News Updates Live: ഇന്നത്തെ പ്രധാനവാര്‍ത്തകള്‍ അറിയാം
സംസ്ഥാനത്ത് കാലവർഷത്തിൽ നേരിയ ശമനം ഉണ്ടായെങ്കിലും വരും ദിവസങ്ങളിൽ മഴ കനക്കുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഇന്ന് ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന ചില സ്‌കൂളുകൾക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. രണ്ട് ജില്ലകളിൽ യെല്ലോ അലർട്ടാണ് നൽകിയിരിക്കുന്നത്. നിലമ്പൂരിൽ ഉപതിരഞ്ഞെടുപ്പ് പോരാട്ടം ചൂടേറുകയാണ്. സ്ഥാനാർത്ഥികൾ നാമനിർദ്ദേശ പത്രിക സമർപ്പിച്ചു കഴിഞ്ഞു. പ്രചാരണത്തിന്റെ ഭാഗമായി സ്ഥാനാർത്ഥികൾ മണ്ഡലത്തിൽ ഉടനീളം സജീവമാവുകയാണ്. ഇന്നത്തെ പ്രധാന വാർത്തകൾ അറിയാം.

കപ്പല്‍ അപകടം; മത്സ്യത്തൊഴിലാളികള്‍ക്ക് ധനസഹായം
അറബിക്കടലില്‍ കൊച്ചി തീരത്തിന് സമീപമുണ്ടായ ചരക്കു കപ്പല്‍ അപകടത്തില്‍ ഉപജീവന മാര്‍ഗം അനിശ്ചിതത്വത്തിലായ മത്സ്യത്തൊഴിലാളികള്‍ക്ക് ധനസഹായം. സംസ്ഥാന ദുരന്തനിവാരണ നിധിയില്‍ നിന്ന് 1000 രൂപ വീതം നഷ്ടപരിഹാരം നല്‍കാന്‍ സര്‍ക്കാര്‍ ഉത്തരവിട്ടു. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം എന്നീ ജില്ലകളിലെ തൊഴിലാളികള്‍ക്കാണ് സഹായ ധനം നല്‍കുന്നത്. കപ്പല്‍ അപകടം ഈ നാലു ജില്ലകളിലെ തീരപ്രദേശങ്ങളെയാണ് ഏറ്റവും കൂടുതല്‍ ബാധിച്ചത്. 78498 മത്സ്യബന്ധന കുടുംബങ്ങള്‍ക്കും 27020 മത്സ്യബന്ധന അനുബന്ധ തൊഴിലാളി കുടുംബങ്ങള്‍ക്കുമാണ് ധനസഹായം ലഭിക്കുക. ഒന്നര ലക്ഷത്തിലധികം കുടുംബങ്ങള്‍ക്ക് ആറ് കിലോ അരി വീതവും നല്‍കാനും തീരുമാനമായി.
ഓപ്പറേഷന്‍ സിന്ദൂര്‍; പ്രധാനമന്ത്രിക്ക് കത്ത് നല്‍കി 16 പ്രതിപക്ഷ പാര്‍ട്ടികള്‍
പാകിസ്ഥാനിലെ ഭീകര കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ട് ഇന്ത്യ നടപ്പാക്കിയ സൈനിക നടപടി ഓപ്പറേഷന്‍ സിന്ദൂറിനെക്കുറിച്ച് വിശദീകരിക്കാന്‍ പാര്‍ലമെന്റിന്റെ പ്രത്യേക സമ്മേളനം വിളിക്കണമെന്ന ആവശ്യവുമായി 16 പ്രതിപക്ഷ പാര്‍ട്ടികളുടെ നേതാക്കള്‍. ഇക്കാര്യം ഉന്നയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചു. ആം ആദ്മി പാര്‍ട്ടി യോഗത്തില്‍ പങ്കെടുത്തില്ലെങ്കിലും ഇതേ ആവശ്യമുന്നയിച്ച് പ്രധാനമന്ത്രിക്ക് പ്രത്യേകം കത്ത് എഴുതും. എന്നാല്‍ ഇക്കാര്യത്തില്‍ കേന്ദ്രസര്‍ക്കാര്‍ മൗനം തുടരുകയാണ്. ഭീകരതയ്ക്കെതിരായ ഇന്ത്യയുടെ നിലപാട് അറിയിക്കാന്‍ വിവിധ രാജ്യങ്ങളിലേക്ക് യാത്ര ചെയ്യുന്ന സര്‍വകക്ഷി സംഘം രാജ്യത്ത് തിരിച്ചെത്തിയ ശേഷം ഈ മാസം സമ്മേളനം നടത്തണമെന്നാണ് തൃണമൂല്‍ കോണ്‍ഗ്രസിന്റെ നിര്‍ദേശം.
