മങ്കിപോക്സ്:'ചികിത്സയിലുള്ള രോഗി സഹകരിക്കുന്നില്ല'; പ്രതികരിച്ച് വീണ ജോർജ്
തിരുവനന്തപുരം : കേരളത്തിൽ മങ്കിപോക്സ് റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ എല്ലാ ജില്ലകളിലും ജാഗ്രത നിർദ്ദേശം നൽകി ആരോഗ്യവകുപ്പ്. രോഗം സ്ഥിരീകരിച്ച ആശുപത്രിയിൽ കഴിയുന്ന രോഗി ആരോഗ്യ വകുപ്പിനോട് സഹകരിക്കുന്നില്ലെന്നും സമ്പർക്ക പട്ടിക തയ്യാറാക്കാൻ കഴിയാത്ത സാഹചര്യമാണെന്നും വകുപ്പ് മന്ത്രി വീണാ ജോർജ് പറഞ്ഞു.
ചികിത്സയിൽ കഴിയുന്ന രോഗി ആദ്യം രോഗത്തെ സംബന്ധിക്കുന്ന വിവരങ്ങൾ പറയാൻ ആരോഗ്യവകുപ്പിനോട് തയ്യാറായി എങ്കിലും ഇപ്പോൾ കൂടുതൽ വിവരങ്ങൾ പറയുന്നില്ല. ഇത് പ്രതിസന്ധി സൃഷ്ടിക്കുകയാണെന്നും ആരോഗ്യ വകുപ്പ് മന്ത്രി വ്യക്തമാക്കി. നിരീക്ഷണത്തിൽ കഴിയുന്ന രോഗിയുടെ രക്ഷിതാക്കളും വിവരങ്ങൾ നൽകുകയോ പ്രതികരിക്കുകയോ ചെയ്യുന്നില്ല.

കൂടുതൽ പേരുടെ സമ്പർക്ക പട്ടിക ഇനിയും തയ്യാറാക്കേണ്ടതുണ്ട്. എന്നിരുന്നാൽ വിവരങ്ങൾ ലഭിക്കാത്ത സാഹചര്യമാണ് ഇപ്പോൾ ഉളളത്. അതേസമയം, ഹൈ റിസ്ക് വിഭാഗത്തിൽ രോഗികളുടെ വീട്ടിലുള്ള രണ്ടുപേരും മറ്റ് മൂന്ന് ആളുകളും ഉണ്ടെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് ട്വന്റിഫോറിനോട് വ്യക്തമാക്കി.
മങ്കിപോക്സിന്റെ എന്തെങ്കിലും തരത്തിലുള്ള ലക്ഷണങ്ങൾ പ്രകടമാക്കുകയോ സംശയം തോന്നുകയോ ചെയ്താൽ പരിശോധനയ്ക്ക് വിധേയമാകണമെന്നും മന്ത്രി പറഞ്ഞു. എല്ലാ ജില്ലകളിലും ഐസൊലേഷൻ സജ്ജമാക്കാനാണ് തീരുമാനം. മെഡിക്കൽ കോളേജുകൾക്ക് കീഴിൽ പ്രത്യേക സൗകര്യങ്ങൾ ഇതിനുവേണ്ടി ഒരുക്കും.
എല്ലാ ജില്ലകളിലും ജാഗ്രത നിർദേശം നൽകിയിട്ടുണ്ട്. രോഗിക്ക് സമ്പർക്കം ഉണ്ടായ ജില്ലകളിൽ പ്രത്യേകം നിർദ്ദേശങ്ങളും ജാഗ്രതയും സ്വീകരിച്ചുവരികയാണെന്നും മന്ത്രി വ്യക്തമാക്കി. പുതിയ ചികിത്സ മാർഗരേഖ പുറത്തിറക്കിയിട്ടുണ്ട്. സ്വകാര്യ ആശുപത്രികൾക്ക് ഉൾപ്പെടെയാണ് ആരോഗ്യവകുപ്പ് മാർഗ്ഗരേഖ നൽകിയത്. രോഗബാധയുളളതായി സംശയമുള്ളവർ സർക്കാർ ആശുപത്രികളിൽ ചികിത്സ തേടണമെന്നും ആരോഗ്യവകുപ്പ് നിർദ്ദേശിക്കുന്നു.
വിദേശത്ത് നിന്നും എത്തുന്ന വ്യക്തികൾക്ക് രോഗ ലക്ഷണങ്ങൾ ഉണ്ടെങ്കിൽ സാമ്പിൾ വിദഗ്ധ പരിശോധനയ്ക്ക് അയക്കുമെന്നും ആരോഗ്യവകുപ്പ് വ്യക്തമാക്കി. എന്തെങ്കിലും തരത്തിലുള്ള പാടുകളോ ചൊറിച്ചിലോ പനിയുമായോ എത്തുന്നവരെ പ്രത്യേകം നിരീക്ഷിക്കാനും ആരോഗ്യവകുപ്പിന്റെ നേതൃത്വത്തിൽ സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ട്.
വൈറസ് വഴി പകരുന്ന രോഗമായതിനാൽ ആശുപത്രിയിലെ എല്ലാ ജീവനക്കാർക്കും പരിശീലനം നൽകാൻ നടപടി സ്വീകരിച്ചു തുടങ്ങിയതായും ആരോഗ്യവകുപ്പ് അറിയിച്ചു. ജൂലൈ 12 - നാണ് യുഎഇയിൽ നിന്നും കേരളത്തിൽ എത്തിയ കൊല്ലം സ്വദേശിക്ക് മങ്കിപോക്സ് സ്ഥിരീകരിച്ചത്. നിലവിൽ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഐസുലേഷനിൽ കഴിയുകയാണ് രോഗി.
നിലവിൽ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്. 11 പേർ നിലവിൽ സമ്പർക്ക പട്ടികയിൽ ഉണ്ടെന്ന് ആരോഗ്യവകുപ്പ് വ്യക്തമാക്കി. രോഗിയുടെ അടുത്ത ബന്ധുക്കൾ ഉൾപ്പെടെ അഞ്ചുപേരും വിമാനത്തിൽ യാത്ര ചെയ്തവരുമാണ് ഈ 11 പേരുടെ പട്ടികയിൽ ഉള്ളത്.












Click it and Unblock the Notifications