ആദരിക്കാമെന്ന് സർക്കാർ, പണം ചിലവാക്കി ആദരവ് വേണ്ടെന്ന് മമ്മൂട്ടി, സല്യൂട്ടടിച്ച് സോഷ്യൽ മീഡിയ
തിരുവനന്തപുരം: കൊവിഡ് കാലത്ത് പണം ചിലവാക്കി തനിക്ക് ആദരവ് വേണ്ടെന്ന് സംസ്ഥാന സര്‍ക്കാരിനെ അറിയിച്ച് നടന്‍ മമ്മൂട്ടി. സിനിമാ രംഗത്ത് 50 വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കിയ മമ്മൂട്ടിയെ സര്‍ക്കാര്‍ ആദരിക്കുമെന്ന് സിനിമ-സാംസ്‌ക്കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍ കഴിഞ്ഞ ദിവസം നിയമസഭയില്‍ പ്രഖ്യാപിച്ചിരുന്നു.
Recommended Video
എന്നാല്‍ പണം മുടക്കി കൊവിഡ് കാലത്ത് തനിക്ക് വേണ്ടി ആഘോഷപരിപാടികള്‍ സംഘടിപ്പിക്കേണ്ടതില്ലെന്ന് മമ്മൂട്ടി അറിയിച്ചതായി സജി ചെറിയാന്‍ പറഞ്ഞു. ഇതോടെ പ്രമുഖർ അടക്കം മമ്മൂട്ടിയുടെ തീരുമാനത്തെ അഭിനന്ദിച്ച് രംഗത്ത് എത്തിയിരിക്കുകയാണ്.

പണം ചിലവാക്കിയുളള ആഘോഷം വേണ്ട എന്നാണ് അദ്ദേഹത്തിന്റെ ആഗ്രഹം എങ്കില്‍ അങ്ങനെ ചെയ്യാമെന്നും അദ്ദേഹത്തിന്റെ സമയം നല്‍കണമെന്നും മമ്മൂട്ടിയോട് ആവശ്യപ്പെട്ടതായി സജി ചെറിയാന്‍ പറഞ്ഞു. വളരെ ചെറിയ ചടങ്ങ് മതിയെന്നും മമ്മൂട്ടി പറഞ്ഞതായി മന്ത്രി വെളിപ്പെടുത്തി. മമ്മൂട്ടിയെ സംസ്ഥാന സര്‍ക്കാര്‍ ആദരിക്കാന്‍ തീരുമാനിച്ചത് അദ്ദേഹം സിനിമയില്‍ അര നൂറ്റാണ്ട് പൂര്‍ത്തിയായി എന്നതിന്റെ പേരില്‍ മാത്രമല്ല. അദ്ദേഹം മലയാള സിനിമയ്ക്കും ഇന്ത്യന്‍ സിനിമയ്ക്കും നല്‍കിയ നല്‍കിയ സംഭാവനകള്‍ക്കാണ് ആദരവ് എന്നും സജി ചെറിയാന്‍ വ്യക്തമാക്കി.

ആഗസ്റ്റ് 6ന് ആണ് മമ്മൂട്ടി സിനിമയില്‍ അര നൂറ്റാണ്ട് പൂര്‍ത്തിയാക്കിയത്. 1971ല്‍ കെഎസ് സേതുമാധവന്‍ സംവിധാനം ചെയ്ത അനുഭവങ്ങള്‍ പാളിച്ചകള്‍ ആണ് മമ്മൂട്ടിയുടെ മുഖം ആദ്യമായി വെള്ളിത്തിരയില്‍ കാണിക്കുന്നത്. ചിത്രത്തിലെ ഒരു രംഗത്തെ ആള്‍ക്കൂട്ടത്തിലെ ഒരാള്‍ മാത്രമായിരുന്നു മമ്മൂട്ടി. ഒരു നടന്‍ ആയി മമ്മൂട്ടി ഒരു സിനിമയില്‍ എത്തുന്നത് 1980ല്‍ ആണ്. എംടിയുടെ തിരക്കഥയില്‍ ആസാദ് സംവിധാനം ചെയ്ത വില്‍ക്കാനുണ്ട് സ്വപ്‌നങ്ങള്‍ എന്ന ചിത്രത്തിലാണ് മമ്മൂട്ടിക്ക് ആദ്യമായി ഒരു വേഷം ലഭിച്ചത്.

