പുതിയ കായിക നയം ഉടന്‍; കൊവിഡ് മാറിയാല്‍ ജില്ലകളില്‍ കായികമേള- മന്ത്രി വി അബ്ദുറഹ്മാന്‍
മലപ്പുറം: കായിക മേഖലയില്‍ കേരളത്തെ മികച്ച സംസ്ഥാനമാക്കി മാറ്റുമെന്ന് വകുപ്പ് മന്ത്രി വി അബ്ദുറഹ്മാന്‍. മൂന്ന് വര്‍ഷത്തിനകം സമൂലമായ മാറ്റം വരും. അടുത്ത വര്‍ഷം ആദ്യത്തോടെ പുതിയ കായിക നയം നടപ്പാക്കുമെന്നും മന്ത്രി പറഞ്ഞു. മലപ്പുറം സിവില്‍സ്റ്റേഷനിലെ ജില്ലാ സ്പോര്‍ട്സ് കൗണ്‍സിലിലെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് 850 കോടിയോളം രൂപയാണ് കായികമേഖലയിലെ അടിസ്ഥാന സൗകര്യവികസന പ്രവൃത്തികള്‍ക്കായി മാറ്റിവെച്ചത്.

സംസ്ഥാനത്തെ ജനങ്ങളുടെ കായികക്ഷമത വര്‍ദ്ധിപ്പിക്കുന്ന തരത്തലുള്ള നടപടികളാണ് വകുപ്പ് സ്വീകരിച്ച് വരുന്നത്. പുതിയ കായികനയം രൂപീകരിക്കുന്നതിന്റെ ഭാഗമായി എല്ലാ സ്പോര്‍ട്സ് കൗണ്‍സിലുകളിലും സന്ദര്‍ശനം നടത്തി അഭിപ്രായങ്ങള്‍ ആരായും. ഇതിന്റെ ആദ്യ പടിയായാണ് ജില്ലയിലെ തന്റെ സന്ദര്‍ശനം. മുന്‍കാല കായികതാരങ്ങളെയുള്‍പ്പടെ വിളിച്ചുചേര്‍ത്ത് ശില്‍പ്പശാലകള്‍ നടത്തി കരട് രേഖ തയ്യാറാക്കും. ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന വിവിധ സംഘടനകളെ ഏകോപിപ്പിച്ച് സജീവമാക്കുന്നതിനുള്ള ശ്രമങ്ങളും നടക്കുന്നുണ്ട്.
തിരുവനന്തപുരത്തെ കായികഭവനം, കേരള സ്പോര്‍ട്സ് ലിമിറ്റഡിന്റെ കെട്ടിടം എന്നിവ ഉടന്‍ യാഥാര്‍ത്ഥ്യമാക്കുന്നതോടൊപ്പം മലപ്പുറത്ത് സ്പോര്‍ട്സ് കൗണ്‍സിലിന് പുതിയ കെട്ടിടത്തിനുള്ള ഫണ്ട് ഉടന്‍ കണ്ടെത്താനുള്ള ശ്രമങ്ങളും നടന്ന് വരികയാണ്. കോവിഡ് പ്രതിസന്ധികള്‍ തീരുന്നതോടെ മികച്ച കായികമേളകള്‍ ഓരോ ജില്ലകളിലും സംഘടിപ്പിക്കുമെന്നും യോഗത്തില്‍ മന്ത്രി അറിയിച്ചു.
ലോക ഫുട്ബോള്‍ മേളകളിലേക്ക് കായിക താരങ്ങളെ വളര്‍ത്തിയെടുക്കാന്‍ ഏറ്റവും അനുയോജ്യമായ സാഹചര്യമാണ് സംസ്ഥാനത്തുള്ളത്. മലപ്പുറം ജില്ലയില്‍ മാത്രം സ്വകാര്യമേഖലകളിലുള്‍പ്പടെ നിരവധി അക്കാദമികള്‍ ഫുട്ബോളിനായി മാത്രം പ്രവര്‍ത്തിക്കുന്നുണ്ടെന്നും ഇവരെയെല്ലാം ഏകോപിപ്പിച്ച് മുന്നോട്ട് പോകാനാണ് ശ്രമിക്കുന്നതെന്നും മന്ത്രി അറിയിച്ചു.












Click it and Unblock the Notifications