Get Updates
Get notified of breaking news, exclusive insights, and must-see stories!

'മുന്നണി മര്യാദയാല്‍ ചിലത് പറയുന്നില്ല': മന്ത്രിക്കെതിരായ മാതൃഭൂമി വാർത്തക്കെതിരെ ഐഎഎന്‍എല്‍

കോഴിക്കോട്: മന്ത്രി അഹമ്മദ് ദേവർകോവിലുമായി ബന്ധപ്പെട്ട വാർത്തയില്‍ മാതൃഭൂമിക്കെതിരെ രൂക്ഷവിമർശനവുമായി ഐഎന്‍എല്‍ ജനറല്‍ സെക്രട്ടറി കാസിം ഇരിക്കൂർ. തൃശ്ശൂരിലെ ഒരു സാമ്പത്തിക തട്ടിപ്പ് കേസിലേക്ക് മന്ത്രിയുടെ പേര് വലിച്ചിഴച്ചതിനെതിരായാണ് അദ്ദേഹത്തിന്റെ വിമർശം. 'മന്ത്രിയുടെ പേരിൽ ലക്ഷങ്ങളുടെ തട്ടിപ്പ് എന്ന 80പോയൻറിൽ ഹെഡിങ്ങും അഞ്ച് കോളം കവറേജുമായി വന്ന വാർത്ത വായിക്കുന്ന ആരും അന്തം വിട്ടുപോകും' എന്നാണ് കാസിം ഇരിക്കൂർ പ്രസ്താവനയിലൂടെ വ്യക്തമാക്കുന്നത്.

ഒരു ആർഎസ്എസ് കാര്യവാഹിക്കിന്റെ കറുത്ത കരവും ദുർവാർത്തക്ക് പിന്നിൽ പ്രവർത്തിച്ചു. ഒപ്പം ചില ദുഷ്ടലാക്കുകാരുടെയും. മുന്നണി മര്യാദ കണക്കിലെടുത്ത് ആ ഭാഗം ഇപ്പോൾ വിശദീകരിക്കുന്നില്ലെന്നും അദ്ദേഹം പറയുന്നു.

ahamedd

കാസിം ഇരിക്കൂറിന്റെ പ്രസ്താവനയുടെ പൂർണ്ണ രൂപം ഇങ്ങനെ..

അപഭ്രംശങ്ങളും അപചയങ്ങളും എല്ലാ മേഖലകളെയും പിടികൂടിയിട്ടുണ്ടെങ്കിലും മാധ്യമ രംഗത്തെ ആമൂലാഗ്രം ഗ്രസിച്ച അധഃപതനം നമ്മുടെ എല്ലാ ഭാവനകൾക്കുമപ്പുറമാണ്. ഫോർത്ത് എസ്‌റ്റേറ്റിൽ കാട് നിറഞ്ഞതിനെ കുറിച്ചായിരുന്നു പതിറ്റാണ്ട് മുമ്പ് വരെ പരിഭവങ്ങൾ ഉയർന്നിരുന്നതെങ്കിൽ ഇന്ന് നേരെ ചൊവ്വേ ചിന്തിക്കുന്നവർ നെടുവീർപ്പിടുന്നത് അനുഭവ പാരമ്പര്യവും തറവാടിത്തവും അവകാശപ്പെടാറുള്ള മാധ്യമങ്ങൾ പോലും ആപതിച്ച പതനത്തിന്റെ ആഴം കണ്ടാണ്.

മൂന്ന് പതിറ്റാണ്ടിലേറെ ഒരു പ്രൊഫഷൻ എന്ന നിലക്ക് മാധ്യമ പ്രവർത്തനം ഏറ്റെടുത്തതിലൂടെ പണമൊന്നും സമ്പാദിക്കാനായില്ലെങ്കിലും വാർത്തകളുടെ വിലയും അത് പ്രദാനം ചെയ്യുന്ന അടിസ്ഥാന സാമൂഹിക മൂല്യവിചാരങ്ങളും പഠിക്കാൻ അവസരം ലഭിച്ചത് വലിയ നേട്ടമായി കാണുന്നു. ഒരു 'സ്‌റ്റോറി' തയാറാക്കുമ്പോൾ പ്രാഥമികമായി ശ്രദ്ധിക്കേണ്ടത് അതിന്റെ സോഴ്‌സിന്റെ വിശ്വാസ്യതയാണ് എന്നത് പഴയൊരു സങ്കൽപമാവാം.

