പിപി ദിവ്യക്കെതിരെ സിപിഎം നടപടി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്ത് നിന്ന് നീക്കി
കണ്ണൂര്‍: കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പിപി ദിവ്യക്കെതിരെ സിപിഎം നടപടി. പ്രസിഡന്റ് സ്ഥാനത്ത് നിന്ന് സിപിഎം ദിവ്യയെ നീക്കി. കെകെ രത്‌നകുമാരിയാണ് പുതിയ ജില്ല പഞ്ചായത്ത് പ്രസിഡന്റ്. എഡിഎമ്മിന്റെ യാത്രയയപ്പ് യോഗത്തിലെ പരാമര്‍ശം ഒഴിവാക്കേണ്ടതായിരുന്നുവെന്ന് സിപിഎം ജില്ലാ നേതൃത്വം അഭിപ്രായപ്പെട്ടു.
അതേസമയം തന്റെ നിരപരാധിത്വം നിയമവഴിയിലൂടെ തെളിയിക്കുമെന്ന് പിപി ദിവ്യ പറഞ്ഞു. നവീന്‍ ബാബുവിന്റെ വേര്‍പാടില്‍ വേദനയുണ്ട്. പോലീസ് അന്വേഷണത്തോട് സഹകരിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പദവി രാജിവെക്കുന്നുവെന്നും ദിവ്യ പറഞ്ഞു. കണ്ണൂര്‍ എഡിഎമ്മായിരുന്നു നവീന്‍ബാബുവിന്റെ വേര്‍പാടില്‍ നേരത്തെ പിപി ദിവ്യക്കെതിരെ കടുത്ത വിമര്‍ശനമുയര്‍ന്നിരുന്നു.

അഴിമതിക്കെതിരായ സദുദ്ദേശ്യ വിമര്‍ശനമാണ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നടത്തിയതെങ്കിലും, യാത്രയയപ്പ് യോഗത്തില്‍ നടത്തിയ ചില പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതായിരുന്നു എന്ന നിലപാടാണ് പാര്‍ട്ടി സ്വീകരിച്ചത്. അതേസമയം സമഗ്രമായ അന്വേഷണം നടത്തണമെന്നും സര്‍ക്കാരിനോട് പാര്‍ട്ടി ആവശ്യപ്പെട്ടിട്ടുണ്ട്.
പോലീസ് ആത്മഹത്യ പ്രേരണയ്ക്ക് കേസെടുത്ത് അന്വേഷണം നടത്തിവരുന്നതിനിടെയാണ് ദിവ്യക്കെതിരെ പാര്‍ട്ടി നടപടിയുണ്ടായിരിക്കുന്നത്. ദിവ്യക്കെതിരെ പോലീസ് കേസെടുത്ത് അന്വേഷണം നടത്തുന്നതിനാല്‍ ജില്ലാ പ്രസിഡന്റ് സ്ഥാനത്ത് നിന്നും പിപി ദിവ്യ ഒഴിവാകണമെന്ന് ജില്ലാ സെക്രട്ടേറിയേറ്റ് തീരുമാനിക്കുകയായിരുന്നു. ഇത് ദിവ്യ അംഗീകരിച്ചതിനെ തുടര്‍ന്ന് പുതിയ പ്രസിഡന്റിനെ നിയമിച്ചുവെന്നും കണ്ണൂര്‍ ജില്ലാ സെക്രട്ടേറിയേറ്റ് പ്രസ്താവനയില്‍ അറിയിച്ചു.
പാര്‍ട്ടി തീരുമാനത്തിന് പിന്നാലെയാണ് പിപി ദിവ്യ നവീന്‍ബാബുവിന്റെ വേര്‍പാടില്‍ അനുശോചിച്ച് ഫേസ്ബുക്കില്‍ കുറിപ്പ് പങ്കുവെച്ചത്. പ്രതികരണത്തിലെ ചില ഭാഗങ്ങള്‍ ഒഴിാക്കേണ്ടതായിരുന്നുവെന്ന പാര്‍ട്ടി നിലപാട് ശരിവെക്കുന്നു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പദവിയല്‍ നിന്ന് മാറിനില്‍ക്കുന്നതാണ് ഉചിതമെന്ന ബോധ്യത്തില്‍ ആ സ്ഥാനം രാജിവെക്കുന്നു. രാജിക്കത്ത ബന്ധപ്പെട്ടവര്‍ക്ക് അയച്ച് കൊടുത്തിട്ടെന്നും ദിവ്യ കുറിച്ചു.
അതേസമയം കണ്ണൂര്‍ എഡിഎം ആയിരുന്ന നവീന്‍ ബാബുവിന്റെ മരണത്തില്‍ മൂന്ന് ദിവസത്തിന് ശേഷമാണ് പിപി ദിവ്യക്കെതിരെ പാര്‍ട്ടി നടപടിയുണ്ടായിരിക്കുന്നത്. നേരത്തെ കണ്ണൂര്‍ ജില്ലാ സെക്രട്ടേറിയേറ്റ് അടക്കം ദിവ്യയെ സംരക്ഷിക്കുന്ന നിലപാടായിരുന്നു സ്വീകരിച്ചത്. എന്നാല്‍ മുഖ്യമന്ത്രി ദിവ്യ രാജിവെക്കണമെന്ന് നിര്‍ദേശം നല്‍കിയെന്നാണ് സൂചന.
നവീന്‍ ബാബുവിന്റെ സംസ്‌കാര ചടങ്ങുകള്‍ ഇന്നാണ് നടന്നത്. പത്തനംതിട്ട മലയാലപ്പുഴയിലെ വീട്ടുവളപ്പിലാണ് സംസ്‌കാരം. മക്കളായ നിരുപമയും നിരഞ്ജനയുമാണ് അന്ത്യകര്‍മങ്ങള്‍ ചെയ്തത്. നൂറുകണക്കിന് ആളുകളാണ് നവീന്‍ ബാബുവിന് വിടനല്‍കാനായി എത്തിയത്. മൃതദേഹം വിലാപയാത്രയായിട്ടാണ് വീട്ടില്‍ എത്തിച്ചിരുന്നത്.


Click it and Unblock the Notifications