കന്യാസ്ത്രീ പീഡനം; ബിഷപ്പിനെ കുടുക്കിയത് സ്വയമുണ്ടാക്കിയ കുഴി, കൂടുതല്‍ തെളിവുകള്‍ പുറത്ത്
കോട്ടയം: കന്യാസ്ത്രീ പീഡനമാരോപണം ഉന്നയിച്ച ജലന്ധര്‍ ബിഷപ്പിനെതിരെ കുടുക്കുന്ന കൂടുതല്‍ തെളിവുകള്‍ പുറത്തുവരുന്നു. കന്യാസ്ത്രീയെ മോശക്കാരിയാക്കാനുള്ള നീക്കമാണ് ഇതോടെ പൊളിയുന്നത്. പോലീസില്‍ ആദ്യം പരാതിപ്പെട്ട ബിഷപ്പിന്റെ നടപടി അദ്ദേഹത്തിന് തന്നെ തിരിച്ചടിയാകുന്ന കാഴ്ചയാണിപ്പോള്‍.
ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ കന്യാസ്ത്രീ സന്യാസിനി സമൂഹത്തിന് പരാതി നേരത്തെ നല്‍കിയിരുന്നുവെന്ന് തെളിവുകളാണ് പുറത്തുവന്നത്. പരാതി സംബന്ധിച്ച് പരിശോധിക്കാന്‍ ജലന്ധറില്‍ നിന്ന് സന്ന്യാസിനി സമൂഹത്തിന്റെ മദര്‍ ജനറല്‍ കുറുവിലങ്ങാട്ടെ മഠത്തില്‍ എത്തിയിരുന്നു. കന്യാസ്ത്രീയുടെ വീട്ടുകാരുമായി അവര്‍ സംസാരിച്ചിരുന്നു. ഇതിന്റെ തെളിവുകളാണിപ്പോള്‍ പുറത്തുനവന്നിരിക്കുന്നത്. കന്യാസ്ത്രീ പറയുന്നതില്‍ കാര്യമുണ്ടെന്ന് ഒരു വൈദികന്‍ പ്രതികരിക്കുകയും ചെയ്തു....

ദൃശ്യങ്ങള്‍ പുറത്തുവിട്ടു
ജലന്ധറില്‍ നിന്നുള്ള മദര്‍ ജനറല്‍ പരാതി പരിശോധിക്കാനെത്തിയ ദൃശ്യങ്ങള്‍ കന്യാസ്ത്രീയുടെ വീട്ടുകാര്‍ പുറത്തുവിട്ടു. കഴിഞ്ഞവര്‍ഷം ജനുവരിയിലാണ് കന്യാസ്ത്രീ മദര്‍ ജനറലിന് പരാതി സമര്‍പ്പിച്ചത്. പോലീസില്‍ പരാതിപ്പെടാന്‍ വൈകിയെന്നത് ശരിയാണ്. എന്നാല്‍ സഭക്കകത്ത് അവര്‍ പോരാട്ടത്തിലായിരുന്നുവെന്നാണ് ബന്ധുക്കള്‍ പുറത്തുവിട്ട രേഖകളില്‍ വ്യക്തമാകുന്നത്.

പോലീസില്‍ സമീപിച്ചത് ഒടുവില്‍
മദര്‍ ജനറല്‍ കുറുവിലങ്ങാടെത്തി കാര്യങ്ങള്‍ ചോദിച്ചറിഞ്ഞെങ്കിലും നടപടിയുണ്ടായില്ല. നീതി ലഭിക്കാതെ വന്നപ്പോള്‍ നവംബറില്‍ കര്‍ദിനാളിന് പരാതി നല്‍കിയത്. വത്തിക്കാന് പരാതി സമര്‍പ്പിച്ചത് കര്‍ദിനാളിന്റെ നിര്‍ദേശപ്രകാരമായിരുന്നുവത്രെ. സഭയില്‍ നിന്ന് നീതികിട്ടില്ലെന്ന് ബോധ്യമായപ്പോഴാണ് പോലീസില്‍ സമീപിച്ചത്.