മാധ്യമ പ്രവർത്തകന്റെ മാന്യതയും സാമാന്യബുദ്ധിയും പ്രവർത്തിക്കുന്നതും തന്റെ പത്രത്തിന്റെ ക്രെഡിബിലിറ്റി കാത്തൂസൂക്ഷിക്കുന്നതും ആ വിശ്വാസ്യതയുടെ പുറത്താണ്. എന്നാൽ, ഇന്ന്, സത്യാനന്തര കാലത്ത് ഇത്തരം അടിസ്ഥാന മൂല്യങ്ങളെ കുറിച്ച് സംസാരിക്കുന്നത് പോലും വിവരക്കേടോ അറുപഴഞ്ചനോ ആയി ന്യൂജെൻ ജേർണലിസ്റ്റുകൾ കാണുന്നു. അത്രക്കും ജീർണിച്ചുപോയി ജേർണലിസത്തിന്റെ കർമഭൂമി.

ബിരിയാണിച്ചെമ്പും കൈതോലപ്പായയുമൊക്കെ വാർത്തകളിൽ ഇടം പിടിക്കുന്ന സാഹചര്യം മറ്റൊന്നല്ല. ആർക്കും എന്തും തള്ളിവിടാമെന്നും മുത്തശ്ശി മാധ്യമങ്ങൾ പോലു അത് അണ്ണാക്ക് തൊടാതെ വിഴുങ്ങുകയും മാലോകർക്ക് ആവേശത്തോടെ വിളമ്പുകയും ചെയ്യുമെന്നതിൽ തർക്കമില്ല. ഈ കെട്ടകാലത്തിന്റെ മുഖമുദ്രയാണ വ്യഭിചരിക്കപ്പെട്ട മാധ്യമധർമം.

മാധ്യമ മേഖലയിലെ കൊള്ളരുതായ്മകളെ കുറിച്ച് ഇത്രയും ആമുഖമായി പറയേണ്ടിവന്നത് കഴിഞ്ഞദിവസം 'മാതൃഭൂമി' തൃശൂർ എഡിഷനിൽ വന്ന ഒരു വാർത്തയുടെ ഉള്ളടക്കവും തലക്കെട്ടും സമ്മാനിച്ച അദ്ഭുതം വിട്ടുമാറാത്തത് കൊണ്ടാണ്. ''മന്ത്രിയുടെ പേരിൽ ലക്ഷങ്ങളുടെ തട്ടിപ്പ്'' എന്ന 80പോയൻറിൽ ഹെഡിങ്ങും 5കോളം കവറേജുമായി വന്ന വാർത്ത വായിക്കുന്ന ആരും അന്തം വിട്ടുപോകും. കാരണം, തൃശൂരിന്റെ പരിസര പ്രദേശത്തത്തെ 60സെൻറ് ഭൂമി ഇടപാടുമായി ബന്ധപ്പെട്ട ഒരു തർക്കം കോടതിവരെ എത്തി. കക്ഷികളിലൊരാൾ പോലിസിൽ പരാതി കൊടുത്തു. ഇടപാടുകാരിലൊരാൾ നാഷണൽ യൂത്ത് ലീഗ് നേതാവ് ജെയിൻ ജോസഫാണ്.