ഭൂചലനം 'രക്ഷയായി'; പാകിസ്ഥാനില്‍ കൂട്ട ജയില്‍ചാട്ടം
പാകിസ്ഥാനില്‍ ഭൂകമ്പത്തെതുടര്‍ന്ന് ജയില്‍ ഒഴിപ്പിക്കുന്നതിനിടെ തടവുകാര്‍ കൂട്ടത്തോടെ ജയില്‍ ചാടി. 216 തടവുകാരാണ് രക്ഷപ്പെട്ടത്. കറാച്ചിയിലാണ് ചെറിയ ഭൂകമ്പം ഉണ്ടായത്. ഭൂചലനം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് തടവുകാരെ ഒഴിപ്പിക്കുന്നതിനിടെ വാതിലുകളും ജനാലകളും തകര്‍ത്ത് പുറത്തുചാടുകയായിരുന്നു. തടവുകാരില്‍ 80 പേരെ പിടികൂടി. പൊലീസ് നടത്തിയ വെടിവയ്പ്പില്‍ ഒരു തടവുകാരന്‍ കൊല്ലപ്പെട്ടു. 5,000 തടവുകാരാണ് ഇവിടെയുള്ളത്. പാകിസ്ഥാനില്‍ നടന്ന ഏറ്റവും വലിയ ജയില്‍ ചാട്ടമാണിത്. മയക്കുമരുന്ന് കേസില്‍ ഉള്‍പ്പെട്ടവരാണ് കൂടുതല്‍ പേരും.
മാപ്പ് പറയില്ലെന്ന് കമല്‍
കന്നഡ ഭാഷയെ താന്‍ അപകീർത്തിപ്പെടുത്തിയെന്ന് ആരോപണം അടിസ്ഥാന രഹിതമാണെന്നും വിഷയത്തില്‍ മാപ്പ് പറയാന്‍ തയ്യാറല്ലെന്നും കോടതിയെ അറിയിച്ച് കമല്‍ഹാസന്‍. താന്‍ നടത്തിയ പരാമർശങ്ങള്‍ സദുദ്ധേശപരമായിരുന്നുവെന്നു. വിഷയത്തില്‍ കന്നഡ ഫിലിം ചേമ്പറുമായി ചർച്ച നടത്തി പ്രശ്നം പരിഹരിക്കും. അതിന് ശേഷമേ റിലീസ് ചെയ്യുകയുള്ളുവെന്നും കമല്‍ കോടതിയെ അറിയിച്ചു. അതേസമയം ചർച്ചയ്ക്ക് ശേഷം കേസ് ജൂണ്‍ 10 ന് വീണ്ടും പരിഗണിക്കുമെന്ന് അറിയിച്ചു.
അന്‍വറിനായുള്ള വാതില്‍ അടച്ചു
പിവി അൻവർ നിലമ്പൂരില്‍ മത്സരിച്ചില്ലെങ്കിലും അദ്ദേഹവുമായുള്ള ചർച്ചകൾക്കുള്ള വാതിൽ അടഞ്ഞതാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. അൻവറിന്റെ കാര്യത്തിൽ തീരുമാനം എടുത്തത് പി.കെ. കുഞ്ഞാലിക്കുട്ടിയുടെയും രമേശ് ചെന്നിത്തലയുടെയും കൂടി ആവശ്യപ്രകാരമാണ്. അവർ നയിച്ച ചർച്ചകൾ വിജയിച്ചില്ലെന്ന് വ്യക്തമായതോടെ ആ വിഷയം അവസാനിപ്പിച്ചു.
അങ്കമാലി ശബരി റെയില്‍പ്പാത യാഥാര്‍ഥ്യമാക്കും; മന്ത്രി വി അബ്‌ദുറഹിമാൻ
അങ്കമാലി ശബരി റെയില്‍പ്പാത യാഥാര്‍ഥ്യമാക്കാന്‍ കേന്ദ്രസര്‍ക്കാരുമായുള്ള ചര്‍ച്ചയില്‍ ധാരണയായതായി മന്ത്രി വി അബ്‌ദുറഹിമാന്‍. അടുത്ത ദിവസം തന്നെ ഇതിനായി കേന്ദ്ര വിദഗ്‌ധ സംഘം കേരളത്തിലെത്തും. തുടര്‍ന്ന് യോഗം ചേര്‍ന്ന് ഔദ്യോഗികമായി പ്രവൃത്തി ആരംഭിക്കുമെന്നും ഭൂമി ഏറ്റെടുക്കല്‍ പ്രവൃത്തി ആരംഭിക്കാനാണ് തീരുമാനിച്ചതെന്നും മന്ത്രി അറിയിച്ചു.
