കാറിനുള്ളിലെ സ്വിമ്മിംഗ് പൂൾ; യൂട്യൂബർ സഞ്ജു ടെക്കിക്ക് കൂടുതൽ കുരുക്ക്, കാർ കസ്‌റ്റഡിയിലേക്ക് മാറ്റും
ആലപ്പുഴ: കാറിനുള്ളിലെ സ്വിമ്മിംഗ് പൂളുമായി ബന്ധപ്പെട്ട വിവാദത്തിൽ പ്രമുഖ യൂട്യൂബർ സഞ്ജു ടെക്കിക്ക് തിരിച്ചടി. നിലവിൽ സ്വീകരിച്ച നിയമ നടപടികളുടെ ഭാഗമായി സ്വിമ്മിംഗ് പൂള്‍ ഒരുക്കിയ കാറും തല്‍ക്കാലത്തേക്ക് സഞ്ജുവിന് നഷ്‌ടമാകും എന്നുറപ്പായി. സഞ്ജുവിന്റെ ടാറ്റാ സഫാരി കാര്‍ പോലീസ് കസ്‌റ്റഡിയിലേക്ക് മാറ്റുമെന്നും കേസ് കോടതിക്ക് കൈമാറുമെന്നുമാണ് ആര്‍ടിഒ അറിയിച്ചത്.
കേസ് സംബന്ധിച്ച റിപ്പോർട്ടും മഹസ്സറും ആലപ്പുഴ മജിസ്‌ട്രേറ്റ് കോടതിക്ക് എൻഫോഴ്സ്മെന്‍റ് ആര്‍ടിഒ ഇന്ന് തന്നെ കൈമാറുമെന്ന് അറിയിച്ചിരുന്നു. ഹൈക്കോടതി നിര്‍ദേശത്തെ തുടർന്നായിരുന്നു ഈ നടപടി. നിലവിൽ ഈ കാർ ആർടിഒയുടെ കസ്‌റ്റഡിയിലാണ് ഉള്ളത്. ഇത് മന്നഞ്ചേരി പോലീസിന് കൈമാറാനാണ് തീരുമാനം.

സംഭവത്തിൽ യൂട്യൂബർക്കും കൂട്ടുകാർക്കുമെതിരെ നിയമ നടപടി സ്വീകരിക്കുന്നതിന്റെ ഭാഗമായാണ് കേസ് കോടതിയിലേക്ക് കൈമാറുന്നത്. അതിന് മുന്നോടിയായി കാർ പോലീസ് കസ്‌റ്റഡിയിലേക്ക് മാറ്റേണ്ടതുണ്ട്. ഇതിന്റെ നടപടി ക്രമങ്ങളാണ് നിലവിൽ നടന്നുകൊണ്ടിരിക്കുന്നത്. ഇതോടെ സഞ്ജു ടെക്കിയുടെ കുരുക്ക് മുറുകുകയാണ്.
കഴിഞ്ഞ ദിവസം ആർടിഒയേയും മാധ്യമങ്ങളെയും പരിഹസിച്ചു സഞ്ജു ടെക്കി ഒരു വീഡിയോ പോസ്‌റ്റ് ചെയ്‌തിരുന്നു. തുടർന്നാണ് ഹൈക്കോടതി സ്വമേധയാ ഇടപെട്ടത്.നിലവിലെ സാഹചര്യത്തിൽ സഞ്ജുവിന് ഒപ്പം യാത്ര ചെയ്‌ത കൂട്ടുകാർക്കും സമാന വകുപ്പുകളിൽ നടപടി നേരിടേണ്ടി വരുമെന്ന് ഉറപ്പായി കഴിഞ്ഞു. ശക്തമായ ഇടപെടലാണ് വിഷയത്തിൽ ഹൈക്കോടതി നടത്തിയിരിക്കുന്നത്.
വാഹനങ്ങളുടെ രൂപഘടന ഉൾപ്പെടെ അനുമതിയില്ലാതെ മാറ്റുന്ന വ്‌ളോഗർമാർ അടക്കമുള്ളവർക്ക് എതിരെ നടപടി വേണമെന്ന് ഹൈക്കോടതി ആവശ്യപ്പെടിരുന്നു. എംവിഡിയുടെ റിപ്പോർട്ട് അടുത്ത വെള്ളിയാഴ്‌ച ആയിരിക്കും പരിഗണിക്കുക മാധ്യമ വാർത്തകളുടെ അടിസ്ഥാനത്തിൽ ജസ്‌റ്റിസ് അനിൽ കെ നരേന്ദ്രൻ, പിബി അജിത് കുമാർ, അനിൽ കെ നരേന്ദ്രൻ, ഹരിശങ്കർ വി മേനോൻ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചാണ് വിഷയം പരിഗണിച്ചത്.
കാറിൽ സ്വിമ്മിംഗ് പൂൾ ഉണ്ടാക്കി പൊതുനിരത്തിൽ ഓടിച്ചതിനാണ് സഞ്ജു ടെക്കിക്കും സുഹൃത്തുകൾക്കും എതിരെ ആലപ്പുഴ എൻഫോഴ്സ്മെന്റ് ആർടിഒ നടപടിയെടുത്തത്. സംഭവത്തിന് പിന്നാലെ വാഹനത്തിന്റെ രജിസ്ട്രേഷൻ റദ്ദാക്കുകയും ഡ്രൈവറുടെ ലൈസൻസ് ഒരു വർഷത്തേക്ക് സസ്പെന്റ് ചെയ്യുകയും ചെയ്‌തു.
ഇതിനെ പരിഹസിച്ചു കൊണ്ടാണ് ഇന്നലെ സഞ്ജു വീഡിയോ പോസ്‌റ്റ് ചെയ്‌തത്. ആർടിഒ കേസെടുത്തതിന് ശേഷം തന്റെ യുട്യൂബ് ചാനലിന് ലോകം മുഴുവൻ റീച്ച് കൂടിയെന്നും 10 ലക്ഷം രൂപ ചെലവിട്ടാൽ പോലും കിട്ടാത്ത പ്രശസ്‌തിയാണ് കിട്ടിയതെന്നുമായിരുന്നു വീഡിയോയിൽ പറഞ്ഞത്. ഇതുംകൂടി ആയതോടെയാണ് ഹൈക്കോടതി ഇടപെട്ടത്.












Click it and Unblock the Notifications