കുഞ്ഞാലിക്കുട്ടി പുലിയാണെങ്കില്‍ അഹമ്മദ് സാഹിബ് മുത്താണ്; മറഞ്ഞിട്ടും മായാതെ ഇ അഹമ്മദ്

  • Written By:
Subscribe to Oneindia Malayalam

മലപ്പുറം: പികെ കുഞ്ഞാലിക്കുട്ടി മലപ്പുറത്തും മുസ്ലിം ലീഗിനും പുലിയാണ്. എങ്കിലും ഇ അഹമ്മദ് എന്ന മുത്തിനോളം വരുമോ. അതാണ് മലപ്പുറത്തുകാര്‍ക്ക് ഇപ്പോള്‍ പറയാനുള്ളത്. കുഞ്ഞാലിക്കുട്ടിയുടെ വിജയം ആഘോഷിക്കുമ്പോഴും പരിധി വിടരുതെന്ന നിര്‍ദേശമാണ് സംസ്ഥാന അധ്യക്ഷന്‍ ഹൈദരലി തങ്ങള്‍ പ്രവര്‍ത്തകര്‍ക്ക് നല്‍കിയത്.

അഹമ്മദ് ലീഗിനേക്കാള്‍ വളര്‍ന്നു പന്തലിച്ച് ലോകം മുഴുവന്‍ ഇന്ത്യയെ പ്രതിനിധീകരിക്കാന്‍ പോന്ന നേതാവായി മാറിയിരുന്നു. വിദേശരാജ്യങ്ങളിലും അന്താരാഷ്ട്ര വേദികളിലും അഹമ്മദിനെ പോലെ ഇന്ത്യയെ പ്രതിനിധീകരിച്ച മറ്റൊരു നേതാവില്ല. അതിനുള്ള അംഗീകാരമാണ് 2014ല്‍ മലപ്പുറത്തെ ജനങ്ങള്‍ അദ്ദേഹത്തിന് നല്‍കിയ ഭൂരിപക്ഷം.

അഹമ്മദിന് ലഭിച്ച വോട്ട്

1.94 ലക്ഷം വോട്ടിന്റെ ഭൂരിപക്ഷമാണ് അഹമ്മദിന് ലഭിച്ചിരുന്നത്. ഇത് മറികടന്ന് രണ്ട് ലക്ഷത്തിലെത്തിക്കാനാണ് മുസ്ലിം ലീഗ് ഇത്തവണ ശ്രമിച്ചത്. ഇക്കാര്യം പ്രചാരണം തുടങ്ങുംമുമ്പ് അവര്‍ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഫലം വന്നപ്പോള്‍ അഹമ്മദ് സാഹിബിനെ മറികടക്കാന്‍ കുഞ്ഞാലിക്കുട്ടിക്ക് സാധിച്ചില്ലെന്നതാണ് വ്യക്തമായത്.

നേതാക്കള്‍ സമ്മതിക്കുന്നു

അഹമ്മദിന് കിട്ടിയ ഭൂരിപക്ഷം കുഞ്ഞാലിക്കുട്ടിക്ക് കിട്ടില്ലെന്ന് പ്രചാരണത്തിന്റെ അവസാന നാളുകളില്‍ മുസ്ലിം ലീഗിന്റെയും കോണ്‍ഗ്രസിന്റെയും നേതാക്കള്‍ സമ്മതിച്ചിരുന്നു. വോട്ടെടുപ്പ് കഴിഞ്ഞ വേളയില്‍ നടന്ന അവലോകനത്തിലും ഇതാണ് നേതാക്കള്‍ വ്യക്തമാക്കിയത്. ഫലം വന്നപ്പോഴും അതുതന്നെയാണ് ശരി.

തട്ടമിടാത്ത സൈനബക്ക് ആര് വോട്ടുചെയ്യും

എന്നാല്‍ അഹമ്മദ് നേരിട്ട സ്ഥാനാര്‍ഥിയാണ് അഹമ്മദിന്റെ ഭൂരിപക്ഷം വര്‍ധിപ്പിച്ചതെന്ന് അന്നുതന്നെ വാര്‍ത്തകളുണ്ടായിരുന്നു. പികെ സൈനബയായിരുന്നു അഹമ്മദിന്റെ എതിരാളി. തട്ടമിടാത്ത സൈനബക്ക് ആര് വോട്ടുചെയ്യുമെന്നായിരുന്നു അന്ന് മലപ്പുറത്ത് ലീഗ് നടത്തിയ പ്രചാരണം.

ഫലം വന്നപ്പോള്‍ തെളിഞ്ഞത്

ഫലം വന്നപ്പോള്‍ അത് തെളിയുകയും ചെയ്തു. തട്ടമിടാത്ത സൈനബക്ക് വോട്ട് നന്നേ കുറഞ്ഞു. അതുകൊണ്ട് തന്നെ അഹമ്മദിന് ഭൂരിപക്ഷം വര്‍ധിക്കുകയും ചെയ്തു. അഹമ്മദിന് കിട്ടിയ വോട്ട് 437723 ഉം സൈനബയ്ക്ക് 242984 ഉം ആയിരുന്നു. ബിജെപി സ്ഥാനാര്‍ഥി ശ്രീപ്രകാശിനാവട്ടെ 64705 വോട്ട് കൊണ്ട് തൃപ്തിപ്പെടേണ്ടിയും വന്നു.

