തുറന്നടിച്ച മുഈനലി തങ്ങള്‍ ഒതുങ്ങി; കെടി ജലീലിന് വിമര്‍ശനം, ഇനി ഒരുമയോടെ... ജയ് മുസ്ലിം ലീഗ്
മലപ്പുറം: കെടി ജലീല്‍ തുറന്നുവിട്ട ഭൂതം മുസ്ലിം ലീഗിനെ തെല്ലൊന്നുമല്ല കുഴക്കിയത്. തക്ക സമയത്ത് യുക്തമായ തീരുമാനം എന്ന മുസ്ലിം ലീഗ് നേതാക്കളുടെയും കുഞ്ഞാലിക്കുട്ടിയും പതിവ് വാക്കുകള്‍ പരിഗണിച്ചാല്‍, ഇലയ്ക്കും മുള്ളിനും കേടില്ലാതെ വിഷയം ഒതുങ്ങി. പാണക്കാട് കുടുംബത്തില്‍ നിന്ന് തന്നെ കുഞ്ഞാലിക്കുട്ടിക്കെതിരെ വിമര്‍ശനം ഉയര്‍ന്നപ്പോള്‍ നടപടിയെടുക്കാന്‍ വയ്യാത്ത സാഹചര്യമായിരുന്നു.
എന്നാല്‍ മുഈനലിയെ കുടുംബാംഗങ്ങള്‍ തന്നെ തിരുത്തിയും വാര്‍ത്താ സമ്മേളനത്തില്‍ ചീത്ത വിളിച്ച പാര്‍ട്ടി പ്രവര്‍ത്തകനെ സസ്‌പെന്റ് ചെയ്തും വിഷയത്തില്‍ താല്‍ക്കാലിക പരിഹാരം കാണുകയാണ് ചെയ്തത്. മുഈനലിയുടെ പുതിയ പ്രതികരണം ഇതിന് തെളിവാണ്. വിശദാംശങ്ങള്‍ ഇങ്ങനെ...

മുഈനലി തങ്ങള്‍ക്കെതിരെ എന്ത് നടപടി സ്വീകരിക്കണം എന്ന കാര്യത്തില്‍ ഹൈദരലി തങ്ങളുമായി ആലോചിച്ച് തീരുമാനമെടുക്കുമെന്നാണ് ലീഗ് നേതൃത്വം പറയുന്നത്. എന്നാല്‍ കാര്യമായ നടപടിക്ക് സാധ്യതയില്ലെന്നാണ് വിവരം. അതേസമയം, സുപ്രധാന പദവികളിലേക്ക് മുഈനലി തങ്ങള്‍ എത്താതിരിക്കാനുള്ള ജാഗ്രത കുഞ്ഞാലിക്കുട്ടി സ്വീകരിക്കുമെന്ന സംസാരവുമുണ്ട്.

മുസ്ലിം ലീഗില്‍ ഇപ്പോള്‍ ഉയര്‍ന്നിട്ടുള്ള എല്ലാ പ്രശ്‌നങ്ങള്‍ക്കും കാരണം സിപിഎമ്മും കെടി ജലീലുമാണ് എന്ന് മുസ്ലിം ലീഗ് നേതാക്കള്‍ ആരോപിക്കുന്നു. അഴിമതി പണം വീതവച്ച വിഷയമാണ് ലീഗിലെ പ്രശ്‌നമെന്നും അതില്‍ സിപിഎം എന്ത് പിഴച്ചു എന്നുമാണ് പാര്‍ട്ടി ആക്ടിങ് സെക്രട്ടറി എ വിജയരാഘവന്‍ ചോദിക്കുന്നത്.

കെടി ജലീല്‍ തന്ത്രപൂര്‍വം മുസ്ലിം ലീഗില്‍ പ്രശ്‌നങ്ങളുണ്ടാക്കാന്‍ ശ്രമിച്ചു എന്ന കാര്യത്തില്‍ മുസ്ലിം ലീഗിലെ നേതാക്കള്‍ക്കോ അണികള്‍ക്കോ സംശയമില്ല. മുഈനലിക്കെതിരെ നടപടിയെടുത്താല്‍ ശക്തമായി പ്രതികരിക്കുമെന്നും കുഞ്ഞാലിക്കുട്ടിയുടെ ശബ്ദരേഖ പുറത്തുവിടുമെന്നും കെടി ജലീല്‍ പറഞ്ഞത് ലീഗ് പ്രവര്‍ത്തകര്‍ സംശയത്തോടെയാണ് നോക്കിക്കാണുന്നത്.

