഖം വേറെയാണെന്ന് കെടി ജലീൽ
കോഴിക്കോട്: കോഴഞ്ചേരി ലൗ ജിഹാദ് വിവാദത്തിൽ പ്രതികരണവുമായി മുൻ മന്ത്രി കെടി ജലീൽ. ലൗ ജിഹാദ് അസംബന്ധമാണെന്ന് കെടി ജലീൽ അഭിപ്രായപ്പെട്ടു. ഡിവൈഎഫ്ഐ നേതാവ് ഷെജിൻ മിശ്രവിവാഹിതനായ സംഭവത്തിന്റെ പശ്ചാത്തലത്തിൽ സിപിഎം നേതാവ് ജോർജ് എം തോമസ് കേരളത്തിൽ ലൗ ജിഹാദ് ഉണ്ടെന്ന് ആരോപിച്ചിരുന്നു. എന്നാൽ സിപിഎം നേതൃത്വവും ഡിവൈഎഫ്ഐയും ജോർജ് എം തോമസിന്റെ വാദം തള്ളി രംഗത്ത് എത്തി.
രണ്ട് വ്യക്തികൾ തമ്മിലുള്ള വിവാഹ തീരുമാനത്തെ അഖിലലോക പ്രശ്നമാക്കി അവതരിപ്പിക്കുന്ന ശൈലി ഒരു പരിഷ്കൃത സമൂഹത്തിന് യോജിച്ചതല്ലെന്ന് കെടി ജലീൽ പ്രതികരിച്ചു. ജിഹാദ് ഒരു നിർമ്മിത കള്ളമാണെന്നും സെക്കുലർ വിവാഹങ്ങളെ പ്രോത്സാഹിപ്പിക്കും എന്നുമുളള ഡിവൈഎഫ്ഐ നിലപാടിനെ കെടി ജലീൽ അഭിനന്ദിച്ചു.
കെടി ജലീലിന്റെ പ്രതികരണം: ലൗ ജിഹാദ് അസംബന്ധം. മൈത്രിയുടെ വാഹകരായിരുന്ന പുരോഹിതൻമാർക്കിത് എന്തുപറ്റി? നാട്ടിലെ ആവേശ കമ്മിറ്റിക്കാർ പറയുന്നത്, മുൻപിൻ നോക്കാതെ എടുത്തുചാടി ഏറ്റെടുത്ത് സമൂഹത്തിൽ കുഴപ്പമുണ്ടാക്കാൻ ആരുശ്രമിച്ചാലും അത്യന്തം ദൗർഭാഗ്യകരമാണ്. രണ്ട് പ്രായപൂർത്തിയായ സ്ത്രീക്കും പുരുഷനും സ്വഇഷ്ട പ്രകാരം വിവാഹം കഴിക്കാൻ ഇന്ത്യൻ ഭരണഘടന അനുവാദം നൽകുന്നുണ്ട്. എട്ടും പൊട്ടും തിരിയാത്ത പെൺകുട്ടിയല്ല ജോയ്സ്ന. ഷെജിൻ ജോയ്സ്നയെ അവരുടെ സമ്മദമില്ലാതെ തട്ടിക്കൊണ്ടു പോയതായിരുന്നെങ്കിൽ പോലീസ് സ്റ്റേഷൻ മാർച്ചിന് പ്രസക്തി ഉണ്ടായേനെ. അവനവൻ്റെ പല്ലിൽ കുത്തി മറ്റുള്ളവർക്ക് വാസനിക്കാൻ കൊടുക്കുന്നതിന് തുല്യമായിപ്പോയി തിരുവമ്പാടിയിൽ നടന്ന സംഭവങ്ങൾ.

രണ്ട് വ്യക്തികൾ തമ്മിലുള്ള വിവാഹ തീരുമാനത്തെ അഖിലലോക പ്രശ്നമാക്കി അവതരിപ്പിക്കുന്ന ശൈലി ഒരു പരിഷ്കൃത സമൂഹത്തിന് യോജിച്ചതല്ല. എത്രയോ മുസ്ലിം പെൺക്കുട്ടികൾ സഹോദര മതസ്ഥരായ പുരുഷൻമാരുമൊത്ത് സ്വന്തം ആഗ്രഹ പ്രകാരം വിവാഹത്തിലേർപ്പെട്ടിട്ടുണ്ട്. ആരെങ്കിലും എന്തെങ്കിലും പറഞ്ഞതായി കേട്ടിട്ടില്ല. അതൊക്കെ തീർത്തും വ്യക്തിപരമായ വിഷയമായാണ് ബന്ധപ്പെട്ടവർ കണ്ടത്.
അങ്ങിനെ പരിമിതപ്പെടുത്തി നിരീക്ഷിക്കേണ്ട പ്രശ്നമാണ് അനാവശ്യമായി പർവ്വതീകരിക്കപ്പെട്ടത്. ജനങ്ങൾക്കിടയിൽ നിലനിൽക്കുന്ന സൗഹൃദം തകർക്കാനുള്ള ആയുധമാക്കി ചില ക്ഷുദ്രജീവികൾ അതിനെ ഉപയോഗിച്ചു. ഇത്തരക്കാരുടെ അസുഖം വേറെയാണെന്ന് അരിയാഹാരം കഴിക്കുന്നവർക്കെല്ലാം മനസ്സിലാകും. ഷെജിൻ-ജോയ്സ്ന വിഷയത്തിൽ DYFI പുറത്തിറക്കിയ പത്രക്കുറിപ്പ് കേരളത്തിൻ്റെ മതനിരപേക്ഷ ബോധം പൂർണ്ണമായും പ്രതിഫലിപ്പിക്കുന്നതാണ്. അന്തരീക്ഷം കലുഷിതമാക്കാനുള്ള നീക്കത്തിന് സന്ദർഭോചിതം തടയിട്ട ഡിവൈഎഫ്ഐക്ക് ഹൃദയാഭിവാദ്യങ്ങൾ.


Click it and Unblock the Notifications