മോദിയെ പുകഴ്ത്തുന്ന തരൂരിന് കമല്‍ഹാസന്‍റെ അഭിപ്രായം പോലും ഇല്ല: ഹസന്‍
തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്രമോദിയെ പ്രശംസിയ്ക്കുന്നത് ശശി തരൂര്‍ എംപി അവസാനിപ്പിയ്ക്കണമെന്ന് കെപിസിസി ഉപാധ്യക്ഷന്‍ എംഎം ഹസന്‍. പ്രധാനമന്ത്രിയുടെ സ്വച്ഛ ഭാരത് അഭിയാന്‍ പദ്ധതിയുടെ ഭാഗമാകുന്നതിന് തരൂര്‍ കാട്ടിയ സന്നദ്ധതയാണ് വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കിയത്. തരൂരിനെതിരെ അച്ചടക്ക നടപടിയുണ്ടാകാനും സാധ്യത. കമല്‍ ഹാസന്റെ അഭിപ്രായം പോലും തരൂരിന് ഇല്ലെന്ന് ഹസന്‍ കുറ്റപ്പെടുത്തി.
തരൂരിനെതിരായ നിലപാട് വ്യക്തമാക്കുന്നതിന് വേണ്ടി വിളിച്ച് ചേര്‍ത്ത വാര്‍ത്ത സമ്മേളനത്തിലാണ് എംഎം ഹസന്‍ ഇക്കാര്യങ്ങള്‍ പറഞ്ഞത്. പ്രശംസ അര്‍ഹിയ്ക്കുന്ന തരത്തില്‍ യാതൊന്നും പ്രധാനമന്ത്രി ചെയ്തിട്ടില്ലെന്നും ഹസന്‍ പറഞ്ഞു. മോദിയുടെ വര്‍ഗീയ അജണ്ടയുടെ ഭാഗമാവുകയാണ് ശശി തരൂരെന്ന് എം ലിജുവും പ്രതികരിച്ചു. സംസ്ഥാനത്തെ പല പ്രമുഖ കോണ്‍ഗ്രസ് നേതാക്കള്‍ക്കും തരൂരിന്റെ നിലപാടുകളോട് കടുത്ത വിയോജിപ്പാണുള്ളത്.

ഹസന്റെ പരാമര്‍ശത്തിനെതിരെ വിമര്‍ശനവുമായി ശശി തരൂര്‍ രംഗത്തെത്തി. ബിജെപി നേതാവിനെ അനുകൂലിയ്ക്കുന്നത് പാര്‍ട്ടിയ്ക്കുള്ള പിന്തുണയല്ലെന്നും ബിജെപിയുടെ ഹിന്ദുത്വ അജണ്ടയ്ക്കുള്ള പിന്തുണയായി ഇതിനെ വ്യാഖ്യാനിയ്‌ക്കേണ്ടതില്ലെന്നും ശശി തരൂര്‍ പറയുന്നു. സ്വച്ഛ് ഭാരത് പദ്ധതിയ്ക്ക് തന്നെ ക്ഷണിച്ച മോദിയെ തരൂര്‍ പ്രശംസിയ്ക്കുകയും മോദിയുടെ വ്യക്തിപരമായ ഇടപെടല്‍ ദേശീയ അവബോധം ഉണ്ടാക്കുമെന്നും തരൂര്‍ പറഞ്ഞിരുന്നു. ഇതോടെയാണ് വിവാദങ്ങള്‍ക്ക് തുടക്കമായത്.












Click it and Unblock the Notifications