ഒറ്റ മാവോയിസ്റ്റിനേയും വിടില്ല.... ആയുധം മൂര്‍ച്ചകൂട്ടി വനം വകുപ്പും കളത്തിലിറങ്ങുന്നു...
മാവോയിസ്റ്റ് വേട്ട ശക്തമാക്കുന്നതിന്‍റെ ഭാഗമായി 25 പുതിയ ഫോറസ്റ്റ് സ്റ്റേഷനുകള്‍ സ്ഥാപിക്കാന്‍ തീരുമാനം
തിരുവനന്തപുരം : മാവോയിസ്റ്റുകളെ പിടികൂടാന്‍ രണ്ടും കല്‍പിച്ച് ഇറങ്ങാന്‍ തന്നെയാണ് സംസ്ഥാന സര്‍ക്കാരിന്‍റെ തീരുമാനം. നിലമ്പൂര്‍ കാട്ടില്‍ പോലീസുമായുള്ള ഏറ്റുമുട്ടലില്‍ മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടതു സംബന്ധിച്ച കോലാഹലങ്ങള്‍ കെട്ടടങ്ങുന്നതിനു മുന്‍പുതന്നെ മാവോയിസ്റ്റ് വിരുദ്ധ നടപടികള്‍ ശക്തമാക്കുകയാണ്.
വിവിധ സേനാ വിഭാഗങ്ങളുടെ സഹകരണത്തോടെ കാട്ടിനുള്ളിലെ മാവോയിസ്റ്റ് താവളങ്ങള്‍ കണ്ടെത്താനും, കാടിറങ്ങിയുള്ള ആക്രമണങ്ങള്‍ പ്രതിരോധിക്കാനുമുള്ള നടപടികളാണ് സ്വീകരിക്കുന്നത്.
കാടുകള്‍ക്കുള്ളിലാണ് മാവോയിസ്റ്റുകള്‍ പ്രധാനമായും കേന്ദ്രീകരിച്ചിരിക്കുന്നത് എന്നതിനാല്‍ വനം വകുപ്പിനെ ശക്തിപ്പെടുത്തുകയാണ് ആദ്യ ഘട്ടം. ഇതിന്‍റെ ഭാഗമായി 25 പുതിയ ഫോറസ്റ്റ് സ്റ്റേഷനുകള്‍ സ്ഥാപിക്കാന്‍ തീരുമാനമായിക്കഴിഞ്ഞു.

25 പുതിയ ഫോറസ്റ്റ് സ്‌റ്റേഷനുകള്‍ സ്ഥാപിച്ചു ജീവനക്കാര്‍ക്ക് ആയുധങ്ങള്‍ നല്‍കുന്നതിലൂടെ പോലീസിനെപ്പോലെത്തന്നെ മാവോയിസ്റ്റുകള്‍ക്കെതിരായ പോരാട്ടത്തില്‍ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ക്കും പങ്കെടുക്കാനാകും. നിലവില്‍ തണ്ടര്‍ ബോള്‍ട്ട് അടക്കമുള്ള പോലീസ് വിഭാഗങ്ങള്‍ക്കു വനത്തിനുള്ളില്‍ വഴി കാട്ടുന്ന റോളാണു വനം വകുപ്പിനുള്ളത്. കണ്ണൂര്‍, കോഴിക്കോട്, വയനാട്, ആറളം, നിലമ്പൂര്‍, മൂന്നാര്‍, തെന്മല ഡിവിഷനുകള്‍ക്കു കീഴിലാണ് പുതിയ സ്റ്റേഷനുകള്‍. ഡെപ്യൂട്ടി റേഞ്ച് ഓഫീസറുടെ കീഴിലായിരിക്കും സ്റ്റേഷന്‍റെ പ്രവര്‍ത്തനം. വകുപ്പില്‍ നിലവിലുള്ള ഒഴിവുകള്‍ നികത്താനുള്ള നടപടികളും ആരംഭിച്ചിട്ടുണ്ട്.

വനംവകുപ്പിലെ വയര്‍ലെസ് സംവിധാനം കാര്യക്ഷമാകാനും തീരുമാനമായിട്ടുണ്ട്. വനത്തിനകത്തു മൊബൈല്‍ സേവനങ്ങള്‍ ലഭ്യമല്ലാത്തതു പലപ്പോഴും പൊലീസ് നടപടികളെ ബാധിക്കുന്നുണ്ട്. ഈ ബുദ്ധിമുട്ടു പരിഹരിക്കുന്നതിനാണു വയര്‍ലെസ് സംവിധാനം കാര്യക്ഷമമാക്കുന്നത്.