തനിക്ക് മന്ത്രി പദവി പാണക്കാട് നിന്ന് റസീപ്റ്റ് എഴുതിയിട്ട് നല്‍കിയതല്ല, എകെജി സെന്ററില്‍ നിന്നുള്ള തീരുമാനമാണ് എന്ന് നേരത്തെ പറഞ്ഞ ജലീല്‍ എന്ന് മുതലാണ് പാണക്കാട് കുടുംബത്തിന്റെ രക്ഷകനായത് എന്നാണ് മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടറി പിഎംഎ സലാം ചോദിച്ചത്. പക്ഷേ, ചന്ദ്രിക വിവാദവും ഇഡി നോട്ടീസും മുഈനലി തങ്ങളുടെ വാര്‍ത്താസമ്മേളവും മുസ്ലിം ലീഗിനെ കുഴക്കി എന്ന കാര്യത്തില്‍ ആര്‍ക്കും തര്‍ക്കമില്ല.

മുസ്ലിം ലീഗില്‍ താല്‍ക്കാലിക വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചു എന്ന് കരുതാം. എതിരാളികളുടെ കെണിയില്‍ വീഴരുത് എന്നാണ് കുഞ്ഞാലിക്കുട്ടി മുസ്ലിം ലീഗ് നേതൃത്വത്തിന് നല്‍കിയ മുന്നറിയിപ്പ്. മുഈനലി വാര്‍ത്താസമ്മേളനത്തില്‍ തനിക്കെതിരെ തുറന്നടിച്ചതില്‍ കുഞ്ഞാലിക്കുട്ടിക്ക് കടുത്ത അതൃപ്തിയുണ്ട് എന്ന് ലീഗ് നേതാക്കള്‍ പരോക്ഷമായി പറയുന്നു. പാര്‍ട്ടിയുടെ നേതൃയോഗത്തിന് ശേഷം നടന്ന വാര്‍ത്താസമ്മേളനത്തില്‍ കുഞ്ഞാലിക്കുട്ടി എന്തുകൊണ്ട് സംസാരിച്ചില്ല എന്ന ചോദ്യം ഇപ്പോഴും ബാക്കിയാണ്.

ആരോടും വ്യക്തി വിരോധമില്ലെന്നും പാര്‍ട്ടിയാണ് മുഖ്യമെന്നും മുഈനലി തങ്ങള്‍ വ്യക്തമാക്കിയിരിക്കുകയാണിപ്പോള്‍. ഫേസ്ബുക്കില്‍ അദ്ദേഹം എഴുതിയ പുതിയ കുറിപ്പ് കെടി ജലീലിന് പരോക്ഷമായ വിമര്‍ശനം ഉള്‍ക്കൊള്ളിച്ചുള്ളതാണ്. പാര്‍ട്ടിയെ ശക്തിപ്പെടുത്താന്‍ ഒരുമയോടെ പ്രവര്‍ത്തിക്കുമെന്ന് പറഞ്ഞ മുഈനലി എല്ലാം കലങ്ങി തെളിയുമെന്നും കലക്കുവെള്ളത്തില്‍ മീന്‍ പിടിക്കുന്നവരെ പ്രോല്‍സാഹിപ്പിക്കാനില്ലെന്നും വ്യക്തമാക്കുന്നു.
കിടുക്കാച്ചി ലുക്കില്‍ ആരാധകരെ ഞെട്ടിച്ച് മഞ്ജുവാര്യര്‍; ഇപ്പോള്‍ എത്ര പ്രായം തോന്നും?

പ്രഥമ പരിഗണന പിതാവ് ഹൈദരലി തങ്ങളുടെ ആരോഗ്യ പരിപാലനത്തിലാണെന്ന് പഞ്ഞ മുഈനലി ജയ് മുസ്ലിം ലീഗ് എന്ന് പ്രഖ്യാപിച്ചാണ് തന്റെ കുറിപ്പ് അവസാനിപ്പിച്ചിരിക്കുന്നത്. മുഈനലിയുടെ ഈ ഫേസ്ബുക്ക് കുറിപ്പോടെ മുസ്ലിം ലീഗിലെ പോര് താല്‍ക്കാലികമായി അവസാനിച്ചു എന്ന് കരുതാം. എന്നാല്‍ കനല്‍ അടങ്ങിയിട്ടില്ലാത്തതിനാല്‍ ഏത് സമയവും ആളിക്കത്താനുള്ള സാധ്യത തള്ളാനുമാകില്ല.












Click it and Unblock the Notifications