ഈ വിഷയത്തിൽ തുറമുഖ മന്ത്രിയും ഐ.എൻ.എൽ സംസ്ഥാന പ്രസിഡൻറുമായ അഹമ്മദ് ദേവർകോവിലിന് എന്തു പിഴച്ചു എന്ന് അന്വേഷിക്കുമ്പോഴാണ് വാർത്തയുടെ ശീർഷകം എത്ര കുബുദ്ധിയോടെയും ദുഷ്ടലാക്കോടെയുമാണെന്ന് ബോധ്യമാവുന്നത്. വാർത്ത നാലാൾ വായിക്കാൻ തലക്കെട്ടിന് ഒരു പഞ്ച് വേണം. അതിനു എളുപ്പവഴി മന്ത്രിയുടെ പേര് ഒരു ലോക്കൽ പോലിസ് സ്‌റ്റേഷനിൽ റജിസ്റ്റർ ചെയ്ത കേസിൽ കൂട്ടിച്ചേർക്കുക എന്നത് തന്നെ.

എന്നിട്ട് തട്ടിവിടുകയാണ് മന്ത്രിയുടെ പേരും പടവും ഉപയോഗിച്ചാണ് തട്ടിപ്പ് നടത്തിയതെന്ന്. ആര് ഉപയോഗിച്ചു? എങ്ങനെ ഉപയോഗിച്ചു? മന്ത്രിമാരുടെ കൂടെ പടം എടുക്കുന്നതിൽ ഇവിടെ എന്തെങ്കിലും നിയന്ത്രണമുണ്ടോ? ഇവൻ നാളെ ഏതെങ്കിലും തർക്കത്തിലോ കേസിലോ പെട്ടുപോയേക്കാം എന്ന് കരുതി കൂടെ പടം എടുക്കാൻ വരുന്നവരെ തടയാൻ പറ്റുമോ? പത്രം ചെയ്തത് തനി തോന്ന്യവാസമാണ്.

ഏതെങ്കിലും തരത്തിൽ മന്ത്രിയുടെ പേര് ചെറിയൊരു റിയൽ എസ്‌റ്റേറ്റ് ഇടപാടിലേക്ക് വലിച്ചിഴക്കുന്നതിന് മുമ്പ് മാധ്യമ മര്യാദയുടെ പ്രാഥമിക നിഷ്ഠ പാലിച്ച് ദേവർകേവിലിനെ വിളിച്ചുചോദിക്കാമായിരുന്നു. അല്ലെങ്കിൽ മന്ത്രിയുടെ പാർട്ടിയുടെ ഉത്തരവാദപ്പെട്ട പ്രതിനിധിയോട് കാര്യം തിരക്കാമായിരുന്നു. അതിനൊന്നും മെനക്കെടാതെ പാർട്ടിയിൽനിന്ന് പുറന്തള്ളിയ ഏതൊക്കെയോ പിതൃശൂന്യന്മാർ വിളമ്പിയ പച്ചക്കള്ളം കൊണ്ട് പടച്ചുണ്ടാക്കിയതാണ് ഈ വ്യാജവാർത്ത.

യശ്ശശരീരനായ എം.പി വീരേന്ദ്രകുമാറിനെ ഓർത്തുപോയ നിമിഷം!. അദ്ദേഹം ജീവിച്ചിരുന്നുവെങ്കിൽ നിരുത്തരവാദപരമായി ഇത്തരമൊരു വാർത്ത മെനഞ്ഞവന് എന്നെന്നേക്കുമായി യാത്രയയപ്പ് നൽകിയേനെ. ഒരു കള്ളക്കഥ കാണേണ്ട താമസം ഏത് വിസർജ്യവും മൂക്ക് പൊത്താതെ എടുത്തകത്താക്കുന്ന ചാനലുകൾ വലിയ കണ്ടുപിടത്തം എന്ന ഭാവേന അത് പ്രസരിപ്പിച്ചു. അവർക്കും തോന്നിയില്ല ഒരു സംസ്ഥാന മന്ത്രിയുടെ പേര് പരാമർശിക്കുന്നിടത്ത് അൽപം മാന്യതയും ഉത്തരവാദിത്തവും കാട്ടണമെന്ന്. അവരുടെ ഭാഷ്യം കൂടി കൊടുക്കുകയാണ് മാധ്യമധർമത്തിന്റെ എൽ.കെ.ജി പാഠമെന്ന്.

