കെപിസിസി അധ്യക്ഷ സ്ഥാനം ഒഴിയാന്‍ സുധാകരന്‍; 'പാര്‍ട്ടിക്കുള്ളില്‍ ചര്‍ച്ച നടക്കുന്നു'
കൊച്ചി: പുരാവസ്തു തട്ടിപ്പ് കേസില്‍ അറസ്റ്റ് ചെയ്തതിന് പിന്നാലെ കെ പി സി സി അധ്യക്ഷ സ്ഥാനം ഒഴിയാന്‍ തയ്യാറാണെന്ന് കെ സുധാകരന്‍ എം പി. കോടതിയില്‍ പൂര്‍ണവിശ്വാസമുണ്ടെന്നും ആവശ്യമെങ്കില്‍ കെ പി സി സി അധ്യക്ഷ പദവിയില്‍ നിന്ന് മാറിനില്‍ക്കും എന്നുമാണ് കെ സുധാകരന്‍ പറഞ്ഞത്. ഇക്കാര്യം ചര്‍ച്ച ചെയ്യുകയാണ് എന്നും സുധാകരന്‍ കൂട്ടിച്ചേര്‍ത്തു.
'പാര്‍ട്ടിക്ക് ഹാനികരമായത് ഒന്നും ചെയ്യില്ല. നിരപരാധിയാണ് എന്ന ഉത്തമബോധ്യമുണ്ട്. കേസ് അന്വേഷണത്തെ ഭയമില്ല', എന്നും സുധാകരന്‍ വ്യക്തമാക്കി. ഇന്നലെ സുധാകരന്‍ പുരാവസ്തുതട്ടിപ്പ് കേസില്‍ ചോദ്യം ചെയ്യലിനായി ക്രൈംബ്രാഞ്ച് ഓഫീസില്‍ എത്തിയിരുന്നു. മോന്‍സന്‍ മാവുങ്കല്‍ ഒന്നാം പ്രതിയായ പുരാവസ്തുതട്ടിപ്പ് കേസില്‍ രണ്ടാം പ്രതിയാണ് കെ സുധാകരന്‍.

അതേസമയം സുധാകരനെ മാറി നില്‍ക്കാന്‍ അനുവദിക്കില്ല എന്നാണ് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ പറഞ്ഞത്. സുധാകരനെതിരെ ചുമത്തിയത് വ്യാജകേസാണ് എന്നാണ് സതീശന്റെ ആരോപണം. അഴിമതിയില്‍ മുങ്ങി ചെളിയില്‍ പുരണ്ടു നില്‍ക്കുകയാണ് പിണറായി സര്‍ക്കാരെന്നും അത് തങ്ങളുടെ മേല്‍ തെറിപ്പിക്കാന്‍ നോക്കേണ്ട എന്നും സതീശന്‍ കൂട്ടിച്ചേര്‍ത്തു. പരാതിക്കാര്‍ തെറ്റായ പശ്ചാത്തലം ഉള്ളവരാണ് എന്നും അദ്ദേഹം ആരോപിച്ചു.
സുധാകരന്‍ കെ പി സി സി അധ്യക്ഷ സ്ഥാനത്ത് നിന്നും മാറി നില്‍ക്കില്ല എന്നും അദ്ദേഹം വ്യക്തമാക്കി. ഇനി സുധാകരന്‍ തയ്യാറായാലും പാര്‍ട്ടി അതിന് അനുവദിക്കില്ല എന്നും സതീശന്‍ പറഞ്ഞു. ഇത് സംബന്ധിച്ച് ചര്‍ച്ച പാര്‍ട്ടിയില്‍ നടന്നിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. സുധാകരനെ ചതിച്ച് ജയിലില്‍ അടയ്ക്കാന്‍ ശ്രമിക്കുമ്പോള്‍ ഒരു കോണ്‍ഗ്രസുകാരനും പിന്നില്‍ നിന്നും കുത്തില്ലെന്നും അദ്ദേഹം വിശദീകരിച്ചു.
ഇന്നലെ ചോദ്യം ചെയ്യലിന് പിന്നാലെയാണ് സുധാകരന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. എന്നാല്‍ ജാമ്യം നല്‍കണം എന്ന് ഹൈക്കോടതി നിര്‍ദേശിച്ചിരുന്നതിനാല്‍ ഇന്നലെ തന്നെ അദ്ദേഹത്തിന് ജാമ്യം ലഭിച്ചിരുന്നു. 50000 രൂപയുടെ ബോണ്ടിന്റെയും രണ്ട് ആള്‍ജാമ്യത്തിലുമാണ് സുധാകരനെ വിട്ടയച്ചത്. കളമശ്ശേരിയിലെ ക്രൈംബ്രാഞ്ച് ഓഫീസില്‍ വെള്ളിയാഴ്ച ഏഴ് മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലിനൊടുവില്‍ വൈകീട്ടാണ് സുധാകരന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്.
അതേസമയം പുരാവസ്തു തട്ടിപ്പ് കേസില്‍ അന്വേഷണം വേഗത്തിലാക്കാനുള്ള നീക്കത്തിലാണ് ക്രൈംബ്രാഞ്ച്. സുധാകരന്‍ കഴിഞ്ഞ ദിവസത്തെ ചോദ്യം ചെയ്യലില്‍ നല്‍കിയ മറുപടികള്‍ വിശദമായി പരിശോധിക്കുമെന്ന് ക്രൈംബ്രാഞ്ച് അറിയിച്ചിട്ടുണ്ട്. സുധാകരന്‍ പത്ത് ലക്ഷം രൂപ വാങ്ങിയെന്നതിന് തെളിവുണ്ട് എന്നാണ് ക്രൈംബ്രാഞ്ചിന്റെ പക്ഷം. ഇത് ശരി വെക്കുന്ന സാക്ഷികളുടെ രഹസ്യമൊഴികളും ക്രൈംബ്രാഞ്ചിന് ലഭിച്ചിട്ടുണ്ട്.
ഏഴ് വര്‍ഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന വഞ്ചനക്കുറ്റം ചുമത്തിയാണ് സുധാകരനെ അറസ്റ്റ് ചെയ്തത്. അതേസമയം സുധാകരനെ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധം കടുപ്പിക്കുമെന്ന് കോണ്‍ഗ്രസ് അറിയിച്ചു. ഇന്ന് സംസ്ഥാന വ്യാപകമായി കെ പി സി സി കരിദിനം ആചരിക്കുകയാണ്. ഇന്നലെ രാത്രിയില്‍ സംസ്ഥാനത്ത് വിവിധ ഇടങ്ങളില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ റോഡ് ഉപരോധിച്ചിരുന്നു.












Click it and Unblock the Notifications