ബിഷപ്പ് ആദ്യം പരാതി നല്‍കി
ഒരു മാസത്തിനിടെ നീതി ലഭിച്ചില്ലെങ്കില്‍ വിവരം മാധ്യമങ്ങളെ അറിയിക്കുമെന്ന് കന്യാസ്ത്രീ ഭീഷണി മുഴക്കിയിരുന്നു. ഇക്കാര്യം മുന്‍കൂട്ടി കണ്ടാണ് ബിഷപ്പ് പോലീസില്‍ പരാതി സമര്‍പ്പിച്ചത്. കന്യാസ്ത്രീയുടെ ബന്ധുക്കളില്‍ നിന്ന് ഭീഷണിയുണ്ടെന്ന് കാണിച്ചാണ് ബിഷപ്പ് പരാതി സമര്‍പ്പിച്ചത്. മൂന്ന് ദിവസം കഴിഞ്ഞപ്പോള്‍ കന്യാസ്ത്രീയും സംഭവങ്ങള്‍ വിശദീകരിച്ച് പരാതി സമര്‍പ്പിച്ചു.

ഫാദര്‍ പറയുന്നത്
ബിഷപ്പിനെതിരായ പരാതി കന്യാസ്ത്രീ നേരത്തെ അറിയിച്ചിരുന്നുവെന്ന് അവര്‍ ഇടവകാംഗമായ കോടനാട് പള്ളി വികാരി ഫാദര്‍ നിക്കോളാസ് മണിപ്പറമ്പില്‍ പ്രതികരിച്ചു. വിഷയത്തില്‍ പ്രശ്‌നപരിഹാരത്തിന് ബിഷപ്പിന്റെ പ്രതിനിധിയുടെ ആവശ്യാര്‍ഥം ഇടപെട്ട വ്യക്തിയാണ് ഫാദര്‍. ബിഷപ്പിനെതിരെ നിരവധി തെളിവുകള്‍ കന്യാസ്ത്രീയുടെ പക്കലുണ്ടെന്നും ഫാദര്‍ പറഞ്ഞു.

കന്യാസ്ത്രീയുടെ കൈവശം
പ്രശ്‌ന പരിഹാരത്തിന് താന്‍ കന്യാസ്ത്രീയുമായി സംസാരിച്ചിരുന്നു. അവരുടെ പക്കല്‍ നിരവധി തെളിവുകളുണ്ട്. ശബ്ദരേഖ, വാട്‌സ്ആപ്പ് സന്ദേശം, ഫോണ്‍ കോളുകള്‍ രേഖ എന്നിവയെല്ലാം കന്യാസ്ത്രീ സൂക്ഷിച്ചുവച്ചിട്ടുണ്ട്. മഠത്തിലുള്ളവരുമായും വിഷയം സംസാരിച്ചിരുന്നുവെന്നും ഫാദര്‍ നിക്കോളാസ് പറഞ്ഞു.

അശ്ലീല സന്ദേശങ്ങള്‍
ബിഷപ്പ് അശ്ലീല സന്ദേശങ്ങള്‍ വാട്‌സ് ആപ്പ് വഴി അയച്ചിരുന്നുവെന്നാണ് കന്യാസ്ത്രീ പറയുന്നത്. ഫോണിലും അശ്ലീലമായി സംസാരിച്ചിരുന്നുവത്രെ. ഇക്കാര്യം പരിശോധിക്കാന്‍ പോലീസ് മൊബൈല്‍ ഫോണ്‍ കസ്റ്റഡിയിലെടുക്കും. ശേഷമാകും ബിഷപ്പിനെതിരായ നടപടിയുണ്ടാകുക.

ബിഷപ്പിനെ ചോദ്യം ചെയ്യും
ബിഷപ്പിനെതിരേ പ്രാഥമിക തെളിവെടുപ്പ് അന്വേഷണ സംഘം പൂര്‍ത്തിയാക്കി. കുറുവിലങ്ങാട് മഠത്തിലും ഗസ്റ്റ് ഗൗസിലും ഫോറന്‍സിക് സംഘം പരിശോധിച്ചു. ഇവിടെയാണ് പീഡനങ്ങള്‍ നടന്നതെന്ന് കന്യാസ്ത്രീ പരാതിയില്‍ ബോധിപ്പിച്ചിരുന്നു. ബിഷപ്പിനെ ചോദ്യം ചെയ്യാനാണ് അന്വേഷണ സംഘത്തിന്റെ അടുത്ത നീക്കം.

