മണിപ്പൂർ: സ്ത്രീകള്‍ക്കെതിരായ ക്രൂരതയില്‍ ആദ്യ അറസ്റ്റ്: വധശിക്ഷ വരെ പരിഗണിക്കുമന്ന് മുഖ്യമന്ത്രി
ഇംഫാല്‍: മണിപ്പൂരില്‍ യുവതികളെ നഗ്നരാക്കി നടത്തിച്ച സംഭവത്തില്‍ നടപടിയുമായി പൊലീസ്. കൃത്യവുമായി ബന്ധപ്പെട്ട ആദ്യ അറസ്റ്റ് നടന്നതായി മുഖ്യമന്ത്രി ബിരേൻ സിംഗ് അറിയിച്ചു. കുറ്റക്കാർക്കെതിരെ കർശനമായി നടപടിയെടുക്കുമെന്നും വധശിക്ഷയുടെ സാധ്യത പരിഗണിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. യുവതികളെ നഗ്നരാക്കി നടത്തിക്കുന്ന വീഡിയോ പുറത്ത് വന്ന പശ്ചാത്തലത്തലത്തിലാണ് രണ്ട് മാസങ്ങള്‍ക്ക് മുമ്പ് നടന്ന സംഭവത്തില്‍ പൊലീസ് നടപടിയുണ്ടായിരിക്കുന്നത്.
"ഇപ്പോൾ സംഭവത്തില്‍ സമഗ്രമായ അന്വേഷണം നടക്കുന്നുണ്ട്, വധശിക്ഷയുടെ സാധ്യത ഉൾപ്പെടെ എല്ലാ കുറ്റക്കാർക്കെതിരെയും കർശനമായ നടപടിയെടുക്കുമെന്ന് ഞങ്ങൾ ഉറപ്പാക്കും," മുഖ്യമന്ത്രി ബിരേൻ സിംഗ് ട്വിറ്ററിൽ കുറിച്ചു. "ഇന്നലെ പുറത്തുവന്ന വേദനാജനകമായ വീഡിയോയിൽ കണ്ടത് പോലെ, അങ്ങേയറ്റം അനാദരവും മനുഷ്യത്വരഹിതവുമായ പ്രവൃത്തിക്ക് വിധേയരായ രണ്ട് സ്ത്രീകളുടെ ദൃശ്യങ്ങളില്‍ എന്റെ ഹൃദയം നുറുങ്ങുന്നു. വീഡിയോ പുറത്തുവന്നതിന് തൊട്ടുപിന്നാലെ സംഭവത്തെക്കുറിച്ച് സ്വമേധയാ കേസെടുത്ത് മണിപ്പൂർ പോലീസ് നടപടിയെടുക്കുകയും ഇന്ന് രാവിലെ ആദ്യ അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്തു, "അദ്ദേഹം കൂട്ടിച്ചേർത്തു.

കുക്കി-സോമി സമുദായത്തിൽ നിന്നുള്ള രണ്ട് സ്ത്രീകളെ ഒരു കൂട്ടം അക്രമികള്‍ നഗ്നരായി റോഡിലൂടെ നടത്തിക്കുന്നതും ഉപദ്രവിക്കുന്നതുമാണ് പുറത്ത് വന്ന വീഡിയോയിലുള്ളത്. പിന്നീട് ഇവരെ വയലിലേക്ക് എത്തിച്ച് ലൈംഗികമായി പീഡിപ്പിക്കുകയും ചെയ്യുന്നു. മെയ് 4 ന് തൗബാൽ ജില്ലയിലാണ് സംഭവം നടന്നതെന്നും മെയ് 18 ന് കാങ്‌പോക്പി ജില്ലയിൽ ഈ വിഷയത്തിൽ എഫ്‌ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നുമാണ് ഒരു മുതിർന്ന പൊലീസ് ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ഇന്ത്യൻ എക്‌സ്പ്രസ് റിപ്പോർട്ട് ചെയ്യുന്നത്.
അതേസമയം, സംഭവത്തില്‍ രൂക്ഷമായി പ്രതികരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയും രംഗത്ത് വന്നു. മണിക്കൂരില്‍ നടന്നത് രാജ്യത്തിന് തന്നെ നാണക്കേട് ഉണ്ടാക്കുന്ന സംഭവമാണെന്നാണ് പ്രധാനമന്ത്രി അഭിപ്രായപ്പെട്ടത്. "ഇന്ന് ഞാൻ നിങ്ങളുടെ ഇടയിലേക്ക് വന്നു, ഈ ജനാധിപത്യ ക്ഷേത്രത്തിന് സമീപം നിൽക്കുമ്പോൾ, എന്റെ ഹൃദയം വേദനയും ദേഷ്യവും കൊണ്ട് നിറഞ്ഞിരിക്കുന്നു. മണിപ്പൂരിൽ അരങ്ങേറിയ സംഭവം ഏതൊരു പരിഷ്കൃത സമൂഹത്തിനും ലജ്ജാകരമായ സംഭവമാണ്. മണിപ്പൂരിലെ പെൺമക്കൾക്ക് സംഭവിച്ചത് ഒരിക്കലും പൊറുക്കാനാവില്ല. സംഭവം രാജ്യത്തിന് നാണക്കേടാണ്, കുറ്റവാളികൾ രക്ഷപ്പെടില്ല " പാർലമെന്റിന്റെ വർഷകാല സമ്മേളനം ആരംഭിക്കുന്നതിന് മുന്നോടിയായി പാർലമെന്റിന് പുറത്ത് വെച്ച് നരേന്ദ്ര മോദി പറഞ്ഞു.
"അതാത് സംസ്ഥാനങ്ങളിൽ ക്രമസമാധാന സംവിധാനം കൂടുതൽ ശക്തമാക്കുന്നുവെന്ന് ഉറപ്പാക്കാൻ ഞാൻ എല്ലാ മുഖ്യമന്ത്രിമാരോടും ആവശ്യപ്പെടുന്നു. പ്രത്യേകിച്ചും നമ്മുടെ അമ്മമാരുടെയും സഹോദരിമാരുടെയും സംരക്ഷണത്തിന്റെ കാര്യത്തിൽ, കർശനമായ നടപടി സ്വീകരിക്കണം. അത് രാജസ്ഥാനിലോ ഛത്തീസ്ഗഢിലോ മണിപ്പൂരിലോ ആകട്ടെ, ഈ രാജ്യത്തിന്റെ ഏത് കോണിലായാലും, സ്ത്രീകൾ ബഹുമാനിക്കപ്പെടുന്നുവെന്ന് ഉറപ്പാക്കാൻ രാഷ്ട്രീയക്കാർ രാഷ്ട്രീയ വാചാടോപങ്ങൾക്ക് അതീതമായി ഉയരണം, "മോദി കൂട്ടിച്ചേർത്തു.












Click it and Unblock the Notifications