'ഞാന്‍ അത്ര വലിയ സംഭാവനകളൊന്നും നല്‍കിയിട്ടില്ല'; പത്മശ്രീ തനിക്ക് അര്‍ഹതപ്പെട്ടതല്ലെന്ന് കാരശ്ശേരി
കോഴിക്കോട്: കേന്ദ്ര സര്‍ക്കാര്‍ പത്മശ്രീ നല്‍കി ആദരിക്കേണ്ട വ്യക്തിയല്ല താന്‍ എന്ന് എഴുത്തുകാരനും സാംസ്‌കാരിക പ്രവര്‍ത്തകനുമായ എം എന്‍ കാരശ്ശേരി. പത്മശ്രീ പുരസ്‌കാരത്തിന് താന്‍ അര്‍ഹനല്ല എന്നും അദ്ദേഹം വ്യക്തമാക്കി. പത്മ പുരസ്‌കാര വിതരണങ്ങളെ കുറിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ നടത്തിയ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
'വൈക്കം മുഹമ്മദ് ബഷീറിനും എം ടി വാസുദേവന്‍ നായര്‍ക്കും ലീലാവതിക്കും ഒക്കെ ലഭിച്ച പുരസ്‌കാരമാണ് പത്മശ്രീ. അവരെപ്പോലെ കേരള സംസ്‌കാരത്തിനും ഇന്ത്യന്‍ ചരിത്രത്തിനും സംഭാവന നല്‍കിയിട്ടുള്ള വ്യക്തിയല്ല താന്‍ എന്നാണ് വ്യക്തിപരമായ അഭിപ്രായം,' എം എന്‍ കാരശ്ശേരി പറഞ്ഞു. വി ഡി സതീശന് തന്നെപ്പറ്റി നല്ല അഭിപ്രായമുള്ളത് അറിഞ്ഞതില്‍ സന്തോഷവും നന്ദിയുമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പുരസ്‌കാരത്തെക്കുറിച്ച് ആലോചിച്ച് ഊര്‍ജമോ സമയമോ പാഴാക്കരുത് എന്നും അദ്ദേഹം ഓര്‍മിപ്പിച്ചു. അഞ്ച് തവണ നാമനിര്‍ദേശം ചെയ്യപ്പെട്ടിട്ടും മഹാത്മാ ഗാന്ധിക്ക് നൊബേല്‍ പുരസ്‌കാരത്തിന് ലഭിച്ചിട്ടില്ല എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. രാജ്യത്തെ പ്രധാന പുരസ്‌കാരങ്ങളൊന്നും വൈക്കം മുഹമ്മദ് ബഷീറിന് ലഭിച്ചില്ല. അതിലൊന്നും വലിയ കാര്യമില്ലെന്നും അദ്ദേഹം പറഞ്ഞു.
വലിയ ആളുകളുടെ പേരിനൊപ്പം തന്റെ പേര് പരാമര്‍ശിച്ചതല്ല ഇത്തരമൊരു ചര്‍ച്ച പോലും അനാവശ്യമാണ് എന്ന് കരുതുന്നയാളാണ് താനെന്നും അദ്ദേഹം വ്യക്തമാക്കി. നേരത്തെ ഈ വര്‍ഷത്തെ പത്മ പുരസ്‌കാരത്തിലും നടന്‍ മമ്മൂട്ടി അടക്കമുള്ളവരെ തഴഞ്ഞെന്ന് ചൂണ്ടിക്കാട്ടി വി ഡി സതീശന്‍ രംഗത്തെത്തിയിരുന്നു. മമ്മൂട്ടിക്കും ശ്രീകുമാരന്‍ തമ്പിക്കും പത്മ പുരസ്‌കാരം ഇല്ലാതെ പോയത് എന്തുകൊണ്ടാണ് എന്നായിരുന്നു സതീശന്റെ ചോദ്യം.
'എന്താണ് പത്മ പുരസ്‌കാരം നല്‍കുന്നതിന്റെ മാനദണ്ഡം? 1998ല്‍ പത്മശ്രീ കിട്ടിയ മമ്മൂട്ടി കാല്‍നൂറ്റാണ്ടിന് അപ്പുറവും അവിടെ തന്നെ നില്‍ക്കുകയാണ്,' സതീശന്‍ പറഞ്ഞു. ഏറ്റവും അര്‍ഹതപ്പെട്ട കരങ്ങളില്‍ എത്തുമ്പോഴാണ് പുരസ്‌കാരത്തിന് വജ്ര ശോഭ കൈവരുന്നത് എന്നും അദ്ദേഹം പറഞ്ഞു.
ടി.പത്മനാഭന്‍, സാനു മാഷ്, സി.രാധാകൃഷ്ണന്‍, സാറാ ജോസഫ്, സജിതാ ശങ്കര്‍, സുജാതാ മോഹന്‍, എം.എന്‍ കാരശ്ശേരി, നെടുമുടി വേണു, ഡോ. എം.വി. പിള്ള, ദീപന്‍ ശിവരാമന്‍, ഡോ. വി.എസ്. വിജയന്‍ തുടങ്ങി എത്രയെത്രയോ പ്രതിഭാശാലികളില്‍ നിന്ന് ഇപ്പോഴും അകന്ന് നില്‍ക്കുകയാണ് പത്മ പുരസ്‌കാരങ്ങളെന്നും സതീശന്‍ പറഞ്ഞിരുന്നു.












Click it and Unblock the Notifications