മേജർ രവിയും സി രഘുനാഥും ബിജെപിയിൽ ചേർന്നു; കൂടുതൽ പേർ എത്തുമെന്ന് കെ സുരേന്ദ്രൻ
ഡൽഹി: സംവിധായകൻ മേജർ രവിയും മുൻ കോൺഗ്രസ് ജനറൽ സെക്രട്ടറി സി രഘുനാഥും ബിജെപിയിൽ ചേർന്നു. ഡൽഹിൽ ബി ജെ പി ദേശീയ അധ്യക്ഷൻ ജെപി നദ്ദയിൽ നിന്നുമാണ് ഇരുവരും അംഗത്വം സ്വീകരിച്ചത്. ബി ജെ പി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനും കൂടിക്കാഴ്ചയിൽ പങ്കെടുത്തു.

'ചലച്ചിത്ര സംവിധായകനും നടനും റിട്ടയേർഡ് മേജറുമായ മേജർ രവിയും കണ്ണൂരിലെ പ്രമുഖ കോൺഗ്രസ്സ് നേതാവായ സി രഘുനാഥും ബി ജെ പിയിൽ ചേർന്നു. ഇരുവരും ദില്ലിയിൽ പാർട്ടി അദ്ധ്യക്ഷൻ ജെ പി നദ്ദയെ സന്ദർശിച്ചു. ഇരുവർക്കും ജെ പി നദ്ദ ആശംസകൾ നേർന്നു.നിരവധി പ്രമുഖ വ്യക്തിത്വങ്ങൾ വരും ദിവസങ്ങളിൽ പാർട്ടിയിൽ ചേരാൻ സന്നദ്ധരാവും.
മേജർ രവി നിരവധി പ്രശസ്തമായ സിനിമകൾ സംവിധാനം ചെയ്തിട്ടുണ്ട്. സി രഘുനാഥ് കോണഗ്രസ്സിന്റെ ഉന്നതനേതാക്കളിലൊരാളാണ്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ധർമ്മടത്ത് പിണറായി വിജയനെതിരെ യു ഡി എഫ് സ്ഥാനാർത്ഥിയായിരുന്നു', നേതാക്കളുടെ പാർട്ടി പ്രവേശന ചിത്രങ്ങൾ പങ്കിട്ട് കൊണ്ട് കെ സുരേന്ദ്രൻ ഫേസ്ബുക്കിൽ കുറിച്ചു.
ദേശീയതയോട് ചേർന്ന് പ്രവർത്തിക്കാനാണ് ആഗ്രഹമെന്ന് ബി ജെ പിയിൽ ചേർന്നതിന് പിന്നാലെ മേജർ രവി പ്രതികരിച്ചു. നേരത്തേ തന്നെ ബി ജെ പിയുമായി ചേർന്ന് പ്രവർത്തിച്ച വ്യക്തിയായിരുന്നു മേജർ രവി. എന്നാൽ അദ്ദേഹം ബി ജെ പിയിൽ ഔദ്യോഗികമായി അംഗത്വം എടുത്തിരുന്നില്ല. ബി ജെ പി സംസ്ഥാന നേതൃത്വത്തിനെതിരെ നിരന്തരം വിമർശനം ഉന്നയിക്കുന്ന മേജർ രവി 2021 ൽ കോൺഗ്രസ് പരിപാടിയിൽ എത്തിയതോടെ അദ്ദേഹം ബി ജെ പി ബന്ധം ഉപേക്ഷിച്ച് കോൺഗ്രസിൽ ചേർന്നേക്കുമെന്നുള്ള അഭ്യൂഹങ്ങൾ ഉയർന്നിരുന്നു.
എന്നാൽ തനിക്ക് സംസ്ഥാന നേതൃത്വത്തിന്റെ പ്രവർത്തനങ്ങളോട് താത്പര്യമില്ലാത്തതെന്നും അതേസമയം ബി ജെ പി ദേശീയ നേതൃത്വം മികച്ച പ്രവർത്തനമാണ് കാഴ്ചവെയ്ക്കുന്നതെന്നുമായിരുന്നു ഇത്തരം അഭ്യൂഹങ്ങളോട് അദ്ദേഹം പ്രതികരിച്ചത്. എന്തായാലും വരുന്ന ലോക്സഭ തിരഞ്ഞെടുപ്പിൽ മേജർ രവിയെ ബി ജെ പി സ്ഥാനാർത്ഥിയാക്കുമോയെന്നാണ് ഉറ്റുനോക്കപ്പെടുന്നത്.
അതേസമയം പാർട്ടി പ്രവേശനത്തിന് പിന്നാലെ കോൺഗ്രസിനേയും സി പി എമ്മിനേയും അതിരൂക്ഷമായ ഭാഷയിലായിരുന്നു സി രഘുനാഥ് വിമർശിച്ചത്.
കമ്മ്യൂണിസ്റ്റ് പാർട്ടിയും കോൺഗ്രസും ദേശീയതയ്ക്കെതിരെ പ്രവർത്തിക്കുന്നുവെന്നായിരുന്നു രഘുനാഥിന്റെ കുറ്റപ്പെടുത്തൽ. ധർമ്മടത്ത് പിണറായി വിജയനെതിരെ കോൺഗ്രസ് സ്ഥാനാർഥിയായിരുന്ന സി രഘുനാഥ് കഴിഞ്ഞ ദിവസമാണ് നേതൃത്വവുമായുള്ള അഭിപ്രായ ഭിന്നതകളെ തുടർന്ന് കോൺഗ്രസ് വിട്ടത്.












Click it and Unblock the Notifications