'മിസ്സിങ്' നികത്താൻ മനം രമിപ്പിക്കുന്ന മറ്റൊരു മുത്തശ്ശി ഇറങ്ങിപ്പുറപ്പെട്ടപ്പോൾ സ്‌റ്റോറി ഡെവലപ് ചെയ്യുകയാണെന്ന വ്യാജേന കാട്ടിക്കൂട്ടിയ വിക്രിയയാണ് ഏറ്റവും വിചിത്രം. എന്നോ ഐ.എൻ.എല്ലിൽനിന്ന് പുറന്തള്ളിയ കുറെ അലവലാദികൾ നൽകിയ കള്ളവർത്തമാനങ്ങൾ വാർത്തയായി അവതരിപ്പിച്ചു സായൂജ്യം കൊണ്ടു. അപ്പോഴും 11സംസ്ഥാനങ്ങളിൽ രാഷ്ട്രീയനിരതമായ ഘടകങ്ങളെ നിയന്ത്രിക്കുന്ന ഐ.എൻ.എൽ ദേശീയ നേതൃത്വത്തിന്റെ അംഗീകാരത്തോടെ പ്രവർത്തിക്കുന്ന, കേരളത്തിലെ 14ജില്ലകളിലും ഇടതുമുന്നണിയുടെ ഭാഗമായി തുടരുന്ന, എം.എൽ.എയും മന്ത്രിയുമൊക്കെയുള്ള ഒരു പാർട്ടിയുടെ ഔദ്യോഗിക വിഭാഗത്തോട് ഒരക്ഷരം ചോദിക്കാൻ കൂട്ടാക്കിയില്ല. ഇവർ ചോദിക്കില്ല. ഇവർക്കു വേണ്ടത് ഇടതുമുന്നണിയുടെ ശക്തിക്ഷയമാണ്. ഇടതുമന്ത്രിമാരുടെ രക്തമാണ്.

പ്രത്യേകിച്ചും അഹമ്മദ് ദേവർകോവിലിനെ പോലെ തൊട്ടതെല്ലാം പൊന്നാക്കിയ, എളിമയാർന്ന പെരുമാറ്റം കൊണ്ട് ജനഹൃദയങ്ങളെ കീഴടക്കിയ സൗമ്യനായ ഒരു വ്യക്തി രണ്ടുവർഷം കൊണ്ട് കെട്ടിപ്പൊക്കിയ വ്യക്തിപ്രഭാവത്തിന്റെ ഗരിമ നശിപ്പിക്കലാണ്. ഒരു ആർ.എസ്.എസ് കാര്യവാഹിക്കിന്റെ കറുത്ത കരവും ദുർവാർത്തക്ക് പിന്നിൽ പ്രവർത്തിച്ചു. ഒപ്പം ചില ദുഷ്ടലാക്കുകാരുടെയും. മുന്നണി മര്യാദ കണക്കിലെടുത്ത് ആ ഭാഗം ഇപ്പോൾ വിശദീകരിക്കുന്നില്ല.
എത്രയോ പ്രതിസന്ധികളെ അതിജീവിച്ചാണ് മന്ത്രി ദേവർകോവിലും അദ്ദേഹത്തിന്റെ പാർട്ടിയും കേരള രാഷ്ട്രീയ നഭസ്സിൽ തിളങ്ങിനിൽക്കുന്നത്.

