എമ്പുരാൻ ക്രിസ്ത്യാനികൾക്ക് എതിരെന്ന് മന്ത്രി ജോർജ് കുര്യൻ; ബിജെപിയുടെ നിലപാട് എന്തെന്ന് ജോൺ ബ്രിട്ടാസ്
എമ്പുരാൻ വിഷയത്തിൽ രാജ്യസഭയിൽ പ്രതിഷേധമറിയിച്ച് ജോൺ ബ്രിട്ടാസ് എംപി. സംസാരിക്കാനും കലാസൃഷ്ടിക്കുമുളള മൗലിക അവകാശം രാജ്യത്ത് നഷ്ടപ്പെടുകയാണെന്ന് എംപി വിമർശിച്ചു. ചിത്രത്തെ സെൻസർ ബോർഡ് റീ എഡിറ്റ് ചെയ്തു. സംവിധായകനേയും സിനിമയുടെ എഴുത്തുകാരനേയും രാജ്യവിരുദ്ധമായി ചിത്രീകരിക്കുകയാണെന്നും ജോൺ ബ്രിട്ടാസ് എംപി ആരോപിച്ചു. ഫേസ്ബുക്കിലൂടെയും അദ്ദേഹം രൂക്ഷവിമർശനം ഉയർത്തി.
'എമ്പുരാൻ സിനിമയിലെ രംഗങ്ങൾ മുറിച്ചു കളഞ്ഞതിൽ തങ്ങൾക്ക് യാതൊരു ഇടപെടലും ഇല്ല എന്നാണ് ബി ജെ പി കേരളത്തിൽ പറഞ്ഞുകൊണ്ടിരിക്കുന്നത്. സിനിമയുടെ ശിൽപ്പികൾ സ്വന്തം നിലക്ക് കൈക്കൊണ്ട തീരുമാനപ്രകാരമാണ് സിനിമയ്ക്ക് മേൽ കത്തി വെച്ചതെന്ന് പറയുന്നു. ബി ജെ പിയുടെ സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർന്റെ നിലപാട് പ്രകാരം സിനിമയെ സിനിമയായി കാണണം.

കേന്ദ്ര മന്ത്രിയായ സുരേഷ് ഗോപി പറയുന്നു ഈ സിനിമ കച്ചവടമാണ്, അതിനെ കച്ചവടമായി കണ്ടാൽ മതി എന്ന്. ഇന്ന് എമ്പുരാൻ വിഷയം രാജ്യ സഭയിൽ ഞാൻ ഉയർത്തിയപ്പോൾ ഒരു മന്ത്രിയുടെ പദവി തന്നെ കാറ്റിൽ പറത്തിക്കൊണ്ട് സഹമന്ത്രി ജോർജ് കുര്യൻ എഴുന്നേറ്റു നിന്ന് പറഞ്ഞത് സിനിമ ക്രൈസ്തവ വിരുദ്ധമാണ് എന്നാണ്. (ബി ജെ പിക്ക് ക്രൈസ്തവരോടുള്ള സവിശേഷമായ സ്നേഹം എന്താണെന്നു എല്ലാവർക്കും അറിയാമല്ലോ ..!) എന്താണ് ബി ജെ പിയുടെ നിലപാട് ?', ബ്രിട്ടാസ് ചോദിച്ചു.
അതേസമയം എമ്പുരാൻ വിഷയത്തിൽ ശക്തമായ പ്രതിഷേധമാണ് സിപിഎം നേതാക്കൾ ഉയർത്തുന്നത്. രാജ്യം ഭരിക്കുന്നവർ എത്രത്തോളം ക്രൂരത മുറ്റിയവരാണെന്ന് ഇരുപത്തിമൂന്ന് വർഷത്തിനിപ്പുറം പുതിയ തലമുറയെ പഠിപ്പിക്കുകയാണ് എമ്പുരാനെന്ന് മുൻ മന്ത്രി തോമസ് ഐസക് പറഞ്ഞു. 'എമ്പുരാൻ സിനിമയിൽ നിന്ന് മൂന്നു മിനിട്ട് രംഗങ്ങൾ വെട്ടിക്കളഞ്ഞാൽ, ഗുജറാത്ത് വംശഹത്യയുടെ പാപക്കറ സംഘപരിവാറിന്റെ കൈകളിൽ നിന്ന് മാഞ്ഞു പോകുമോ? ഒരിക്കലുമില്ല. തെഹൽക്കയുടെ സ്റ്റിംഗ് ഓപ്പറേഷനിൽ ആഷിഷ് ഖേതനോട് ബാബു ബജ്റംഗി തുറന്നു പറഞ്ഞതിനപ്പുറം എന്താണ് എമ്പുരാനിൽ അധികമുള്ളത്?
ബാബു ബജ്റംഗിയുടെ വാക്കുകളിൽ പത്തിവിരിഞ്ഞ പൈശാചികതയുടെ ദൃശ്യാവിഷ്കാരം മാത്രമാണ് എമ്പുരാന്റെ ആദ്യരംഗങ്ങൾ. ഇന്ന് രാജ്യം ഭരിക്കുന്നവർ എത്രത്തോളം ക്രൂരത മുറ്റിയവരാണെന്ന് ഇരുപത്തിമൂന്ന് വർഷത്തിനിപ്പുറം പുതിയ തലമുറയെ പഠിപ്പിക്കുകയാണ് എമ്പുരാൻ. അവസരം കിട്ടിയാൽ ബാബു ബജ്റംഗിമാരാകാൻ തറ്റുടുത്തു നിൽക്കുന്നവർ കേരളത്തിലുമുണ്ട് എന്ന യാഥാർത്ഥ്യത്തിലേയ്ക്കാണ് എമ്പുരാൻ വിവാദം വിരൽ ചൂണ്ടുന്നത്.
