'ഞാനാണ് കേരള സ്റ്റോറിയുടെ തിരക്കഥയൊരുക്കിയത്'; നന്ദി പോലും നല്‍കിയില്ലെന്ന് മലയാളി ചലച്ചിത്ര പ്രവര്‍ത്തകന്‍
തിരുവനന്തപുരം: വിവാദങ്ങള്‍ സൃഷ്ടിച്ച ദ കേരള സ്റ്റോറി എന്ന ചിത്രത്തിന്റെ തിരക്കഥ തന്റേതാണെന്നും ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകര്‍ ഒരു നന്ദി പോലും തനിക്ക് നല്‍കിയിട്ടില്ലെന്ന് മലയാളിയായ യുവചലച്ചിത്ര പ്രവര്‍ത്തകന്‍ യദു വിജയകൃഷ്ണനാണ് ഇങ്ങനെ ഒരു ആരോപണവുമായി രംഗത്തെത്തിയത്. താന്‍ ചിത്രത്തിന് വേണ്ടി പ്രവര്‍ത്തിച്ചിട്ടുണ്ട്., താന്‍ ഇപ്പോള്‍ ചിത്രത്തിനെതിരെ പറയുകയല്ല, എന്നാല്‍ ചിത്രം കണ്ടപ്പോള്‍ ഒരു നന്ദി പോലും വയ്ക്കാത്ത വിഷമത്തിലാണ് ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തിയതെന്ന് യദു പറഞ്ഞു.
എഷ്യാനെറ്റ് ന്യൂസിനോടാണ് യദു ഇക്കാര്യം വ്യക്തമാക്കിയത്. കേരള സ്‌റ്റോറി സംവിധാനം ചെയ്ത സുദീപ്‌തോ സെന്‍ 2017ല്‍ ലൗ ജിഹാദുമായി ബന്ധപ്പെട്ട് ഒരു ഡോക്യുമെന്ററി ചെയ്തിരുന്നു. ആ ചിത്രത്തില്‍ സഹകരിച്ചതോടെയാണ് താന്‍ സംവിധായകനുമായി പരിചയപ്പെട്ടത്. ശേഷം സംവിധായകന്‍ ലൗഹ ജിഹാദുമായി ബന്ധപ്പെട്ട് ഒരു ഹിന്ദി കൊമേഴ്ഷ്യല്‍ ചിത്രം ചെയ്യാന്‍ തിരക്കഥയുണ്ടോ എന്ന് ചോദിക്കുകയായിരുന്നു.

അതിന് വേണ്ടി ഒരു വണ്‍ ലൈന്‍ എഴുതി നല്‍കി. അതിന് അംഗീകാരം ലഭിച്ചു. ഇതിന് ശേഷം ഡ്രാഫ്റ്റ് തയ്യാറാക്കി. ഒരു വര്‍ഷത്തോളം ചര്‍ച്ചകള്‍ നടത്തിയാണ് തിരക്കഥ അന്തിമാക്കിയതെന്ന് യദു പറഞ്ഞു. തിരക്കഥ പൂര്‍ത്തിയായതിന് ശേഷമാണ് തിരക്കഥാകൃത്ത് എന്ന നിലയിലുള്ള കരാര്‍ റദ്ദാക്കിയത്. ശേഷം പുതിയ കരാര്‍ വരുമെന്നാണ് അറിയിച്ചത്. അതുകൊണ്ട് ചിത്രത്തിന്റെ ലൊക്കേഷന്‍ ഹണ്ടിനും പ്രൊഡക്ഷന്‍ സൈഡിലും ഞാന്‍ സഹകരിക്കുകയായിരുന്നു.
പുതിയ കരാര്‍ വന്നപ്പോള്‍ എനിക്ക് കണ്‍സല്‍ട്ടന്റ് എന്ന സ്ഥാനമാണ് നല്‍കിയത്. രണ്ടാമത്തെ കരാറില്‍ എത്തിയപ്പോള്‍ ആദ്യം പറഞ്ഞ പ്രതിഫലത്തില്‍ നിന്ന് പകുതിയില്‍ അധികം കുറച്ചിരുന്നു. ബാക്കി തരണമെങ്കില്‍ സിനിമ പുറത്തിറങ്ങുന്നത് വരെ വര്‍ക്ക് ചെയ്യണമെന്ന് കരാറില്‍ പറഞ്ഞിരുന്നു. അതേസമയം, കേരള സ്റ്റോറിക്കെതിരെ വലിയ വിമര്‍ശനമാണ് ഉയരുന്നത്. ചിത്രം സംഘപരിവാര്‍ ഗൂഢാലോചനയാണെന്നാണ് സി പി എം, കോണ്‍ഗ്രസ് അടക്കമുള്ള രാഷ്ട്രീയ പാര്‍ട്ടികള്‍ ആരോപിക്കുന്നത്.