സംസ്ഥാനത്തെ മഴ മുന്നറിയിപ്പിൽ മാറ്റം
സംസ്ഥാനത്ത് മഴ തുടരും. ഇന്ന് അഞ്ച് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലാണ് യെല്ലോ അലർട്ട് നിലവിലുണ്ടാവുക. ജൂണ്‍ നാലിന് ഏഴ് ജില്ലകളിൽ മഴ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ആലപ്പുഴ, എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് എന്നീ ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്.
കന്നഡ ഭാഷയെ കുറിച്ചുള്ള വിവാദ പരാമർശം; തെറ്റിദ്ധരിക്കപ്പെട്ടെന്ന് കമൽ ഹാസൻ
കന്നഡ ഭാഷയെക്കുറിച്ചുള്ള തന്റെ പ്രസ്‌താവന തെറ്റിദ്ധരിക്കപ്പെട്ടതായും സന്ദർഭത്തിൽ നിന്ന് അടർത്തിമാറ്റിയതാണെന്നും വ്യക്തമാക്കി കമൽ ഹാസൻ. കർണാടക ഫിലിം ചേംബർ ഓഫ് കൊമേഴ്‌സ് പ്രസിഡന്റ് നരസിംഹലുവിനെ അഭിസംബോധന ചെയ്‌ത കത്തിലാണ് കമൽഹാസൻ നിലപാട് വ്യക്തമാക്കിയത്. എന്നാൽ വിവാദത്തിൽ താരം ഇതുവരെ മാപ്പ് പറഞ്ഞിട്ടില്ല. ഹൈക്കോടതിയുടെ വിമർശനത്തിന് പിന്നാലെയാണ് കമലിന്റെ കത്ത് പുറത്തുവന്നത്.
കൊച്ചിയിൽ ടാൻസാനിയൻ നാവിക സേനാ ഉദ്യോഗസ്ഥന്റെ മൃതദേഹം കണ്ടെത്തി
കൊച്ചി വെണ്ടുരുത്തി കപ്പൽച്ചാലിൽ കാണാതായ ടാൻസാനിയൻ നാവിക സേനാ ഉദ്യോഗസ്ഥന്റെ മൃതദേഹം കണ്ടെത്തി. പാലത്തിനു സമീപം കായലിൽ നിന്നാണ് അബ്‌ദുൽ ഇബ്രാഹിം സാലിഹിന്റെ മൃതദേഹം കണ്ടെത്തിയത്. വെണ്ടുരുത്തി പാലത്തിൽനിന്ന് ചാടിയപ്പോൾ ശക്തമായ അടിയൊഴുക്കിൽപ്പെട്ടു എന്നാണ് കരുതുന്നത്.
രാജ്യത്തെ സജീവ കോവിഡ് കേസുകൾ 4000 കടന്നു
കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 65 പുതിയ കേസുകൾ കൂടി റിപ്പോർട്ട് ചെയ്‌തതോടെ രാജ്യത്തുടനീളമുള്ള സജീവ കോവിഡ് കേസുകളുടെ എണ്ണം ചൊവ്വാഴ്‌ച 4026 ആയി ഉയർന്നതായി ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം. ഈ കാലയളവിൽ അഞ്ച് കോവിഡ് മരണങ്ങളാണ് സംഭവിച്ചത്. കേരളം, തമിഴ്‌നാട്, പശ്ചിമ ബംഗാൾ എന്നിവിടങ്ങളിൽ ഓരോന്നും മഹാരാഷ്ട്രയിൽ രണ്ട് മരണങ്ങളും നടന്നു.
