ഗവർണർക്കെതിരെ എംഎം മണി നടത്തിയ അസഭ്യം സിപിഎമ്മിന്റെ സംസ്കാരം വ്യക്തമാക്കുന്നു: കെ സുരേന്ദ്രന്‍
തിരുവനന്തപുരം: വണ്ടിപ്പെരിയാറിലെ പെൺകുട്ടിയുടെ അച്ഛനെ പ്രതിയുടെ ബന്ധുക്കൾ അക്രമിച്ച സംഭവം കേരളത്തിൽ ക്രമസമാധാനനില തകർന്നതിന് ഉദാഹരണമാണെന്ന് ബി ജെ പി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. സി പി എമ്മുമായി ബന്ധമുള്ളവർ ഇവിടെ എന്തുമാവാം എന്ന സ്ഥിതിയാണുള്ളത്. ക്രൂരമായ പീഡനത്തിന് ഇരയായി കൊല്ലപ്പെട്ട കുട്ടിക്ക് നീതികിട്ടിയില്ല. പ്രതി സി പി എമ്മുകാരനായതിനാൽ പൊലീസും പ്രോസിക്യൂഷനും കണ്ണടക്കുകയായിരുന്നുവെന്നും അദ്ദേഹം ആരോപിക്കുന്നു.
ഇപ്പോൾ ഇതാ ഇരയുടെ അച്ഛനെ പട്ടാപകൽ കുത്തിക്കൊല്ലാൻ പ്രതിയുടെ ബന്ധുക്കൾ ശ്രമിച്ചിരിക്കുന്നു. കേരളം വെള്ളരിക്കാപ്പട്ടണമായി മാറിയോ എന്നാണ് നാട്ടുകാർ ചോദിക്കുന്നത്. ഇരയെ പിന്നെയും പിന്നെയും വേട്ടയാടുന്ന നരകതുല്ല്യമായ സ്ഥലമായി നമ്മുടെ സംസ്ഥാനം മാറിക്കഴിഞ്ഞുവെന്നും കെ സുരേന്ദ്രൻ പറഞ്ഞു.

ഗവർണർക്കെതിരെ തെരുവിൽ ആക്രമണം അഴിച്ചുവിടാനാണ് സി പി എം നീക്കം. അതുകൊണ്ടാണ് തിരുവനന്തപുരത്ത് എസ് എഫ് ഐക്കാർ ഗവർണറെ തടയാൻ ശ്രമിക്കുന്നത്. ഗവർണർക്കെതിരെ എം എം മണി നടത്തിയ അസഭ്യം സി പി എമ്മിന്റെ സംസ്കാരമാണ് വിളിച്ചോതുന്നത്. മുഖ്യമന്ത്രിയുടെയും പാർട്ടി സെക്രട്ടറിയുടേയും അറിവോടെയാണ് എം എം മണിയും എസ് എഫ് ഐയും അഴിഞ്ഞാടുന്നത്.
ഭരണത്തലവന് പോലും സ്വതന്ത്രമായി സഞ്ചരിക്കാൻ കഴിയാത്ത നാടായി പിണറായി വിജയൻ കേരളത്തെ മാറ്റി. രാജ്ഭവൻ മാർച്ചും ഇടുക്കിയിലെ ഹർത്താലും രാജ്യത്തിന്റെ ഭരണഘടനയെ സംസ്ഥാന സർക്കാർ തന്നെ ചോദ്യം ചെയ്യുന്നതിന്റെ നേർചിത്രങ്ങളാണ്. ജീവൽ പ്രശ്നങ്ങളിൽ നിന്നും ശ്രദ്ധതിരിക്കാനാണ് സർക്കാർ ക്രമസമാധാനനില തകർന്നുതെന്ന് വ്യക്തമാണെന്നും ബി ജെ പി സംസ്ഥാന അധ്യക്ഷന്‍ കൂട്ടിച്ചേർത്തു.
അതേസമയം, വണ്ടിപ്പെരിയാർ ടൗണില്‍ വെച്ചായിരുന്നു കേസില്‍ വെറുതെ വിട്ട പ്രതി അര്‍ജുന്റെ ബന്ധു പെണ്‍കുട്ടിയുടെ പിതാവിനെ കുത്തിയത്. പരിക്കേറ്റ പിതാവിനെ വണ്ടിപ്പെരിയാര്‍ ഗവണ്‍മെന്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പെണ്‍കുട്ടിയുടെ പിതാവിന്റെ പുറത്തും വയറിലും കുത്തേറ്റിട്ടുണ്ട്. ഇയാളുടെ കാലില്‍ വെട്ടേറ്റതായും റിപ്പോര്‍ട്ടുണ്ടായിരുന്നു. തടയാന്‍ ശ്രമിച്ച പെണ്‍കുട്ടിയുടെ മുത്തച്ഛനും മര്‍ദ്ദനമേറ്റു.
ഇന്ന് രാവിലെ 11 മണിയോടെ വണ്ടിപ്പെരിയാര്‍ ടൗണില്‍ സത്രം ജംഗ്ഷനില്‍ വെച്ച് അര്‍ജുന്റെ ബന്ധുവായ പാല്‍രാജും കുട്ടിയുടെ പിതാവും തമ്മില്‍ വാക്കേറ്റമുണ്ടായിരുന്നു. ഇതാണ് പിന്നീട് സംഘര്‍ഷത്തിലേക്കും കത്തിക്കുത്തിലേക്കുമെത്തിയത്. പ്രതി പാല്‍രാജിനെ വണ്ടിപ്പെരിയാര്‍ പൊലീസ് കസ്റ്റഡിയിലെടുത്തു.












Click it and Unblock the Notifications