എംഎസ്എഫില്‍ പൊട്ടിത്തെറി; സംസ്ഥാന നേതാവ് രാജിവച്ചു, കൂടുതല്‍ പേര്‍ രാജിക്ക്, വെട്ടിലായി മുസ്ലിം ലീഗ്
മലപ്പുറം: വനിതാ വിഭാഗമായ ഹരിതക്കെതിരെ നടപടിയെടുത്തതില്‍ പ്രതിഷേധിച്ച് എംഎസ്എഫ് സംസ്ഥാന നേതാവ് രാജിവച്ചു. സംസ്ഥാന സീനിയര്‍ വൈസ് പ്രസിഡന്റ് എപി അബ്ദുസമദ് ആണ് രാജിവച്ചത്. മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പിഎംഎ സലാമിന് അദ്ദേഹം രാജിക്കത്ത് കൈമാറി. കൂടുതല്‍ പേര്‍ ഇനിയും രാജിവെക്കുമെന്നാണ് വിവരം. മുസ്ലിം ലീഗ് നേതൃത്വം ഹരിതക്കെതിരെ സ്വീകരിച്ച നടപടിയില്‍ സംഘടനയില്‍ അതൃപ്തി ശക്തമാണ്. ഹരിത അഭിവാജ്യ ഘടകമാണെന്നും അതിന്റെ പ്രവര്‍ത്തനം അനിവാര്യമാണെന്നും എംഎസ്എഫ് സംസ്ഥാന ജനറല്‍ സെക്രട്ടറി ലത്തീഫ് തുറയൂര്‍ പറഞ്ഞു. ഒരു വിഭാഗത്തിന്റെ സ്ത്രീ വിരുദ്ധ നിലപാട് സംഘടനയെ മൊത്തം ബാധിക്കുന്നു എന്ന വികാരമാണ് എംഎസ്എഫിന്റെ സംസ്ഥാന നേതാക്കളില്‍ പലര്‍ക്കുമുള്ളത്.

എംഎസ്എഫ് നേതാക്കള്‍ക്കെതിരെ ഹരിത സംസ്ഥാന ഭാരവാഹികള്‍ വനിതാ കമ്മീഷനെ സമീപിച്ചതിനെ തുടര്‍ന്നാണ് മുസ്ലിം ലീഗ് അച്ചടക്ക നടപടി സ്വീകരിച്ചത്. ഹരിത സംസ്ഥാന കമ്മിറ്റി മുസ്ലിം ലീഗ് മരവിപ്പിച്ചു. എംകെ മുനീര്‍ ഉള്‍പ്പെടെയുള്ള നേതാക്കള്‍ നടപടി പാടില്ലെന്ന് അഭിപ്രായപ്പെട്ടിരുന്നു. ഇത് തള്ളിയാണ് ഹരിതക്കെതിരെ ലീഗ് നേതൃത്വം നടപടിയെടുത്തത്. ഹരിത ഭാരവാഹികള്‍ ആരോപണം ഉന്നയിച്ച എംഎസ്എഫിന്റെ മൂന്ന് നേതാക്കളോട് രണ്ടാഴ്ചക്കകം വിശദീകരണം നല്‍കാനും ആവശ്യപ്പെട്ടിട്ടുണ്ട്. അതിനിടെ ഹരിതയുടെ പരാതിയില്‍ കോഴിക്കോട് വെള്ളയില്‍ പോലീസ് എംഎസ്എഫ് നേതാക്കള്‍ക്കെതിരെ കേസെടുത്തു. വനിതാ കമ്മീഷന് ലഭിച്ച പരാതി പോലീസിന് കൈമാറുകയായിരുന്നു.
എംഎസ്എഫ് നേതാക്കളായ മൂന്ന് പേര്‍ക്കെതിരെയാണ് ഹരിതയുടെ സംസ്ഥാന നേതാക്കള്‍ പരാതി നല്‍കിയത്. സ്ത്രീ വിരുദ്ധമായ പരാമര്‍ശം നടത്തി അധിക്ഷേപിച്ചു എന്നാണ് ആരോപണം. ജൂണില്‍ കോഴിക്കോട് ചേര്‍ന്ന സംഘടനാ യോഗത്തില്‍ വച്ച് മോശമായി സംസാരിച്ചു എന്നാണ് ഹരിത നേതാക്കളുടെ പരാതി. എംഎസ്എഫ് സംസ്ഥാന പ്രസിഡന്റ് പികെ നവാസ്, മലപ്പുറം ജില്ലാ പ്രസിഡന്റ് കബീര്‍ മുതുപറമ്പ്, ജനറല്‍ സെക്രട്ടറി വിഎ വഹാബ് എന്നിവര്‍ക്കെതിരെയാണ് പരാതി. വനിതാ കമ്മീഷനെ സമീപിച്ചത് അച്ചടക്ക ലംഘനമാണ് എന്നാണ് മുസ്ലിം ലീഗ് സംസ്ഥാന നേതൃത്വത്തിന്റെ വിലയിരുത്തല്‍. പരാതി പിന്‍വലിക്കണമെന്ന ലീഗ് നേതൃത്വത്തിന്റെ ആവശ്യം ഹരിത തള്ളുകയാണ് ചെയ്തത്.
പ്രശ്‌ന പരിഹാര ശ്രമം ഒരു ഭാഗത്ത് നടക്കവെ വനിതാ കമ്മീഷനെ സമീപിച്ചത് അച്ചടക്ക ലംഘനമാണ് എന്നാണ് ലീഗ് നേതൃത്വം പറയുന്നത്. അതേസമയം എംഎസ്എഫ് സംസ്ഥാന പ്രസിഡന്റ് പികെ നവാസിനെതിരെ നടപടി വേണമെന്ന് സംഘടനയുടെ ദേശീയ കമ്മിറ്റി ശുപാര്‍ശ ചെയ്തു. ശുപാര്‍ശാ റിപ്പോര്‍ട്ട് മുസ്ലിം ലീഗ് നേതൃത്വത്തിന് കൈമാറി.












Click it and Unblock the Notifications