സംസ്ഥാനത്ത് കോവിഡ് പരിശോധന നിര്‍ബന്ധമാക്കുന്നു
സംസ്ഥാനത്ത് കോവിഡ് പരിശോധന നിര്‍ബന്ധമാക്കാൻ ആരോഗ്യവകുപ്പ്. പനി, ശ്വാസസംബന്ധമായ അസുഖം (സിവിയര്‍ അക്യൂട്ട് റെസ്പിറേറ്ററി ഇന്‍ഫെക്ഷന്‍-എസ്എആര്‍ഐ) ലക്ഷണങ്ങളോടെ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടിട്ടുള്ള എല്ലാവര്‍ക്കും കോവിഡ്-19 പരിശോധന നടത്തണമെന്ന് ആരോഗ്യവകുപ്പ് പുറത്തിറക്കിയ സര്‍ക്കുലറില്‍ വ്യക്തമാക്കി. രോഗം ഗുരുതരമാകാന്‍ സാധ്യതയുള്ളവര്‍ക്ക് മാസ്‌ക് നിര്‍ബന്ധമാക്കിയിട്ടുമുണ്ട്.
നടൻ കമലഹാസനെ കുടഞ്ഞ് കർണാടക ഹൈക്കോടതി
കന്നഡ ഭാഷയെ കുറിച്ചുള്ള വിവാദ പരാമർശത്തിൽ നടൻ കമലഹാസനെ കുടഞ്ഞ് കർണാടക ഹൈക്കോടതി. കമലഹാസൻ ആരായാലും ജനങ്ങളുടെ വികാരത്തെ വ്രണപ്പെടുത്തുന്നത് ശരിയല്ല, നടൻ നിരുപാധികം മാപ്പ് പറയേണ്ടതാണ്. അപ്പോൾ പ്രശ്നങ്ങളെല്ലാംതീരുമെന്നും ഹൈക്കോടതി നിരീക്ഷിച്ചു. ഉച്ചക്ക് രണ്ടരക്കാണ് ഹൈക്കോടതി വിധി പറയുന്നത്. കന്നഡ തമിഴിൽ നിന്നാണ് ഉത്ഭവിച്ചതെന്നായിരുന്നു കമൽഹാസൻ പൊതുപരിപാടിയിൽ പറഞ്ഞത്.
നിലമ്പൂർ ഉപതിരഞ്ഞെടുപ്പ്: ആര്യാടൻ ഷൗക്കത്തിന്റെ പര്യടനം തുടങ്ങി
നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി ആര്യാടന്‍ ഷൗക്കത്തിന്റെ മണ്ഡല പര്യടനം ആരംഭിച്ചു. മുസ്ലീം ലീഗ് നേതാവ് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങളാണ് പര്യടനം ഉദ്‌ഘാടനം ചെയ്‌തത്. പോത്തുകല്‍ മുണ്ടേരിയില്‍ നിന്നാണ് പഞ്ചായത്ത് പര്യടനം ആരംഭിച്ചത്. ഇനിയുള്ള പ്രചാരണ പരിപാടികളിലെല്ലാം സജീവമായി പങ്കെടുക്കുമെന്നാണ് അബ്ബാസലി തങ്ങൾ അറിയിച്ചത്.
അഫാന്റെ ആരോഗ്യനില മെച്ചപ്പെട്ടു; വെന്റിലേറ്റർ മാറ്റി
ആത്മഹത്യാ ശ്രമം നടത്തിയതോടെ ഗുരുതരാവസ്ഥയിൽ ആശുപത്രിയിലായ വെഞ്ഞാറമൂട് കൂട്ടകൊലകേസ് പ്രതി അഫാന്റെ ആരോഗ്യനില മെച്ചപ്പെട്ടു. അഫാന്റെ വെറ്റിലേറ്റർ മാറ്റി. തീവ്രപരിചണ വിഭാഗത്തിൽ കഴിയുന്ന അഫാൻ ഭക്ഷണം കഴിക്കാനും തുടങ്ങിയിട്ടുണ്ട്. നടന്നതിനെ കുറിച്ച് ഓർമ്മയില്ലെന്നാണ് അഫാൻ പറയുന്നത്. വാർഡിലേക്ക് മാറ്റിയശേഷമാവും പോലീസ് മൊഴിയെടുക്കുക.
നിലമ്പൂർ ഉപതിരഞ്ഞെടുപ്പ്: പിവി അൻവറിന്റെ ഒരു പത്രിക തള്ളി
നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ പിവി അൻവർ നൽകിയ പത്രികകളിൽ ഒന്ന് തള്ളി. തള്ളിയത് തൃണമൂൽ സ്ഥാനാർത്ഥിയായി നൽകിയ പത്രിക. ഇതോടെ അൻവറിന് സ്വതന്ത്രനായി മത്സരിക്കേണ്ടി വരും. ഇന്നലെയാണ് പിവി അൻവർ തിരഞ്ഞെടുപ്പ് നാമനിർദ്ദേശ പത്രിക സമർപ്പിച്ചത്.