ഭയപ്പെടുത്തി വരുതിയ്ക്കു നിർത്തുക എന്ന ഒറ്റക്കുറ്റിയെച്ചുറ്റിയാണ് സംഘപരിവാറിന്റെ രാജ്യഭരണം. അതിനവർ എന്തും ചെയ്യും. എത്ര അനായാസമായാണ് അവർക്ക് എമ്പുരാന്റെ മേൽ തങ്ങളുടെ സെൻസർഷിപ്പ് അടിച്ചേൽപ്പിക്കാൻ കഴിഞ്ഞത്. സെൻസർ ബോർഡ് സർട്ടിഫിക്കറ്റോടെ പ്രദർശനത്തിനെത്തിയ സിനിമയ്ക്ക് വേറൊരു സെൻസറിംഗ്. പക്ഷേ, വിവാദം ബാക്കിയാക്കുന്നതോ. സിനിമയിലെ വില്ലന്റെ പേര് മാറ്റിയിട്ടും, ഏതാനും രംഗങ്ങളിൽ കത്രിക വെച്ചിട്ടുമൊന്നും ഇനിയൊരു കാര്യവുമില്ല. സിനിമ അതിന്റെ ദൗത്യം നിർവഹിച്ചു കഴിഞ്ഞു. ഗുജറാത്ത് കലാപവും ആശിഷ് ഖേതന്റെ സ്റ്റിംഗ് ഓപ്പറേഷൻ വെളിപ്പെടുത്തലുമൊക്കെ വീണ്ടും ചർച്ചയായി. ബാബു ബജ്റംഗിയെപ്പോലുള്ളവരുടെ ക്രൂരതകളെക്കുറിച്ച് ഒരിക്കൽക്കൂടി രാജ്യത്തെ ഓർമ്മിപ്പിക്കാൻ എമ്പുരാന് കഴിഞ്ഞു.
ആദ്യമായിട്ടല്ല ഒരു സിനിമയിൽ രാഷ്ട്രീയവിമർശനമുണ്ടാകുന്നതും യഥാർത്ഥ സംഭവങ്ങൾ സിനിമയ്ക്കു പ്രമേയമാകുന്നതും. രാഷ്ട്രീയപാർടികളെയും രാഷ്ട്രീയ നേതാക്കളെയും വിമർശിക്കുകയും പരിഹസിക്കുകയും ചെയ്യുന്ന എത്രയോ സിനിമകൾ കേരളത്തിലിറങ്ങിയിട്ടുണ്ട്. ഇഎംഎസ്, നായനാർ, വിഎസ്, ഗൗരിയമ്മ, കരുണാകരൻ, ആന്റണി തുടങ്ങിയ രാഷ്ട്രീയനേതാക്കളെ പരിഹസിക്കുകയും വിമർശിക്കുകയും ചെയ്യുന്ന കലാസൃഷ്ടികളുണ്ടായിട്ടുണ്ട്. അന്നൊന്നും ഇതു പോലെ അസഹിഷ്ണുത കാണിക്കുകയോ സംവിധായനെയോ എഴുത്തുകാരനെയും നിർമ്മാതാവിനെയും കുടുംബാംഗങ്ങളെയും തെറിവിളിക്കുകയോ വേട്ടയാടാൻ ഇറങ്ങുകയോ ചെയ്തിട്ടില്ല.
ആ വിവേകബുദ്ധിയും സഹിഷ്ണുതയുമൊന്നും സംഘികളിൽ നിന്ന് പ്രതീക്ഷിക്കാനാവില്ല. അല്ലെങ്കിൽത്തന്നെ വകതിരിവും വിവേകവുമുള്ളവർ സംഘികളാകുമോ? ഒരു ജനപ്രിയ സൂപ്പർസ്റ്റാർ ചിത്രത്തിൽ ഈ വിധം ചരിത്രത്തെ ഓർമ്മപ്പെടുത്തലോ, ചരിത്രസംഭവത്തെ അടിസ്ഥാനമാക്കിയുള്ള പ്രതികാരനിർവഹണമോ ഒന്നും സാധാരണഗതിയിൽ പ്രതീക്ഷിക്കാനാവില്ല. അതിന്റെ കലാമൂല്യവും മറ്റുമൊക്കെ ചലച്ചിത്ര നിരൂപകരും ആ മേഖലയിലുള്ളവരുമൊക്കെ വിലയിരുത്തട്ടെ. പക്ഷേ, ആ ശ്രമം, സംഘികളുടെ മൂട്ടിൽ തീയിട്ടതിനു തുല്യമായി. സിനിമയെ അങ്ങനെ സമീപിക്കാൻ കാണിച്ച ധൈര്യത്തിന് പൃഥ്വിരാജിനെയും മുരളി ഗോപിയെയും ചിത്രത്തിന്റെ അണിയറപ്രവർത്തകരെയും അഭിനന്ദിക്കുന്നു', അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.












Click it and Unblock the Notifications