പറഞ്ഞ ശേഷം തിരുത്തിയിട്ട് കാര്യമില്ല... കെ സുധാകരനെ വളഞ്ഞിട്ടാക്രമിച്ച് മുസ്ലിം ലീഗ് നേതാക്കള്‍
കോഴിക്കോട്: ആര്‍എസ്എസുമായി ബന്ധപ്പെട്ട് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ നടത്തിയ പ്രസ്താവന യുഡിഎഫില്‍ ഭിന്നത രൂക്ഷമാക്കുന്നു. മുന്നണിയിലെ രണ്ടാം പാര്‍ട്ടിയായ മുസ്ലിം ലീഗ് കെ സുധാകരനെതിരെ കടുത്ത ഭാഷയില്‍ വിമര്‍ശനവുമായി രംഗത്തുവന്നു. പികെ കുഞ്ഞാലിക്കുട്ടിക്ക് പിന്നാലെ എംകെ മുനീര്‍ എംഎല്‍എ, സംസ്ഥാന ജനറല്‍ സെക്രട്ടറി പിഎംഎ സലാം എന്നിവരാണ് കടുത്ത വിമര്‍ശനം ഉന്നയിച്ചത്.
ആര്‍എസ്എസ് ചിന്തയുള്ളവര്‍ പുറത്തുപോകണമെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞ കാര്യം എംകെ മുനീര്‍ ഓര്‍മിപ്പിച്ചു. അതേസമയം, ഇതിന് പിന്നാലെ വീണ്ടും സുധാകരന്‍ വിവാദ പരാമര്‍ശം നടത്തി. നെഹ്രു ആര്‍എസ്എസ് നേതാവിനെ മന്ത്രിസഭയിലേക്ക് ക്ഷണിച്ചിരുന്നുവെന്നാണ് ഇപ്പോള്‍ സുധാകരന്‍ പറഞ്ഞത്. വിശദാംശങ്ങള്‍ ഇങ്ങനെ...

സംഘടനാ കോണ്‍ഗ്രസിന്റെ ഭാഗമായിരിക്കുന്ന കാലത്ത് ആര്‍എസ്എസ് ശാഖ നടത്താന്‍ സംരക്ഷണത്തിന് ആളെ വിട്ട് സഹായിച്ചിട്ടുണ്ട് എന്നായിരുന്നു സുധാകരന്റെ വിവാദ പരാമര്‍ശം. എല്ലാവര്‍ക്കും പ്രവര്‍ത്തിക്കാന്‍ സാധിക്കണം. ജനാധിപത്യ സംവിധാനത്തില്‍ അങ്ങനെയാണ് വേണ്ടത്. സിപിഎമ്മിനെ പ്രവര്‍ത്തിക്കാന്‍ ആര്‍എസ്എസ് സമ്മതിച്ചില്ലെങ്കിലും താന്‍ ഇടപെടുമെന്നു സുധാകരന്‍ പിന്നീട് വിശദീകരിച്ചു.

സുധാകരന്റെ പ്രസ്താവനയില്‍ കോണ്‍ഗ്രസ് നേതാക്കള്‍ തന്നെ പ്രതികരിക്കട്ടെ എന്നായിരുന്നു പികെ കുഞ്ഞാലിക്കുട്ടിയുടെ മറുപടി. ഗാന്ധി മരിച്ചത് ഓട്ടോറിക്ഷ ഇടിച്ചിട്ടല്ല എന്ന് ഓര്‍മിപ്പിക്കുകയാണ് മുന്‍ മന്ത്രി പികെ അബ്ദുറബ്ബ് ചെയ്തത്. ഒന്നാമത്തെ ശത്രു ആര്‍എസ്എസ് തന്നെയാണെന്നും രാഹുല്‍ ഗാന്ധിയുടെ നയങ്ങളാണ് ആ പാര്‍ട്ടിയുമായി യോജിച്ചുപോകാന്‍ പ്രേരിപ്പിക്കുന്നതെന്നും യൂത്ത് ലീഗ് നേതാവ് ഷിബു മീരാന്‍ പ്രതികരിച്ചു.