സർക്കാരിന് തിരിച്ചടി; ബി അശോകിന്റെ നിയമനം റദ്ദാക്കി ട്രിബ്യൂണൽ
സർക്കാരിന് കടുത്ത തിരിച്ചടി നൽകി കൊണ്ട് ഡോ. ബി അശോകിന്റെ നിയമനം റദ്ദാക്കി സെന്‍ട്രൽ അഡ്‌മിനിസ്ട്രേറ്റീവ് ട്രിബ്യൂണൽ. അശോകിനെ തദ്ദേശസ്വയംഭരണ പരിഷ്‌കരണ കമ്മീഷൻ ചെയർമാനായി നിയമിച്ച സർക്കാർ ഉത്തരവാണ് സെൻട്രൽ അഡ്‌മിനിസ്ട്രേറ്റീവ് ട്രിബ്യൂണൽ റദ്ദാക്കിയത്. നിയമനത്തിനെതിരെ ബി അശോക് നൽകിയ ഹർജിയിലാണ് ഉത്തരവ്.
പോക്സോ കേസ് പ്രതിയായ വ്‌ളോഗർ മുകേഷ് എം നായർ പ്രവേശനോത്സവത്തിൽ; വിവാദം
പോക്സോ കേസ് പ്രതിയായ പ്രമുഖ വ്‌ളോഗർ മുകേഷ് എം നായരെ സ്‌കൂൾ പ്രവേശനോത്സവത്തിൽ പങ്കെടുപ്പിച്ച സംഭവത്തിൽ ഇടപെടലുമായി വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി. സംഭവത്തിൽ വിശദീകരണം തേടിയ മന്ത്രി, അടിയന്തരമായി വിഷയം അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ തിരുവനന്തപുരം വിദ്യാഭ്യാസ ഉപ ഡയറക്‌ടർക്ക് നിർദ്ദേശം നൽകി. സംഭവം വിവാദമായതോടെയാണ് മന്ത്രി ഇടപെടുന്നത്.
കെസി വേണുഗോപാൽ ഉത്സവപ്പറമ്പിലെ പോക്കറ്റടിക്കാരനെ പോലെ; എംവി ജയരാജൻ
ഉത്സവപ്പറമ്പിലെ പോക്കറ്റടിക്കാരനെപ്പോലെയാണ് കെസി വേണുഗോപാൽ ഇന്നലെ നടത്തിയ പരാമർശമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എംവി ജയരാൻ. രാജ്യസഭയിൽ ബിജെപിക്ക് ഒരു സീറ്റ് നൽകിയതാണ് കെസി വേണുഗോപാലിന്റെ ചതിയെന്നും ജയരാജൻ ആരോപിച്ചു. പിണറായിസം ജനങ്ങൾ അംഗീകരിച്ചുവെന്നും ജയരാജൻ കൂട്ടിച്ചേർത്തു.
ഇന്ത്യ-യുഎസ് വ്യാപാര കരാർ വൈകില്ല; അമേരിക്കൻ വാണിജ്യ സെക്രട്ടറി
ഇന്ത്യയും യുഎസും തമ്മിലുള്ള വ്യാപാര കരാർ വൈകില്ലെന്ന് അമേരിക്കൻ വാണിജ്യ സെക്രട്ടറി. 'അമേരിക്കയും ഇന്ത്യയും തമ്മിൽ വളരെ വിദൂരമല്ലാത്ത ഭാവിയിൽ ഒരു കരാർ നിങ്ങൾക്ക് പ്രതീക്ഷിക്കാം, കാരണം രണ്ട് രാജ്യങ്ങൾക്കും ശരിക്കും അനുയോജ്യമായ ഒരു ഇടം ഞങ്ങൾ കണ്ടെത്തിയെന്ന് ഞാൻ കരുതുന്നു' എന്നാണ് വാണിജ്യ സെക്രട്ടറി ഹോവാർഡ് ലുട്നിക്ക് പറഞ്ഞത്. ഈ ആഴ്‌ചയോടെ ഇരു രാജ്യങ്ങളും തമ്മിലുള്ള അവസാനഘട്ട ചർച്ചകൾ ഡൽഹിയിൽ നടക്കനിരിക്കെയാണ് അദ്ദേഹത്തിന്റെ നിർണായക പ്രതികരണം.
