സമസ്തയോട് കടുപ്പിച്ച് ലീഗ്; 'പാണക്കാട് തങ്ങള്‍ക്കെതിരായ പരാമര്‍ശത്തില്‍ പ്രസ്താവനയിറക്കിയാല്‍ മാത്രം പോര'
മലപ്പുറം: പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ക്കെതിരായ ഉമര്‍ ഫൈസി മുക്കത്തിന്റെ പരാമര്‍ശത്തില്‍ നിലപാട് കടുപ്പിച്ച് മുസ്ലീം ലീഗ്. ഉമര്‍ ഫൈസി മുക്കത്തിന്റെ പരാമര്‍ശം സമസ്തയുടേത് അല്ല എന്ന് പറഞ്ഞത് കൊണ്ട് മാത്രം പ്രശ്‌നങ്ങള്‍ അവസാനിപ്പിക്കുന്നില്ല എന്ന് മുസ്ലീം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. ഇത് സംബന്ധിച്ചുള്ള കൂടിയാലോചനകള്‍ തുടരും എന്നു അദ്ദേഹം പറഞ്ഞു.
'ഇന്നലെ ഒരു പ്രസ്താവന വന്നിട്ടുണ്ട്. അതുമാത്രം പോരല്ലോ. സമസ്തയ്ക്ക് അതുമായി ബന്ധമില്ല എന്ന് പറഞ്ഞത് കൊണ്ട് മാത്രം പോരല്ലോ. കാരണം കടന്ന് വര്‍ത്തമാനം പറഞ്ഞിട്ട് ബന്ധമില്ലെന്ന് മാത്രം പറഞ്ഞാല്‍ പോര. കാര്യങ്ങള്‍ കൂടുതല്‍ സംസാരിക്കേണ്ടതുണ്ട്. സമസ്ത നേതാക്കളുമായിട്ടുള്ള കൂടിയാലോചനകള്‍ തുടരും,' പികെ കുഞ്ഞാലിക്കുട്ടി മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.

പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ക്കെതിരായ ഉമര്‍ ഫൈസി മുക്കത്തിന്റെ പരാമര്‍ശത്തില്‍ കര്‍ശന നിലപാടിലേക്കാണ് ലീഗ് കടക്കുന്നത് എന്നാണ് ഇതില്‍ നിന്ന് വ്യക്തമാകുന്നത്. ഒക്ടോബര്‍ 28 ന് മലപ്പുറം എടവണ്ണപ്പാറയില്‍ സമസ്ത മേഖല കമ്മിറ്റി സംഘടിപ്പിച്ച ഗ്രാന്‍ഡ് മൗലീദ് കോണ്‍ഫറന്‍സില്‍ സംസാരിക്കവെ ആയിരുന്നു ഉമര്‍ ഫൈസി മുക്കം പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ക്കെതിരെ പരോക്ഷമായി രംഗത്തെത്തിയത്.
'ഖാസി ആവണമെന്ന് ചിലര്‍ക്ക് ആഗ്രഹമുണ്ട്. രാഷ്ട്രീയത്തിന്റെ പേരില്‍ ഖാസിയാക്കാനും ചിലരുണ്ട്. ഖാസിയാകുന്നതിന് ഇസ്‌ലാമിക നിയമങ്ങളൊക്കെയുണ്ട്. അത് പാലിക്കാതെയാണ് പലരും ഖാസി ആകുന്നത്. മുമ്പില്‍ വരുന്ന പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാനുള്ള വിവരം ഒരു ഖാസിക്ക് വേണം. അത് ഉണ്ടെന്ന് അവര്‍ അവകാശപ്പെടുന്നില്ല. കിത്താബ് ഓതിയ ആളാണെന്ന് ആരും പറയുന്നുമില്ല,' എന്നായിരുന്നു അദ്ദേഹത്തിന്റെ വിമര്‍ശനം.
കോര്‍ഡിനേഷന്‍ ഓഫ് ഇസ്ലാമിക് കോളേജസുമായി ബന്ധപ്പെട്ട വിഷയത്തിലാണ് സമസ്ത - ലീഗ് പ്രശ്‌നം ഇടവേളയ്ക്ക് ശേഷം വഷളാകുന്നത്. ഹക്കീം ഫൈസി അദൃശ്ശേരി സിഐസി ജനറല്‍ സെക്രട്ടറിയായി വീണ്ടും അവരോധിക്കപ്പെട്ടിരുന്നു. പാണക്കാട് സാദിഖലി ശിഹാബ് തങ്ങളുടെ താല്‍പര്യ പ്രകാരമായിരുന്നു ഇത്. ഇതാണ് സമസ്തയെ പ്രകോപിച്ചിച്ചത്. സാദിഖലി തങ്ങളാണ് സിഐസിയുടെ അധ്യക്ഷന്‍.
നേരത്തെ ജിഫ്രി തങ്ങള്‍, ഉമര്‍ ഫൈസി മുക്കം തുടങ്ങിയ ഇകെ വിഭാഗം സമസ്തയിലെ ഒരു വിഭാഗത്തിന്റെ കടുത്ത എതിര്‍പ്പിനെ തുടര്‍ന്ന് ഹക്കീം ഫൈസി അദൃശ്ശേരിയെ ജനറല്‍ സെക്രട്ടറി സ്ഥാനത്ത് നിന്ന് മാറ്റിയിരുന്നതാണ്. സംസ്ഥാനത്തെ നിരവധി മഹല്ലുമാരുടെ ഖാസിമാര്‍ പാണക്കാട് തങ്ങള്‍മാരാണ്. ഇവരുടെ നേതൃത്വത്തില്‍ ഖാസി ഫൗണ്ടേഷന്‍ എന്ന പേരില്‍ കൂട്ടായ്മ ഉണ്ടാക്കിയതും സമസ്തക്കെതിരായ നീക്കമായിട്ടാണ് ഒരു വിഭാഗം കാണുന്നത്.
ഇതിന്റെയെല്ലാം അനുരണനമാണ് ഇപ്പോള്‍ ഉമര്‍ ഫൈസി മുക്കത്തിലൂടെ പുറത്ത് വന്നിരിക്കുന്നത്. അതേസമയം നാളെ എടവണ്ണപ്പാറയില്‍ പൊതുയോഗം വിളിച്ച് സമസ്തയിലെ ഒരു വിഭാഗം നേതാക്കള്‍ ഉമര്‍ ഫൈസി മുക്കത്തിന് മറുപടി നല്‍കും എന്ന് സമസ്ത കോഡിനേഷന്‍ കമ്മിറ്റി നേതാവ് ജബ്ബാര്‍ ഹാജി പറഞ്ഞു. ഉമര്‍ ഫൈസി മുക്കത്തെ സമസ്തയില്‍ നിന്ന് പുറത്താക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഐക്യം തകര്‍ക്കാനുള്ള ശ്രമം എല്ലാ ഘട്ടത്തിലും നടക്കാറുണ്ട് എന്നും പ്രശ്‌നങ്ങള്‍ ലൈവായി നിന്നാലെ ഇവര്‍ക്ക് കാര്യമുള്ളൂ എന്നതിനാലാണ് അത് എന്നും ജബ്ബാര്‍ ഹാജി പറഞ്ഞു.












Click it and Unblock the Notifications