പഞ്ചായത്തുകളിലെ മരാമത്ത് പണികള്‍ സുതാര്യവും അഴിമതി മുക്തവുമാക്കും: എംവി ഗോവിന്ദന്‍
തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ പൊതുമരാമത്ത് പ്രവൃത്തികളുടെ നിര്‍വ്വഹണ രീതി തികച്ചും സുതാര്യവും അഴിമതി വിമുക്തവുമാക്കുന്നതിന് ധനകാര്യ വകുപ്പിന്റെ പ്രൈസ് ത്രീ സോഫ്റ്റ്‌വെയര്‍ ഉപയോഗപ്പെടുത്തുമെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എംവി ഗോവിന്ദന്‍. പൊതുമരാമത്ത് പ്രവൃത്തിയുടെ അളവുകള്‍ ഓണ്‍ലൈനായി രേഖപ്പെടുത്തുന്നതിലൂടെയും ഫയലുകള്‍ കൈകാര്യം ചെയ്യുന്നതിലുള്ള സുതാര്യതയിലൂടെയും ഈ രംഗത്തുള്ള അഴിമതി വലിയൊരളവ് നിര്‍മ്മാര്‍ജ്ജനം ചെയ്യാന്‍ ഇത് സഹായകമാവുമെന്നും അദ്ദേഹം വ്യക്തമാക്കുന്നു.
മാത്രമല്ല പ്രവൃത്തികളുടെ ബില്ലുകള്‍ സമയബന്ധിതമായ തയ്യാറാക്കി നല്‍കുന്നതിനും ഈ സോഫ്റ്റ്‌വെയര്‍ ഉതകും. തദ്ദേശ സ്വയംഭരണ വകുപ്പിനെ ആധുനീകരിക്കുന്നതിന്റെ ഭാഗമായി വകുപ്പിലെ എഞ്ചിനീയര്‍മാര്‍ക്ക് ടാബുകള്‍ നല്‍കും. പൊതുമരാമത്ത് വകുപ്പിനെ അപേക്ഷിച്ച് തദ്ദേശ സ്വയംഭരണ വകുപ്പില്‍ വളരെയേറെ എഞ്ചിനീയര്‍മാര്‍ നിര്‍വ്വഹണ രംഗത്തുള്ളതിനാല്‍ ഘട്ടംഘട്ടമായാണ് സോഫ്റ്റ്‌വെയര്‍ സേവനം പൂര്‍ണമാക്കുക.

ഇലക്‌ട്രോണിക് മെഷര്‍മെന്റ് ബുക്ക് ഉള്‍പ്പെടുന്ന പ്രൈസ് ത്രീ നടപ്പിലാക്കുന്നതോടെ തദ്ദേശ സ്വയംഭരണ എഞ്ചിനീയറിംഗ് വിഭാഗത്തിന്റെ കാര്യക്ഷമത വര്‍ധിക്കുകയും പവൃത്തികളുടെ ബില്‍ സമയബന്ധിതമായി കരാറുകാര്‍ക്ക് ലഭ്യമാവുകയും ചെയ്യും. ആദ്യഘട്ടത്തില്‍ 572 ടാബുകളാണ് എഞ്ചിനീയര്‍മാര്‍ക്ക് വിതരണം ചെയ്യുകയെന്നും മന്ത്രി കൂട്ടിച്ചേർത്തു.
സംസ്ഥാനത്തെ റിയല്‍ എസ്റ്റേറ്റ് പ്രോജക്റ്റുകള്‍ക്ക് ടൈറ്റില്‍ ഇന്‍ഷുറന്‍സ് എടുക്കുന്നതില്‍ വിട്ടുവീഴ്ച അനുവദിക്കില്ലെന്നും മന്ത്രി മറ്റൊരു പ്രസ്താവനയിലൂടെ വ്യക്തമാക്കി. റിയല്‍ എസ്റ്റേറ്റ് റെഗുലേഷന്‍ ആന്‍ഡ് ഡെവലപ്മെന്റ് ആക്ടിന്റെ പതിനാറാം സെക്ഷന്‍ പ്രകാരമാണ് ഇന്‍ഷുറന്‍സ് പരിരക്ഷ ഉറപ്പുവരുത്തുന്നത്. സര്‍ക്കാര്‍ അനുശാസിക്കുന്ന എല്ലാ ഇന്‍ഷുറന്‍സുകളും കെട്ടിട നിര്‍മാതാക്കള്‍ എടുക്കേണ്ടതാണ്. ഓരോ പ്രൊമോട്ടറും ഭൂമിയുടെ പട്ടയവും കെട്ടിടങ്ങളും അവിടെ നടക്കുന്ന റിയല്‍ എസ്റ്റേറ്റ് പദ്ധതിയുടെ നിര്‍മ്മാണവും ഇന്‍ഷ്വര്‍ ചെയ്യാന്‍ ബാധ്യസ്ഥനാണ്.
റിയല്‍ എസ്റ്റേറ്റ് പ്രോജക്ടിന്റെ ഭാഗമായ ഭൂമിയുടെയും കെട്ടിടത്തിന്റെയും പട്ടയത്തിന്റെയും ഇന്‍ഷുറന്‍സ് പരിരക്ഷ തുടക്കം മുതലേ നിര്‍മാതാക്കള്‍ ഉറപ്പുവരുത്തണം. ഇന്‍ഷുറന്‍സുമായി ബന്ധപ്പെട്ട പ്രീമിയവും മറ്റ് ചാര്‍ജ്ജുകളും അടയ്ക്കാന്‍ പ്രോമോട്ടര്‍ ബാധ്യസ്ഥനാണ്. പ്രോജക്ടുകളുടെ ഭാഗമായ കെട്ടിടങ്ങള്‍ വാങ്ങിക്കുന്നവര്‍ക്ക് ഇന്‍ഷുറന്‍സ് രേഖകള്‍ മുന്‍കൂട്ടി കൈമാറണം. താമസക്കാരുടെ അസോസിയേഷനും ഇന്‍ഷുറന്‍സ് രേഖകള്‍ ലഭ്യമാക്കണം. കെട്ടിട നിര്‍മാതാക്കളോട് വില്‍പ്പന കരാറില്‍ ഏര്‍പ്പെടുന്ന സമയത്ത് തന്നെ ഇന്‍ഷുറന്‍സ് പരിരക്ഷ ഉറപ്പാക്കുന്ന രേഖകള്‍ വാങ്ങുന്നയാളിന് ലഭ്യമാക്കേണ്ടതാണ്.
ഭൂമിയുടെ പട്ടയവുമായി ബന്ധപ്പെട്ട് പ്രശ്‌നങ്ങള്‍ ഉണ്ടായാലോ, വ്യക്തമായ ഉടമസ്ഥാവകാശ രേഖകള്‍ ഇല്ലാത്ത സാഹചര്യത്തിലോ വാങ്ങിച്ചവരുടെ നിക്ഷേപം സംരക്ഷിക്കുന്നതിന് നിയമത്തില്‍ നിര്‍വചിച്ചിരിക്കുന്ന ഇന്‍ഷുറന്‍സ് പരിരക്ഷ അനിവാര്യമാണ്. ഇന്‍ഷുറന്‍സ് എടുക്കാതുള്ള നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് സംസ്ഥാനത്ത് നിയമസാധുത ഉണ്ടാവില്ല. അത്തരം നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഒരു കാരണവശാലും അനുവദിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.












Click it and Unblock the Notifications