തനിക്ക് ലഭിച്ച വ്യത്യസ്ഥമായ സിനിമകളും വേഷങ്ങളും ജീവിക്കുന്ന കഥാപാത്രങ്ങള്‍ ആക്കി മാറ്റാന്‍ മമ്മൂട്ടിക്ക് സാധിച്ചുവെന്നും സജി ചെറിയാന്‍ പറഞ്ഞു. അതോടെ ദേശീയ പുരസ്‌ക്കാരങ്ങളും സംസ്ഥാന സര്‍ക്കാരിന്റെ നിരവധി പുരസ്‌ക്കാരങ്ങളും കേരള-കാലിക്കറ്റ് സര്‍വ്വകലാശാലകളുടെ ഡോക്ടറേറ്റും അടക്കം അനവധിയായ അംഗീകാരങ്ങള്‍ അദ്ദേഹത്തെ തേടിയെത്തി. സിനിമാ രംഗത്ത് ഇന്ന് ജീവിച്ചിരിക്കുന്നവരില്‍ ഏറ്റവും പ്രധാനപ്പെട്ട വ്യക്തി എന്ന നിലയില്‍ മമ്മൂട്ടിക്ക് ആദരവ് സംഘടിപ്പിക്കാന്‍ സാധിക്കുന്നത് ഭാഗ്യമായാണ് കാണുന്നത് എന്നും മന്ത്രി സജി ചെറിയാന്‍ പറഞ്ഞു.

മമ്മൂട്ടി വലിയ ആശങ്ങള്‍ സമൂഹത്തിന് സംഭാവന ചെയ്ത ഒരു കലാകാരന്‍ ആണെന്ന് സജി ചെറിയാന്‍ പറഞ്ഞു. കേരളത്തിലെ മതനിരപേക്ഷമായ അന്തരീക്ഷം കാത്ത് സൂക്ഷിക്കുന്നതിന് മമ്മൂട്ടി സംഭാവനകള്‍ നല്‍കിയിട്ടുണ്ട്. മമ്മൂട്ടി ചെയ്യുന്ന ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും സജി ചെറിയാന്‍ ചൂണ്ടിക്കാട്ടി. കെയര്‍ ആന്‍ഡ് ഷെയര്‍ പദ്ധതിയും വിദ്യാമൃതം പദ്ധതിയുമെല്ലാം മമ്മൂട്ടിയുടെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് ഉദാഹരണമായി മന്ത്രി എടുത്ത് കാട്ടി. തന്റെ മനസ്സിലേക്ക് മമ്മൂട്ടിയുടെ പേര് കടന്ന് വരാനുളള കാരണം അത് കൂടിയാണ് എന്നും മന്ത്രി പറഞ്ഞു.

ജനങ്ങളുടെ പണം മുടക്കിയുളള ആദരവ് വേണ്ട എന്നുളള മമ്മൂട്ടിയുടെ തീരുമാനത്തെ പ്രശംസിച്ച് പ്രൊഡക്ഷൻ കൺട്രോളറും നിർമ്മാതാവുമായ എൻഎം ബാദുഷ രംഗത്ത് എത്തി.' ഇന്ന് മനസിന് ഏറെ കുളിർമയും സന്തോഷവും നൽകുന്ന ഒരു സംഭവമുണ്ടായി. ഞാനും ആന്റോ ചേട്ടനും ( ആൻ്റോ ജോസഫ് ) പതിവു പോലെ വൈകിട്ട് മമ്മുക്കയുടെ വീട്ടിൽ പോയി സംസാരിച്ച് കൊണ്ടിരിക്കുകയായിരുന്നു. അപ്പോഴാണ് മമ്മുക്കയ്ക്ക് ഒരു ഫോൺ വിളി എത്തുന്നത്. ഫോണിൻ്റെ അങ്ങേ തലയ്ക്കൽ ബഹുമാനപ്പെട്ട സാംസ്കാരിക മന്ത്രി സജി ചെറിയാൻ സാർ ആയിരുന്നു അത്.

മമ്മുക്ക സിനിമയിൽ എത്തിയതിൻ്റെ 50-ാം വർഷത്തിൽ സർക്കാർ വലിയ ഒരു ആദരവ് നൽകുന്നത് സംബസിച്ച് പറയാനായിരുന്നു മന്ത്രി വിളിച്ചത്. എന്നാൽ മമ്മൂട്ടിയുടെ മറുപടിയാണ് എന്നെ സന്തോഷവാനാക്കിയത്. ജനങ്ങളുടെ പണം മുടക്കിയുള്ള വലിയ ആദരവ് എനിക്കു വേണ്ട, നിങ്ങൾ തീരുമാനിച്ച സ്ഥിതിക്ക് വളരെ ലളിതമായ രീതിയിൽ സ്വീകരിക്കാം എന്നായിരുന്നു മറുപടി.
ഈ കൊവിഡ് കാലത്ത് മമ്മൂക്ക കാണിക്കുന്ന ശ്രദ്ധയിൽ അദ്ദേഹത്തോട് വലിയ ആദരവ് തോന്നുന്നു. മമ്മുക്കയ്ക്ക് സല്യൂട്ട്''.
മണ്ണിനടിയിൽ ആളുകളും ബസ്സും ട്രക്കും കാറുകളും, ഹിമാചലിൽ വൻ ദുരന്തം- ചിത്രങ്ങളിലൂടെ












Click it and Unblock the Notifications