ഇത് കണ്ട് അസൂയ പൂണ്ടവർ എണ്ണമറ്റതാണ്. കേരളീയന്റെ സ്വപ്‌നത്തിൽനിന്ന് പോലും ഒരുവേള അകന്നകന്നുപോയ വിഴിഞ്ഞം പദ്ധതി യാഥാർഥ്യമാവുന്ന മൂഹൂർത്തം അടുത്തടുത്ത് വരുമ്പോൾ പലർക്കും കുരു പൊട്ടുന്നുണ്ട് . ഐ.എൻ.എല്ലിന്റെ അന്ത്യം കിനാവ് കണ്ട് നോമ്പ്‌നോറ്റിരിക്കുന്ന മുസ്‌ലിം ലീഗ് മന്ദബുദ്ധികളുടെ ഉറക്കം പോയിട്ട് നാളുകളേറെയായി. ചാനലുകളിലും പത്രങ്ങളിലും ദേവർകോവിൽ മയം. ഇതുവരെ തങ്ങൾ തിരിഞ്ഞുനോക്കാതിരുന്ന തുറമുഖ വകുപ്പിന് ഇത്രക്കും ചാമിങ്ങോ? മ്യൂസിയവും പുരാവസ്തുവും പുരാരേഖയുമൊക്കെ എന്താണെന്ന് കേരളം കണ്ടുപഠിച്ച കഴിഞ്ഞ രണ്ടുവർഷം സാംസ്‌കാരിക കേരളം വളർന്നത് ദേവർകോവിലിന്റെ ചുമലിലൂടെയാണല്ലൊ റബ്ബേ എന്ന് തലയിൽ കൈവെച്ച് നിലവിളിക്കുന്നു ദുഷ്ടന്മാർ.

പള്ളിയുടെയും യത്തീംഖാനയുടെയും വഖഫിന്റെയും കോടികൾ മുക്കി, പ്രതാപശാലികളായി ' മാറിയ കങ്കാണിമാരെ കാലം യഥാവിധി അടയാളപ്പെടുത്തിയതിലുള്ള ജാള്യം മറച്ചുപിടിക്കാൻ ദേവർകോവിലിന്റെ പേരുൾക്കൊള്ളുന്ന ഒരു വാർത്തക്ക് കഴിയുമോ എന്ന് മോഹിച്ച് സൈബർ ഗുണ്ടകളെ വിട്ട് പോസ്റ്റർ ഇടുവിപ്പിക്കുന്ന ലീഗ് കാട്ട്കള്ളന്മാരുടെയും തട്ടിപ്പ് വീരന്മാരുടെയും മുഖവും തെളിഞ്ഞുകണ്ടു പോയ ദിവസങ്ങളിൽ.

ദേവർകോവിലിന്റെ തേരോട്ടം കണ്ട് സദാ നെഞ്ചുരുകി ജീവിതം തള്ളിനീക്കുന്ന വിമത കീടങ്ങൾക്ക് ഒരു ഇല്ലാ കഥ വീണുകിട്ടിയപ്പോഴുള്ള ആഹ്ലാദം ചെറുതല്ല എന്ന് ജനം തിരിച്ചറിഞ്ഞിട്ടുണ്ട്. മാതൃഭൂമിയുടെ അകത്താളിൽ അച്ചടിച്ചുവന്ന വാർത്ത, ഗുരുവായൂർ ചൊവ്വല്ലൂർ പടിയിലെ സൈബർ ഗുണ്ട ഫോട്ടോഷോപ്പിലുടെ ലീഡ് സ്‌റ്റോറിയായി പുന:സൃഷ്ടിച്ച് നാടുനീളെ പ്രസരിപ്പിച്ചു. അവനെയും പത്രത്തിന്റെ വികല എഡിഷൻ പുറത്തിറക്കാൻ ഉപദേശം കൊടുത്ത പരമനാറിയെയും ഐ.ടി ആക്ട് അനുസരിച്ച് കോടതി കൈകാര്യം ചെയ്യട്ടെ. പത്രം തന്നെ അതിന് നടപടി തുടങ്ങിയതായാണ് അറിവ്.

