'എല്ലാ വൃത്തികേടും പറഞ്ഞശേഷം വിളിക്കുന്നു', നടുറോഡിലെ മാധവ് സുരേഷിന്റെ 'ഷോ', പോർവിളിയും ബോണറ്റിൽ അടിയും
തിരുവനന്തപുരം: യൂടേണ്‍ എടുക്കാനായി വാഹനം മാറ്റുന്നതിന്റെ പേരില്‍ നടുറോഡില്‍ പോര്‍വിളിയുമായി കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ മകനും നടനുമായ മാധവ് സുരേഷ്. ഇന്നലെ രാത്രിയാണ് വെള്ളയമ്പലത്ത് വെച്ച് കോണ്‍ഗ്രസ് നേതാവ് വിനോദ് കൃഷ്ണയും മാധവ് സുരേഷും തമ്മില്‍ തര്‍ക്കമുണ്ടായത്. ഒടുവില്‍ പോലീസ് എത്തി ഇടപെട്ടാണ് പ്രശ്‌നം പരിഹരിച്ചത്.
ഇന്നലെ രാത്രി 11 മണിയോടെ ശാസ്തമംഗലത്തുളള വീട്ടില്‍ നിന്ന് വെള്ളയമ്പലം ഭാഗത്തേക്ക് കാറില്‍ പോകുകയായിരുന്നു മാധവ് സുരേഷ്. എതിര്‍ ഭാഗത്ത് നിന്ന് വന്ന കെപിസിസി അംഗം വിനോദ് കൃഷ്ണയുടെ വാഹനം യുടേണ്‍ എടുക്കാന്‍ ശ്രമിക്കുന്നതിനിടെ മാധവ് സുരേഷിന്റെ കാറുമായി നേര്‍ക്ക് നേര്‍ വരികയായിരുന്നു. എന്നാല്‍ കൂട്ടിയിടിച്ചില്ല.
വാഹനങ്ങള്‍ നടുറോഡില്‍ നിര്‍ത്തിയിട്ട് ഇരുവരും തമ്മില്‍ തര്‍ക്കമായി. കാറില്‍ നിന്ന് ഇറങ്ങി വന്ന മാധവ് സുരേഷ് ആരോപിച്ചത് വിനോദ് കൃഷ്ണ തന്റെ കാറിലടിച്ചു എന്നാണ്. പകരമായി മാധവ് വിനോദ് കൃഷ്ണയുടെ കാറിന്റെ ബോണറ്റില്‍ അടിച്ചു. പോലീസ് വരാതെ താന്‍ ഇവിടെ നിന്ന് പോകില്ലെന്നും മാധവ് പറഞ്ഞു. റോഡില്‍ 15 മിനുറ്റോളമാണ് ഇരുവരും തര്‍ക്കിച്ചത്. ഈ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.

തര്‍ക്കം മുറുകിയതോടെ വിനോദ് കൃഷ്ണ മ്യൂസിയം പോലീസിനെ വിവരം അറിയിക്കുകയായിരുന്നു. മാധവ് സുരേഷ് മദ്യപിച്ചിട്ടുണ്ടെന്ന് വിനോദ് കൃഷ്ണ ആരോപിച്ചു. തുടര്‍ന്ന് പോലീസ് മാധവിനെ ജീപ്പില്‍ കയറ്റി സ്റ്റേഷനിലേക്ക് കൊണ്ട് പോയി. ബ്രെത്ത് അനലൈസര്‍ വെച്ച് നടത്തിയ പരിശോധനയില്‍ മാധവ് സുരേഷ് മദ്യപിച്ചിട്ടില്ലെന്നാണ് കണ്ടെത്തിയത്.
തുടര്‍ന്ന് ജിഡി എന്‍ട്രിയില്‍ രേഖപ്പെടുത്തിയ ശേഷം ഇരുവരേയും പോലീസ് വിട്ടയച്ചു. പരാതി ഇല്ലെന്ന് മാധവ് സുരേഷും വിനോദ് കൃഷ്ണയും അറിയച്ചതായും പോലീസ് വ്യക്തമാക്കി. മാധവ് സുരേഷ് തന്നെ അസഭ്യം പറഞ്ഞതായി വിനോദ് കൃഷ്ണ ആരോപിച്ചു. മാധവ് സുരേഷിനെ കണ്ടപ്പോള്‍ ആളെ മനസ്സിലായിരുന്നു. കേന്ദ്ര മന്ത്രിയുടെ മകന്‍ ആയത് കൊണ്ട് റോഡില്‍ കിടന്ന് വഴക്കുണ്ടാക്കി പ്രശ്‌നം ആകേണ്ട എന്ന് കരുതി സംസാരിച്ചപ്പോള്‍ മാധവ് അത് കേള്‍ക്കാതെ മോശമായി സംസാരിക്കുകയായിരുന്നുവെന്നും വിനോദ് പറയുന്നു.
സംഭവം വിവാദമായതോടെ പ്രതികരിച്ച് മാധവ് സുരേഷ് രംഗത്ത് വന്നു. ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെയാണ് മാധവിന്റെ പ്രതികരണം. ഞാന്‍ ഭാഗമായ ഒരു സംഭവത്തില്‍ നടന്നതിന്റെ പകുതി പോലും പറയുന്നില്ലെന്നും എന്നാല്‍ നടക്കാത്ത പല കാര്യങ്ങളുമാണ് സംസാരമാകുന്നതെന്നും മാധവ് പറയുന്നു. ഫാക്ട്‌ചെക്ക് പോലും ചെയ്യാതെ ഇതൊക്കെ ജനങ്ങള്‍ക്ക് മുന്നിലേക്ക് നല്‍കുകയാണ്. വെല്‍ഡണ്‍ മീഡിയ. ലൈവ് ടിവിയില്‍ എല്ലാ വൃത്തികേടുകളും പറഞ്ഞതിന് ശേഷം തന്നെ വിളിച്ച് പ്രതികരണം ചോദിച്ച ഏഷ്യാനെറ്റ് ന്യൂസിലെ ആ വ്യക്തിയും നന്നായി ചെയ്തു, എന്നാണ് മാധവ് സുരേഷ് കുറിച്ചത്.












Click it and Unblock the Notifications