പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ അന്തരിച്ചു
കൊച്ചി: മുസ്ലീം ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ അന്തരിച്ചു. 70 വയസായിരുന്നു. എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ഏതാനും ദിവസങ്ങളായി അസുഖ ബാധിതനായി ചികിത്സയിലായിരുന്നു. അങ്കമാലി ലിറ്റില്‍ ഫ്‌ളവര്‍ ആശുപത്രിയില്‍ ഞായറാഴ്ച ഉച്ചയ്ക്ക് 12.30ഓടെയായിരുന്നു മരണം. രണ്ടാഴ്ചയായി അങ്കമാലി എല്‍ എഫ് ആശുപത്രിയില്‍ വെന്റിലേറ്ററില്‍ കഴിയുകയായിരുന്നു അദ്ദേഹം. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ അനിഷേധ്യ നേതാക്കളിലൊരാളും ചന്ദ്രിക ദിനപത്രം മാനേജിങ് ഡയറക്ടറും നിരവധി മഹല്ലുകളുടെ ഖാസിയുമായിരുന്നു.

Recommended Video

സഹോദരന്‍ കൂടിയായ പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങളുടെ മരണ ശേഷം 2009 ലാണ് മുസ്ലീം ലീഗ് സംസ്ഥാന അധ്യക്ഷ സ്ഥാനത്തേക്ക് എത്തിയത്. 12 വര്‍ഷത്തോളമായി മുസ്ലീം ലീഗ് സംസ്ഥാന അധ്യക്ഷ സ്ഥാനത്ത് തുടര്‍ന്നു. 1990 മുതല്‍ മുസ്‌ലിം ലീഗ് ജില്ല പ്രസിഡന്റായിരുന്നു. മലപ്പുറം ജില്ലാ പ്രസിഡന്റ് സ്ഥാനത്ത് 19 വര്‍ഷമായി തുടര്‍ന്നു. മുസ്ലിം ലീഗ് ഉന്നതാധികാര സമിതി അംഗം, രാഷ്ട്രീയകാര്യ സമിതി ചെയര്‍മാന്‍ എന്നീ സ്ഥാനങ്ങള്‍ വഹിച്ചു. കേരളത്തില്‍ ഏറ്റവും കൂടുതല്‍ മഹല്ലുകളുടെ ഖാസി സ്ഥാനം വഹിക്കുന്നതും ഹൈദരലി ശിഹാബ് തങ്ങള്‍ ആയിരുന്നു. 1994 ല്‍ നെടിയിരുപ്പ് പോത്ത് വെട്ടിപ്പാറ മഹല്ലിലാണ് ആദ്യമായി ഖാസിയായി ചുമതലയേല്‍ക്കുന്നത്.
പുതിയ മാളിയേക്കല്‍ സയ്യിദ് അഹ്മദ് പൂക്കോയ തങ്ങളുടെയും ഹാമിദ് കുഞ്ഞി സീതിക്കോയ തങ്ങളുടെ മകള്‍ ആയിശ ചെറുകുഞ്ഞിബീവിയുടെയും മൂന്നാമത്തെ മകനായി 1947 ജൂണ്‍ 15നായിരുന്നു ഹൈദരലി ശിഹാബ് ജനനം. കൊയിലാണ്ടി അബ്ദുള്ള ബാഫഖിയുടെ മകള്‍ ശരീഫ ഫാത്തിമ സുഹ്റയാണ് ഭാര്യ. മക്കള്‍: ഇരട്ട സഹോദരങ്ങളായ സാജിദ-വാഹിദ, നഈം അലി ശിഹാബ്, മുഈന്‍ അലി ശിഹാബ്. സഹോദരങ്ങള്‍: സാദിഖലി ശിഹാബ് തങ്ങള്‍, അബ്ബാസലി ശിഹാബ് തങ്ങള്‍, മുല്ല ബീവി, പരേതരായ മുഹമ്മദലി ശിഹാബ് തങ്ങള്‍, ഉമറലി ശിഹാബ് തങ്ങള്‍, ഖദീജ ബീ കുഞ്ഞിബീവി.
കോഴിക്കോട് എം എം ഹൈസ്‌കൂളില്‍ വെച്ച് 1959 ല്‍ എസ് എസ് എല്‍ സി പഠനം പൂര്‍ത്തിയാക്കി. തുടര്‍ന്ന് തിരുന്നാവായക്കടുത്ത കോന്നല്ലൂരില്‍ മൂന്ന് വര്‍ഷം ദര്‍സ പഠനം നടത്തി. പൊന്നാനി മഊനത്തുല്‍ ഇസ്ലാം അറബി കോളജിലും അല്‍പകാലം പഠിച്ചു. പട്ടിക്കാട് ജാമിഅഃ നൂരിയ്യഃ അറബി കോളേജില്‍ ചേര്‍ന്ന ഹൈദരലി തങ്ങള്‍ 1974 ലാണ് മൗലവി ഫാസില്‍ ഫൈസി ബിരുദം കരസ്ഥമാക്കിയത്. സൂഫിവര്യനായ ചാപ്പനങ്ങാടി ബാപ്പു മുസ്ലിയാരുടെ കൈകളില്‍ നിന്നായിരുന്നു സനദ് ഏറ്റുവാങ്ങിയത്.












Click it and Unblock the Notifications