ഐ.എൻ.എല്ലുകാർ തട്ടിപ്പ് നടത്തുന്നുവെന്ന് പ്രചരിപ്പിക്കാൻ ശ്രമിച്ച വിമത കീടങ്ങളോട് ഒന്നേ പറയാനുള്ളൂ. നിങ്ങൾ രണ്ടുവർഷമായി ജീവിക്കുന്നത് കട്ടും മുടിച്ചും വൻ തട്ടിപ്പുകൾ നടത്തിയുമാണെന്നതിന് അഖണ്ഡനീയമായ തെളിവുകളുണ്ട് . ഡിസംബർ 28,29, 30 തീയതികളിൽ ഐ.എൻ.എൽ കോഴിക്കോട് സംസ്ഥാന സമ്മേളനം പ്രഖ്യാപിച്ചപ്പോഴേക്കും ഞങ്ങളാണ് സമ്മേളനം നടത്തുന്നതെന്ന് പറഞ്ഞ് കോഴിക്കോട്ടും മലപ്പുറത്തും ഗൾഫിലും വൻതോതിൽ പണം പിരിച്ച് കീശ നിറച്ച അറങ്കള്ളന്മാരല്ലേ നിങ്ങൾ? സാക്ഷാൽ പ്രൊഫസറെ മലപ്പുറത്തുകാർ കൈയോടെ പിടികൂടിയ സംഭവം പാർട്ടി പ്രചരിപ്പിക്കാതിരുന്നത് അതിന്റെ നേതാക്കൾ നല്ല തന്തക്ക് പിറന്നത് കൊണ്ടാണ്.

15വർഷത്തെ പാർട്ടി കണക്ക് ചോദിച്ചപ്പോഴല്ലേ പേരാമ്പ്രക്കാരന്റെ കുനുട്ട്ബുദ്ധിക്ക് കീഴിൽ അഭയം തേടി എറണാകുളത്ത് പ്രൊഫഷണൽ ഗുണ്ടകളെ വാടകക്കെടുത്ത് പാർട്ടിയെ പെരുവഴിയിൽ തല്ലിച്ചതച്ചത്. കൂടുതൽ പറയിപ്പിക്കരുത്.
ഇബ്രാഹീം സുലൈമാൻ സേട്ട് ബീജാവാപം നൽകിയത് അന്തസ്സും അഭിമാനവും ആഭിജാത്യവുമുള്ള ഒരു പാർട്ടിയെയാണ്. അതിന്റെ മുഖത്ത് ചെറിയൊരു പാട് പോലും വീഴാൻ ഞങ്ങൾ അനുവദിക്കില്ല. അതിന്റെ നേതാക്കളുടെ വ്യക്തിപ്രഭാവത്തിന് പോറലേൽക്കുന്നതൊന്നും ഞങ്ങൾ സഹിക്കില്ല.

അതുകൊണ്ട് തന്നെ നിരുത്തരവാദപരമായ വാർത്തകൾ നൽകിയവർക്കെതിരെ ഞങ്ങൾ നിയമപോരാട്ടം തുടങ്ങിക്കഴിഞ്ഞു. നിയമത്തിന്റെ അങ്ങേയറ്റം സഞ്ചരിക്കാൻ ഞങ്ങൾ സന്നദ്ധമാണ്. പാർട്ടിയുടെ പ്രതിച്ഛായക്ക് പോറലേൽപിക്കാൻ ആര് ശ്രമിച്ചാലും അവർക്കെതിരെ ശക്തമായ നടപടി എടുക്കും. അതിനുള്ള ആഭ്യന്തര സംവിധാനം പാർട്ടി വളർത്തിയെടുത്തിട്ടുണ്ട്. തെരുവിൽ അലയുന്ന അണ്ടനും അടകോടനും ഉപയോഗിക്കാനുള്ളതല്ല ഐ.എൻ.എല്ലിന്റെ പേരും ചിഹ്‌നങ്ങളും അന്തസ്സാർന്ന അസ്തിത്വവും. നിയമപരമായും ജനാധിപത്യപരമായും അതിന് തടയിടാൻ ഞങ്ങൾ ശേഷി കൈവരിച്ചുകഴിഞ്ഞു. പൂർണ നിലാവ് കാണുമ്പോൾ കുറുക്കന്മാർ ഓടിയിടുന്നത് നൈരാശ്യം മൂത്താണ്. സാർഥവാഹക സംഘം മുന്നോട്ട്, മുന്നോട്ട്!!'

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+