അശോക് ദാസിന്റെ മരണം: കൊല്ലപ്പെട്ടത് ആൾക്കൂട്ട മർദ്ദനത്തെ തുടർന്നെന്ന് പോലീസ്; 10 പേർ അറസ്റ്റിൽ
കൊച്ചി: മൂവാറ്റുപുഴയിൽ അതിഥി തൊഴിലാളി ആയ അരുണാചൽ പ്രദേശ് സ്വദേശി അശോക് ദാസ് ( 26) കൊല്ലപ്പെട്ടത് ആൾക്കൂട്ട മർദ്ദനത്തെ തുടർന്നാണെന്ന് പോലീസ്. കസ്റ്റഡിയിൽ എടുത്ത പത്ത് പേരുടെയും അറസ്റ്റ് രേഖപ്പെടുത്തി. തലയ്ക്കും നെഞ്ചിനും ഏറ്റ മർദ്ദനമാണ് മരണ കാരണം എന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നുണ്ട്. പെൺസുഹൃത്തിന്റെ വീട്ടിലെത്തിയത് ചോദ്യം ചെയ്തായിരുന്നു മർദ്ദനം.
വ്യാഴാഴ്ച രാത്രി വാളകം കവലയിലുള്ള ചെറിയ ഊരകം റോഡിലാണ് സംഭവം. രാത്രി മുൻ സഹപ്രവർത്തകയുടെ താമസ സ്ഥലത്ത് ബഹളം ഉണ്ടാക്കി മടങ്ങുമ്പോൾ ആൾക്കൂട്ടം പിടികൂടി കെട്ടിയിട്ട് ചോദ്യം ചെയ്യുകയായിരുന്നു. വാളകം കവലയിലുള്ള ഹോട്ടലിൽ ജീവനക്കാരിയായിരുന്ന യുവതിയുടെ വാടക വീട്ടിലാണ് അശോക് എത്തിയത്. ഇതേ ഹോട്ടലിലെ ചൈനീസ് കുക്കായിരുന്നു അശോക് ദാസ് ഇവിടെ നിന്ന് പിരിഞ്ഞുപോയ ശേഷം വ്യാഴാഴ്ച യുവതിയെ കാണാനാണ് ഇയാൾ വാളകത്ത് എത്തിയത്.

ഈ സമയത്ത് യുവതിക്കൊപ്പം എൽ എൽ ബി വിദ്യാർത്ഥിനിയായ മറ്റൊരു യുവതിയും അവിടെ ഉണ്ടായിരുന്നു. രാത്രി ഏഴോടെ യുവതി ജോലിക്കായി ഹോട്ടലിലേക്ക് പോയപ്പോൾ വീട്ടിൽ നിന്ന് ഇറങ്ങിയ ഇയാൾ വീണ്ടും തിരിച്ചെത്തി. ഇതോടെ എൽ എൽ ബി വിദ്യാർത്ഥിനി ഭയന്ന് സുഹൃത്തായ യുവതിെ വിളിച്ചുവരുത്തി. ഇതിന് പിന്നാലെ അശോക് ദാസും യുവതികളുമായി തർക്കമുണ്ടായി. ബഹളത്തിനിടെ ഇയാൾ അലമാരയുടെ ചില്ല് തകർത്തു. കയ്യിൽ മുറിവ് ഉണ്ടായി. ഇതിന് പിന്നാലെ ഇയാൾ വീട്ടിൽ നിന്ന് ഇറങ്ങി എന്നാണ് യുവതികൾ നൽകിയ മൊഴി.
കയ്യിൽ രക്തം വാർന്നൊഴുകുന്ന മുറിവുകളുമായി കണ്ട അശോക് ദാസിനെ സമീപത്തെ ക്ഷേത്രത്തിലേക്കുള്ള ബോർഡ് സ്ഥാപിച്ചിരുന്ന ഇരുമ്പ് തൂണിൽ ഒരു സംഘം ആളുകൾ ചേർന്ന് കെട്ടിയിട്ട് ചോദ്യം ചെയ്യുകയായിരുന്നു. അശോകിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും വിദഗ്ധ ചികിത്സയ്ക്ക് വേണ്ടി കോട്ടയം മെഡിക്കൽ കോളേജിലേക്ക് മാറ്റാനുള്ള ശ്രമത്തിനിടെ മരിച്ചു.
പോസ്റ്റ് മോർട്ടത്തിന് ശേഷം അശോക് ദാസിന്റെ മൃതദേഹം ജനറൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ് അശോക് ദാസിന്റെ ബന്ധുക്കൾ മൂവാറ്റുപുഴയിലേക്ക് തിരിച്ചിട്ടുണ്ട്. മൃതദേഹം ഇവർക്ക് കൈമാറുമെന്ന് പോലീസ് പറഞ്ഞു. റൂറൽ ജില്ലാ പോലീസ് ആസ്ഥാനത്ത് നിന്ന് എ എസ് പി അഞ്ജലി ഭാവനയുടെ നേതൃത്വത്തിൽ പോലീസ് സംഘം എത്തിയാണ് പരിശോധനകൾ നടത്തിയത്.












Click it and Unblock the Notifications