ഒത്തുതീര്‍പ്പ് ചര്‍ച്ച
പ്രശ്‌നം പരിഹരിക്കാന്‍ ഒത്തുതീര്‍പ്പ് ചര്‍ച്ചകള്‍ നടന്നുവെന്ന തെളിവുകളാണിപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. തന്നെ കുടുക്കാനാണ് കന്യാസ്ത്രീയുടെ ശ്രമമെന്നും വൈകിയാണ് അവര്‍ പരാതി പറഞ്ഞതെന്നുമുള്ള ബിഷപ്പിന്റെ വാദമാണ് പൊളിഞ്ഞിരിക്കുന്നത്. കന്യാസ്ത്രീക്കെതിരെ നടപടി സ്വീകരിച്ചതിന്റെ പ്രതികാരമാണ് പരാതിയെന്നും ബിഷപ്പ് കുറ്റപ്പെടുത്തിയിരുന്നു.

ബിഷപ്പിനെതിരെ മൊഴികള്‍
ബിഷപ്പിനെതിരെ നാല് കന്യാസ്ത്രീകള്‍ പോലീസില്‍ മൊഴി നല്‍കിയിട്ടുണ്ട്. പരാതിക്കാരിയായ കന്യാസ്ത്രീയെ പീഡിപ്പിക്കുന്നത് സംബന്ധിച്ച് തങ്ങള്‍ക്കറിയാമായിരുന്നുവെന്നാണ് ഇവര്‍ പറഞ്ഞതെന്ന് പോലീസ് വ്യക്തമാക്കി. അഞ്ചുമണിക്കൂറോളം മൊഴിയെടുത്തു. ഇനിയും രണ്ടു കന്യാസ്ത്രീകളുടെ മൊഴി കൂടി എടുക്കും. രഹസ്യമൊഴി രേഖപ്പെടുത്താനും പോലീസ് ആലോചിക്കുന്നുണ്ട്.

രേഖകള്‍ ലഭിച്ചു
അതിനിടെ ബിഷപ്പിനെതിരായ കൂടുതല്‍ രേഖകള്‍ പോലീസ് പിടിച്ചെടുത്തു. ബലാല്‍സംഗം ചെയ്യപ്പെട്ടുവെന്ന് കന്യാസ്ത്രീ പറയുന്ന ദിവസങ്ങളില്‍ ബിഷപ്പ് കുറുവലങ്ങാടുള്ള മഠത്തില്‍ താമിസിച്ചുവെന്ന് വ്യക്തമാക്കുന്ന രേഖകളാണ് ലഭിച്ചത്. പത്തിലധികം തവണ ബിഷപ്പ് മഠത്തിലെത്തിയിട്ടുണ്ട്. ചില വേളകളില്‍ ഒന്നിലധികം ദിവസങ്ങളില്‍ താമസിച്ചുവെന്നും രേഖകള്‍ വ്യക്തമാക്കുന്നു.

താമസം ക്രമവിരുദ്ധം
ജലന്ധര്‍ ബിഷപ്പിന് കീഴിലുള്ളതാണ് കുറുവിലങ്ങാടുള്ള മഠം. കേരളത്തിലെത്തുമ്പോഴെല്ലാം ബിഷപ്പ് മഠത്തില്‍ എത്താറുണ്ടത്രെ. ഇവിടെ താമസിക്കുകയും ചെയ്യും. ചട്ടപ്രകാരം സന്ദര്‍ശിക്കാന്‍ മാത്രമേ ബിഷപ്പിന് അധികാരമുള്ളൂ. താമസിച്ചത് ക്രമവിരുദ്ധമായിട്ടാണെന്നാണ് കണ്ടെത്തല്‍. 2014 മെയ് മാസം മുതലാണ് പീഡനം തുടങ്ങിയതെന്ന് കന്യാസ്ത്രീ പരാതിയില്‍ ബോധിപ്പിച്ചിരുന്നു. പിന്നീട് രണ്ട് വര്‍ഷത്തിനിടെ ഇടക്കിടെ ബിഷപ്പ് കുറുവിലങ്ങാട്ടെ മഠത്തിലെത്തിയിരുന്നു. ഈ വേളയിലാണ് 13 തവണ പീഡിപ്പിച്ചതെന്നും പരാതിയില്‍ പറയുന്നു.












Click it and Unblock the Notifications