ഡ്രൈവിംഗ് ടെസ്‌റ്റ് അപ്പാടെ മാറും, ഇനി വീഡിയോയിൽ ചിത്രീകരിക്കും; ലൈസൻസ് സ്പോട്ടിൽ കിട്ടുമെന്നും മന്ത്രി
തിരുവനന്തപുരം: സംസ്ഥാനത്ത് ഡ്രൈവിംഗ് ടെസ്‌റ്റുകളിൽ മാറ്റമുണ്ടാവുമെന്ന് മന്ത്രി കെബി ഗണേഷ് കുമാർ. ലൈസൻസ് വിതരണത്തിലും സമഗ്രമായ മാറ്റങ്ങൾക്കുള്ള സൂചന മന്ത്രി മുന്നോട്ട് വച്ചിട്ടുണ്ട്. ഡ്രൈവിംഗ് ടെസ്‌റ്റ് നടപടികൾ ഇനി മുതൽ ക്യാമറയിൽ ചിത്രീകരിക്കാനാണ് തീരുമാനം. എംവിഡി ഉദ്യോഗസ്ഥർക്ക് അടുത്ത ദിവസം മുതൽ ടാബ് വിതരണം ചെയ്യും.
ലൈസൻസ് സ്പോട്ടിൽ വിതരണം ചെയ്യാനാണ് ടാബ് അനുവദിക്കുന്നത്. ഡ്രൈവിങ്ങ് ടെസ്‌റ്റിൽ ഉടൻ മാറ്റം നടപ്പിലാക്കുമെന്നും മന്ത്രി അറിയിച്ചു. നേരത്തെയും ഡ്രൈവിംഗ് ടെസ്‌റ്റ് നടപടികളിലെ വീഴ്‌ച ചൂണ്ടിക്കാട്ടി ഗണേഷ് കുമാർ രംഗത്ത് വന്നിരുന്നു. അതിന് പിന്നാലെ അദ്ദേഹം വിവിധ പരിഷ്‌കാരങ്ങൾ ഉൾപ്പെടെ പ്രഖ്യാപിക്കുകയും ചെയ്‌തിരുന്നു.

അതേസമയം, കെഎസ്ആർടിസിയുടെ സാമ്പത്തിക കണക്ക് നോക്കുന്നത് താനാണെന്നാണ് മന്ത്രി കെബി ഗണേഷ്‌കുമാർ അറിയിച്ചത്. ഒന്നാം തീയതി ശബളം നൽകാനുള്ള പദ്ധതികൾ തയ്യാറാക്കിയിട്ടുണ്ട്. വൈകാതെ ഒന്നാം തീയതി ശമ്പള വിതരണം ആരംഭിക്കും. 8 വർഷത്തിനിടയിൽ 10,000 കോടിയാണ് കെഎസ്ആർടിസിക്ക് സർക്കാർ നൽകിയതെന്നും ഗണേഷ് അറിയിച്ചു.
ശമ്പളത്തെക്കാൾ കൂടുതൽ പെൻഷനാണ് കെഎസ്ആർടിസിയിൽ നൽകുന്നത്. കോർപ്പറേഷന്റെ നഷ്‌ടം കുറഞ്ഞു. മൂന്ന് മാസം കൊണ്ട് പൂർണമായും കമ്പ്യൂട്ടർ വത്ക്കരണം നടപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു. കെഎസ്ആർടിസിയിലെ 90 ശതമാനം ജീവനക്കാരും നല്ലതാണ്. ഒരു 4 ശതമാനം പ്രശ്‌നക്കാരാണ്. അവരാണ് ആളുകളോട് മോശമായി പെരുമാറുന്നതും, അപകടങ്ങൾ ഉണ്ടാക്കുന്നതും.
ആൻഡ്രോയിഡ് ടിക്കറ്റ് മിഷൻ ഉടൻ ആരംഭിക്കുമെന്ന നിർണായക പ്രഖ്യാപനവും മന്ത്രി ഇന്ന് നടത്തുകയുണ്ടായി. ചലോ എന്ന കമ്പനിയുമായി സഹകരിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. കെഎസ്ആർടിസിക്ക് ഉടൻ പുതിയ ആപ്പ് വരുമെന്നും അറിയിച്ചിട്ടുണ്ട്. ബസിന്റെ സഞ്ചാര പാത തിരിച്ച് അറിയുന്ന രീതിയിലാണ് പദ്ധതി.
ട്രെയിൻ ആപ്പുകൾക്ക് സമാനമായ രീതിയിലാണ് ഈ ആപ്പ് നിർമ്മിക്കുക എന്നാണ് അറിയിച്ചത്. ബസ് സ്‌റ്റേഷൻ നവീകരണം ഉടൻ ഉണ്ടാകും. കെഎസ്ആർടിസി സ്‌റ്റാന്റുകളിലെ ബാത്ത് റൂമുകൾ മുഴുവൻ ക്ലീനിങ്ങ് നടത്തും. ഭക്ഷണ വിതരണം ആരംഭിക്കാനുള്ള പദ്ധതി തയ്യാറാണെന്നും, സുലഭം എന്ന ഏജൻസിയുമായി സഹകരിച്ചാണ് പദ്ധതിയെന്നും ഗണേഷ് കൂട്ടിച്ചേർത്തു.












Click it and Unblock the Notifications