വനം വകുപ്പിന്‍റെ പഴയ വാഹനങ്ങള്‍ പിന്‍വലിച്ച് ഡിഎഫ്ഒ റാങ്കിലുള്ളവര്‍ക്കു വയര്‍ലെസ് സംവിധാനത്തോടു കൂടിയ പുതിയ വാഹനങ്ങള്‍ നല്‍കിയിട്ടുണ്ട്. റെയ്ഞ്ച് ഓഫീസര്‍മാരുടെ വാഹനങ്ങളും ഇത്തരത്തില്‍ പരിഷ്‌കരിക്കും. സേനാംഗങ്ങള്‍ക്ക് കൂടുതല്‍ ആയുധങ്ങള്‍ നല്‍കാനും പദ്ധതിയുണ്ട്.

മാവോയിസ്റ്റുകളെ കണ്ടെത്താന്‍ ആദിവാസികളുടെ സഹകരണം ഉറപ്പാക്കും. നിലമ്പൂര്‍, വയനാട് മേഖലകളില്‍ ആദിവാസികളുടെ സഹായമില്ലാതെ വനത്തിനകത്തു മാവോയിസ്റ്റ് സാന്നിധ്യം മനസിലാക്കുക എളുപ്പമല്ലാത്തതിനാലാണിത്.

നിലമ്പൂര്‍ മേഖലയില്‍ മാവോയിസ്റ്റുകളെ ഏറ്റുമുട്ടലില്‍ വധിച്ച സംഭവത്തില്‍ മാവോയിസ്റ്റുകള്‍ തിരിച്ചടിക്കാനുള്ള സാധ്യത പൊലീസ് തള്ളിക്കളയുന്നില്ല. ഇതിനാല്‍ നിലമ്പൂര്‍ മേഖലയിലെ ടികെ കോളനി, പാട്ടക്കരിമ്പ്, നെല്ലിക്കുത്ത് പൂളപ്പാടം, മുണ്ടപ്പൊട്ടി, ഇരുട്ടുകുത്തി ഔട്ട് പോസ്റ്റുകളില്‍ രാത്രിയില്‍ ജീവനക്കാരെ പിന്‍വലിക്കാനും ഗ്രൂപ് പട്രോളിങ് ശക്തമാക്കാനും തീരുമാനിച്ചിട്ടുണ്ട്.

വനാതിര്‍ത്തിയോടു ചേര്‍ന്നു കിടക്കുന്ന പോലീസ് സ്‌റ്റേഷനുകള്‍ക്ക് അതീവ ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. സ്‌റ്റേഷനുകളിലെ സുരക്ഷ വര്‍ദ്ധിപ്പിക്കാനും നിര്‍ദേശമുണ്ട്. വയനാട്ടില്‍ മേപ്പാടി, തിരുനെല്ലി, വെള്ളമുണ്ട പാലക്കാട് ജില്ലയില്‍ അഗളി കാസര്‍കോട് ജില്ലയില്‍ രാജപുരം, ആതുര്‍ കണ്ണൂരില്‍ ആറളം, കരിക്കോട്ടക്കരി, കേളകം കോഴിക്കോട് കുറ്റ്യാടി, തൊട്ടില്‍പ്പാലം, വളയം, തിരുവമ്പാടി, പെരുവണ്ണാമുഴി എന്നീ സ്റ്റേഷനുകള്‍ക്കുമാണ് സുരക്ഷാ നിര്‍ദേശമുള്ളത്. വനാതിര്‍ത്തിയിലെ സ്‌റ്റേഷനുകളില്‍ സുരക്ഷാ ക്യാമറകളും ശക്തിയേറിയ ലൈറ്റുകളും സജ്ജമാക്കിയിട്ടുണ്ട്.

അടിയന്തര സാഹചര്യം നേരിടാന്‍ ഒരുങ്ങിയിരിക്കാന്‍ റിസര്‍വ് പോലീസിനും നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇതിനു പുറമേ തണ്ടര്‍ ബോള്‍ട്ട് സംഘവും സജീവമായി പരിശോധന നടത്തുണ്ട്.












Click it and Unblock the Notifications