ഉന്നത സ്ഥാനത്തിരിക്കുന്ന വ്യക്തികള്‍ പ്രതികരിക്കുമ്പോള്‍ ആ പദവിയെ കുറിച്ചുകൂടി ചിന്തിക്കണമെന്ന് പിഎംഎ സലാം പറഞ്ഞു. നമ്മള്‍ ആരാണ് എന്ന ബോധമുണ്ടാകണം. അതിനനുസരിച്ച പ്രസ്താവനയാണ് നടത്തേണ്ടത്. പ്രസ്താവന നടത്തിയ ശേഷം തിരിത്തുകയോ പിന്‍വലിക്കുകയോ മയപ്പെടുത്തുകയോ ചെയ്തിട്ട് കാര്യമില്ലെന്നും സലാം പറഞ്ഞു.

പറയുമ്പോള്‍ തന്നെ ബോധം വേണം. അടുത്ത ബുധനാഴ്ച മുസ്ലിം ലീഗ് നേതൃയോഗം ചേരുമ്പോള്‍ സ്വാഭാവികമായും വിഷയം ചര്‍ച്ച ചെയ്യുമെന്നും പിഎംഎ സലാം പറഞ്ഞു. സുധാകരന്റെ പ്രസ്താവന മുസ്ലിം ലീഗിനെ സമ്മര്‍ദ്ദത്തിലാക്കിയിട്ടുണ്ട്. ആര്‍എസ്എസിന് പിന്തുണ നല്‍കിയ കോണ്‍ഗ്രസിനൊപ്പം നില്‍ക്കുകയാണോ എന്ന മുന്‍കാല ചോദ്യം വീണ്ടും അവര്‍ക്ക് മുമ്പില്‍ ഉയര്‍ന്നിരിക്കുകയാണ്.

ഇങ്ങനെ ഒരു പ്രസ്താവന നടത്താനുണ്ടായ കാരണം എന്താണ് എന്ന് താന്‍ സുധാകരനോട് തന്നെ ചോദിച്ചുവെന്ന് എംകെ മുനീര്‍ പറഞ്ഞു. അന്ന് ജനതാ പാര്‍ട്ടിയിലായിരുന്നു എന്നാണ് അദ്ദേഹം മറുപടി നല്‍കിയത്. ഇരകളാകുന്നവരെ സംരക്ഷിക്കുക എന്നത് തന്റെ ഒരു പൊതുസ്വഭാവമാണ് എന്നും സുധാകരന്‍ പറഞ്ഞുവെന്ന് മുനീര്‍ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കി.

മുസ്ലിം ലീഗിന്റെ പ്രതീക്ഷ രാഹുല്‍ ഗാന്ധിയുടെ വാക്കുകളാണ്. ആര്‍എസ്എസ് ചിന്തകള്‍ മനസിലുള്ളവര്‍ക്ക് കോണ്‍ഗ്രസില്‍ നിന്ന് പുറത്തുപോകാമെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞിട്ടുണ്ട്. സുധാകരന്‍ പറഞ്ഞ കാര്യങ്ങള്‍ കോണ്‍ഗ്രസിനകത്ത് ചര്‍ച്ച ചെയ്യണം. നടപടി എടുക്കുന്നുണ്ടെങ്കില്‍ ചെയ്യേണ്ടത് കോണ്‍ഗ്രസ് പ്രസ്ഥാനമാണെന്നും എംകെ മുനീര്‍ പറഞ്ഞു.

ആര്‍എസ്എസിനെ സാധൂകരിക്കുന്ന ഒരുവാക്ക് പോലും ആരുടെ ഭാഗത്തുനിന്നും ഉണ്ടാകരുത്. സുധാകരന്റെ ന്യായീകരണം ഇതുവരെ ഞങ്ങള്‍ക്ക് ഉള്‍ക്കൊള്ളാന്‍ സാധിച്ചിട്ടില്ല. കോണ്‍ഗ്രസ് പ്രതികരിക്കുമെന്നാണ് കരുതുന്നത്. വിവാദ വിഷയങ്ങള്‍ വരുമ്പോള്‍ യുഡിഎഫ് ഉന്നതാധികാര സമിതി യോഗം ചേര്‍ന്ന് ധാരണയിലെത്തണം. ശേഷമായിരിക്കണം നേതാക്കള്‍ അഭിപ്രായ പ്രകടനം നടത്താനെന്നും മുനീര്‍ പറഞ്ഞു.












Click it and Unblock the Notifications