കുഞ്ഞാലിക്കുട്ടിക്ക് വോട്ട് കൂടി

എന്നാല്‍ ഇത്തവണ യുഡിഎഫ് സ്ഥാനാര്‍ഥി കുഞ്ഞാലിക്കുട്ടിക്ക് വോട്ട് കൂടിയിട്ടുണ്ട്. മൊത്തംപോള്‍ ചെയ്ത വോട്ടില്‍ 5.15 ലക്ഷം വോട്ട് കുഞ്ഞാലിക്കുട്ടിക്ക് ലഭിച്ചു. അതായത് മുക്കാല്‍ ലക്ഷത്തോളം വോട്ട് അധികം. ഇത്തവണ പികെ സൈനബയേക്കാളും മികച്ച സ്ഥാനാര്‍ഥി എംബി ഫൈസലിനെയാണ് ഇടതുപക്ഷം നിര്‍ത്തിയത്.

കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ വോട്ട് കുറഞ്ഞു

കഴിഞ്ഞ വര്‍ഷം നടന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ ലോക്‌സഭാ മണ്ഡല പരിധിയില്‍ യുഡിഎഫിന് വോട്ട് കുറഞ്ഞിരുന്നു. എല്‍ഡിഎഫിനേക്കാള്‍ 118696 വോട്ടിന്റെ ഭൂരിപക്ഷമേ യുഡിഎഫിനുണ്ടായിരുന്നുള്ളു. നിയമസഭാ തിരഞ്ഞെടുപ്പുമായി താരതമ്യം ചെയ്യുമ്പോള്‍ ഇത്തവണ യുഡിഎഫിന് വോട്ട് കൂടിയിട്ടുണ്ട്. കുഞ്ഞാലിക്കുട്ടിയുടെ ഭൂരിപക്ഷം 1.71 ലക്ഷമാണ്.

ബിജെപി വോട്ട് മറിഞ്ഞു

ബിജെപി വോട്ടുകള്‍ മറിച്ചുവെന്നാണ് ഉയരുന്ന ആരോപണം. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ഥിക്ക് 64000 വോട്ടായിരുന്നു ലഭിച്ചത്. എന്നാല്‍ ഇത്തവണ ആയിരം വോട്ട് മാത്രമാണ് അധികം കിട്ടിയത്. വോട്ടര്‍മാര്‍ കൂടിയ നിലയ്ക്ക് സാധാരണ അധികം ലഭിക്കേണ്ട വോട്ട് അവര്‍ക്ക് കിട്ടിയിട്ടില്ല. ഈ വോട്ടുകള്‍ കുഞ്ഞാലിക്കുട്ടിക്ക് ലഭിച്ചോ എന്ന ചോദ്യമാണ് ഉയരുന്നത്.

മലപ്പുറം പച്ചക്കോട്ട തന്നെ

ഇത്തവണ വോട്ടെണ്ണല്‍ അവസാന ഘട്ടത്തിലേക്കെത്തുമ്പോള്‍ തെളിയുന്നത് മലപ്പുറം പച്ചക്കോട്ട തന്നെയാണെന്നാണ്. യുഡിഎഫും എല്‍ഡിഎഫും കഴിഞ്ഞ തവണത്തേക്കാള്‍ വോട്ട് നേടിയപ്പോള്‍ ബിജെപിക്ക് അത്ര മികച്ച പ്രകടനം കാഴ്ചവയ്ക്കാനായില്ല. അവര്‍ക്ക് കഴിഞ്ഞ തവണ നേടിയതിനേക്കാള്‍ നേരിയ വോട്ടുകള്‍ മാത്രമേ അധികമുള്ളു.

നോട്ടക്ക് പിന്തുണ കുറഞ്ഞു

ഇ അഹമ്മദ് മല്‍സരിച്ച 2014ല്‍ നോട്ടക്ക് 21000 ത്തിലധികം വോട്ട് ലഭിച്ചിരുന്നു. എന്നാല്‍ അത് ഇത്തവണ 4000 ത്തിലേക്ക് ചുരുങ്ങി. അതായത് നിലവിലുള്ള സ്ഥാനാര്‍ഥികള്‍ക്ക് തന്നെ ഇത്തവണ വോട്ട് വീണുവെന്ന് വേണം കരുതാന്‍. സ്ഥാനാര്‍ഥികളില്‍ താല്‍പര്യമില്ലാത്തവരാണ് നോട്ടക്ക് വോട്ട് ചെയ്യാറ്.

കുഞ്ഞാലിക്കുട്ടിക്ക് ഭൂരിപക്ഷം 171038

യുഡിഎഫ് സ്ഥാനാര്‍ഥി കുഞ്ഞാലിക്കുട്ടി ജയിച്ചതായി പ്രഖ്യാപിച്ചു. 11.50ഓടെയാണ് വോട്ടെണ്ണല്‍ പൂര്‍ത്തിയായത്. 171038 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് ജയം. അദ്ദേഹത്തിന് 515325 വോട്ട് ലഭിച്ചു. എല്‍ഡിഎഫ് സ്ഥാനാര്‍ഥി എംബി ഫൈസലിന് 344287 വോട്ട് ലഭിച്ചു. ബിജെപി സ്ഥാനാര്‍ഥി എന്‍ ശ്രീപ്രകാശിന് 65662 വോട്ടാണ് കിട്ടിയത്.

English summary
Malappuram byelection result declared. if UDF candidate PK Kunjalikutty is winner, he can not cross the E Ahamed majority,
Please Wait while comments are loading...