'ലോകവും ഇന്ത്യയും കേരളവും ഇളകി മറിഞ്ഞ 1970 കൾ സൃഷ്ടിച്ച എം എ ബേബി'; കുറിപ്പുമായി കെഎൻ ബാലഗോപാൽ
ലോകവും ഇന്ത്യയും കേരളവും ഇളകി മറിഞ്ഞ 1970 കൾ സൃഷ്ടിച്ച രാഷ്ട്രീയ നേതാവാണ് എംഎ ബേബിയെന്ന് മന്ത്രി കെഎൻ ബാലഗോപാൽ. എഴുപതുകളിൽ കോൺഗ്രസ് ഇന്ത്യയിൽ നടപ്പിലാക്കിയ അടിയന്തരാവസ്ഥയെ എതിർത്തതിന്റെ പേരിൽ അതിക്രൂരമായ മർദ്ദനങ്ങളും അടിച്ചമർത്തലുകളും ഏറ്റവും കൂടുതൽ നേരിടേണ്ടിവന്ന സമയത്ത് എസ്എഫ്ഐയുടെ സംസ്ഥാന പ്രസിഡന്റായിരുന്നു അദ്ദേഹം. രാജ്യത്തെ പൊരുതുന്ന ജനവിഭാഗങ്ങളുടെയും തൊഴിലാളികളുടെയും സമരമുഖങ്ങളിൽ സഖാവുണ്ടായിരുന്നു. ഇഎംഎസിന് ശേഷം കേരളത്തിൽനിന്ന് സിപിഎമ്മിന്റെ ജനറൽ സെക്രട്ടറിയാകുന്ന സഖാവ് എം എ ബേബിക്ക് ഇന്ത്യൻ ഇടതുപക്ഷത്തിന്റെ ശബ്ദവും നേതൃത്വവുമാകാൻ കഴിയുമെന്നുറപ്പാണെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു. പോസ്റ്റിന്റെ പൂർണരൂപം വായിക്കാം

'ലോകവും ഇന്ത്യയും കേരളവും ഇളകി മറിഞ്ഞ 1970 കൾ സൃഷ്ടിച്ച രാഷ്ട്രീയ നേതാവാണ് സഖാവ് എം എ ബേബി. 1960 കളോടുകൂടി ലോകമാകെ ശക്തി പ്രാപിച്ച വിദ്യാർത്ഥി പോരാട്ടങ്ങളും, വിയറ്റ്നാമും ക്യൂബയും ഉൾപ്പെടെയുള്ള രാജ്യങ്ങളിലുയർന്നുവന്ന സാമ്രാജ്യത്വ വിരുദ്ധ സമരങ്ങളും ഇന്ത്യയിലെ ക്യാമ്പസുകളെയും പിടിച്ചു കുലുക്കിയിരുന്നു. 1970 ൽ എസ്എഫ്ഐ രൂപീകരിക്കപ്പെടുന്നത് പ്രക്ഷുബ്ധമായ ഈ കാലത്താണ്. എഴുപതുകളിൽ കോൺഗ്രസ് ഇന്ത്യയിൽ നടപ്പിലാക്കിയ അടിയന്തരാവസ്ഥയെ എതിർത്തതിന്റെ പേരിൽ അതിക്രൂരമായ മർദ്ദനങ്ങളും അടിച്ചമർത്തലുകളും ഏറ്റവും കൂടുതൽ നേരിടേണ്ടിവന്ന സംഘടനകളിലൊന്ന് എസ്എഫ്ഐ ആയിരുന്നു. 1975 ൽ എസ്എഫ്ഐയുടെ സംസ്ഥാന പ്രസിഡണ്ട് ആയിരുന്ന സഖാവ് എം എ ബേബിയെ കോൺഗ്രസ് സർക്കാർ ജയിലിലടച്ചു. അതിക്രൂരമായ മർദ്ദനങ്ങൾക്ക് വിധേയനാക്കി.
1980 കളോടെ കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ് ) ന്റെ പ്രധാനപ്പെട്ട നേതാവായി അദ്ദേഹം ദേശീയ തലത്തിൽ തന്നെ അറിയപ്പെട്ടു. എസ്എഫ്ഐയുടെയും ഡിവൈഎഫ്ഐയുടെയും അഖിലേന്ത്യ പ്രസിഡന്റ്, 1986 മുതൽ രണ്ട് ടേം രാജ്യസഭാംഗം, സിപിഐഎം കേന്ദ്ര സെക്രട്ടറിയേറ്റ് അംഗം, പി ബി അംഗം, കേരള സംസ്ഥാന നിയമസഭയിൽ രണ്ട് ടേം എംഎൽഎ, സംസ്ഥാന വിദ്യാഭ്യാസ വകുപ്പ് മന്ത്രി എന്നീ ചുമതലകൾ എല്ലാം അദ്ദേഹം ശ്രദ്ധേയമായി നിർവഹിച്ചു.
സാംസ്കാരിക രംഗത്തും കലാരംഗത്തും സാഹിത്യരംഗത്തും ശ്രദ്ധേയമായ ഇടപെടലുകൾ അദ്ദേഹം നടത്തി. ഫിദൽ കാസ്ട്രോയും ഹ്യൂഗോ ഷാവേസും അടക്കമുള്ള ലോക നേതാക്കന്മാരുമായും നോം ചോംസ്കിയും അമർത്യാസെന്നും ഉൾപ്പെടെയുള്ള ബൗദ്ധിക വ്യക്തിത്വങ്ങളുമായും വളരെയടുത്ത ബന്ധം സഖാവ് ബേബിക്ക് ഉണ്ടായിരുന്നു. രാഷ്ട്രീയത്തിന്റെ മുഖ്യധാരയിലേക്ക് കലയെയും സാംസ്കാരികതയെയും ഇഴ ചേർക്കുന്നതിൽ എക്കാലവും അദ്ദേഹം ശ്രദ്ധാലുമായിരുന്നു. രാജ്യത്തെ പൊരുതുന്ന ജനവിഭാഗങ്ങളുടെയും തൊഴിലാളികളുടെയും സമരമുഖങ്ങളിൽ സഖാവുണ്ടായിരുന്നു.
കൊല്ലം പ്രാക്കുളത്ത് ജനിച്ച്, കൊല്ലം ശ്രീനാരായണ കോളേജിൽ നിന്ന് വിദ്യാർത്ഥി രാഷ്ട്രീയത്തിന്റെ മുഖ്യധാരയിലേക്ക് പ്രവേശിച്ച സഖാവ് എം എ ബേബി സിപിഐഎമ്മിന്റെ ജനറൽ സെക്രട്ടറി പദവിയിലേക്ക് എത്തുന്നത് ഏറെ അഭിമാനകരവും സന്തോഷകരവുമാണ്.
സഖാവ് ഇഎംഎസിന് ശേഷം കേരളത്തിൽനിന്ന് സിപിഐഎമ്മിന്റെ ജനറൽ സെക്രട്ടറിയാകുന്ന സഖാവ് എം എ ബേബിക്ക് ഇന്ത്യൻ ഇടതുപക്ഷത്തിന്റെ ശബ്ദവും നേതൃത്വവുമാകാൻ കഴിയുമെന്നുറപ്പാണ്.












Click it and Unblock the Notifications