ഇതിനിടെ കേരള സ്റ്റോറിയെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി രംഗത്തെത്തിയിരുന്നു. കേരള സ്‌റ്റോറി തീവ്രവാദത്തെ തുറന്നുകാട്ടുന്നുവെന്നും രാജ്യവിരുദ്ധ ശക്തികളെ ചിത്രം വെളിവാക്കുന്നുണ്ടെന്നുമാണ് പ്രധാനമന്ത്രി പറഞ്ഞത്. കര്‍ണാടകയിലെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയാണ് മോദിയുടെ പരാമര്‍ശം.
മോദിയുടെ പരാമര്‍ശത്തിനെതിരെ ഡി വൈ എഫ് ഐ രംഗത്തെത്തിയിരുന്നു. കര്‍ണാടകയിലെ തെരഞ്ഞെടുപ്പ് പ്രചരണ വേദിയില്‍ ദി കേരള സ്റ്റോറി സിനിമയെ പ്രകീര്‍ത്തിച്ചു കൊണ്ട് പ്രധാനമന്ത്രി നടത്തിയ പ്രസംഗം വിദ്വേഷമുണ്ടാക്കുന്നതും ഒരു സംസ്ഥാനത്തെ അപമാനിക്കുന്ന രീതിയിലുള്ളതുമാണ്.
കേരളത്തില്‍ നടക്കുന്ന സംഭവങ്ങളെ തുറന്നു കാണിക്കുന്ന സിനിമയാണ് ദി കേരള സ്റ്റോറീസ് എന്ന പ്രധാനമന്ത്രിയുടെ അഭിപ്രായ പ്രകടനം വസ്തുതാ വിരുദ്ധവും ഇരിക്കുന്ന പദവിക്ക് യോജിക്കാത്തതുമാണ്. വിദ്വേഷ പ്രചരണങ്ങള്‍ നടത്തരുതെന്ന സുപ്രീം കോടതി നിര്‍ദ്ദേശം പോലും ഹനിച് കൊണ്ട് ഒരു സംസ്ഥാനത്തെ മറ്റു സംസ്ഥാനങ്ങളിലെ ജനങ്ങള്‍ക്കു മുന്നില്‍ മോശമായി ചിത്രീകരിച്ച് ദേശ വിരോധവും മത വിദ്വേഷവും വളര്‍ത്തുന്ന പ്രധാനമന്ത്രി രാജ്യത്തെ ഏറ്റവും പ്രധാനമായ ഭരണഘടനാ പദവിയിലിരിക്കുന്ന ആളാണെന്ന് മറക്കരുതെന്നും ഡി വൈ എഫ് ഐ പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടി.
കേരളത്തെ മുമ്പ് സൊമാലിയയോട് ഉപമിച്ച മോദി പല രീതിയില്‍ സംസ്ഥാനത്തെ അവഹേളിക്കാന്‍ ശ്രമിച്ചിട്ടുണ്ട്. ദേശ വിദ്വേഷവും മത വിരോധവും വളര്‍ത്തി വര്‍ഗീയ കലാപം സൃഷ്ടിക്കുവാന്‍ വേണ്ടി രൂപപ്പെടുത്തിയ ദി കേരള സ്റ്റോറി സിനിമയെ മുന്‍നിര്‍ത്തി കേരളത്തെ അപമാനിച്ച പ്രധാനമന്ത്രിയുടെ നടപടിക്കെതിരെ ഡി വൈ എഫ് ഐ സംസ്ഥാന സെക്രട്ടറിയേറ്റ് പ്രതിഷേധം അറിയിക്കുകയാണെന്നും പ്രസ്താവനയില്‍ പറഞ്ഞു.












Click it and Unblock the Notifications