ഓപ്പറേഷൻ സിന്ദൂർ: പ്രത്യേക പാർലമെന്റ് സമ്മേളനം ഉണ്ടായേക്കില്ല
ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ചർച്ച ചെയ്യാൻ പാർലമെന്റിന്റെ പ്രത്യേക സമ്മേളനം വിളിക്കണമെന്ന പ്രതിപക്ഷ ആവശ്യം തള്ളി കേന്ദ്ര സർക്കാർ. അതിർത്തി കടന്നുള്ള ഓപ്പറേഷനിൽ യുദ്ധവിമാനങ്ങൾ നഷ്‌ടപ്പെട്ടുവെന്ന് ചീഫ് ഓഫ് ഡിഫൻസ് സ്‌റ്റാഫ് (സിഡിഎസ്) ജനറൽ അനിൽ ചൗഹാൻ സമ്മതിച്ചെങ്കിലും, വിഷയത്തിൽ ശക്തമായ പ്രതിഷേധങ്ങൾ ഉയർന്നിട്ടും കേന്ദ്രം പ്രതിപക്ഷ ആവശ്യം പരിഗണിക്കുന്നില്ലെന്നാണ് അടുത്ത വൃത്തങ്ങൾ നൽകുന്ന വിവരം.
സാന്ദ്രാ തോമസിനെതിരെ 50 ലക്ഷം രൂപയുടെ മനനഷ്‌ടക്കേസ്
നിർമ്മാതാവ് സാന്ദ്രാ തോമസിനെതിരെ പരാതിയുമായി ഫെഫ്ക്ക പ്രൊഡക്ഷൻ എക്‌സിക്യൂട്ടീവ് യൂണിയൻ. സിനിമ പ്രൊഡക്‌ഷൻ കൺട്രോളന്മാരെ മോശക്കാരാക്കി പ്രസ്‌താവന നൽകിയെന്ന് ചൂണ്ടിക്കാട്ടിയാണ് പരാതി. വിഷയത്തിൽ 50 ലക്ഷം രൂപ നഷ്‌ടപരിഹാരം തേടിക്കൊണ്ട് യൂണിയൻ എറണാകുളം സബ്കോടതിയിൽ മാനനഷ്‌ടക്കേസ് ഫയൽ ചെയ്‌തിട്ടുമുണ്ട്.
കെസി വേണുഗോപാലിനെതിരെ ആഞ്ഞടിച്ച് മുഹമ്മദ് റിയാസ്
മുതിർന്ന കോൺഗ്രസ് നേതാവ് കെസി വേണുഗോപാലിനെതിരെ ആഞ്ഞടിച്ച് മന്ത്രി പിഎ മുഹമ്മദ് റിയാസ്. പിണറായിയെ പുകഴ്ത്തിയാണ് റിയാസിന്റെ പ്രതികരണം. കേരളത്തിലെ ബിജെപിയുടെ നിയമസഭയിലെ ആദ്യ അക്കൗണ്ട് പൂട്ടിച്ചതിന് നേതൃത്വം നൽകിയ മനുഷ്യന്റെ പേരാണ് സഖാവ് പിണറായി വിജയൻ. രാജസ്ഥാനിലെ സ്വന്തം രാജ്യസഭാ സീറ്റ് ബിജെപിക്ക് വെള്ളിത്താലത്തിൽ വച്ചുനീട്ടി കേരളത്തിലേക്ക് അധികാര കൊതി മൂത്ത് വണ്ടി കയറിയയാളാണ് കെസി വേണുഗോപാലെന്നും മുഹമ്മദ് റിയാസ് പറഞ്ഞു.
പിറവത്ത് പ്ലസ് ടു വിദ്യാർത്ഥിയെ കാണാതായി; അന്വേഷണം
എറണാകുളം പിറവത്ത് പ്ലസ് ടു വിദ്യാർഥിയെ കാണാതായി. പാമ്പാക്കുട ഗവ.ഹയർ സെക്കൻഡറി സ്‌കൂൾ വിദ്യാർഥി അർജുൻ രഘുവിനെയാണ് കാണാതായത്. ഇന്നലെ സ്‌കൂളിലേക്കെന്ന് പറഞ്ഞ് വീട്ടിൽ നിന്നിറങ്ങിയ അർജുൻ വൈകിട്ട് തിരിച്ചെത്തിയിരുന്നില്ല. വീട്ടിൽനിന്ന് ഏകദേശം ഒന്നര കിലോമീറ്റർ അർജുൻ സഞ്ചരിച്ചതിന്റെ സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെ ലഭിച്ചിട്ടുണ്ട്, അതിന് ശേഷമാണ് അർജുനെ കാണാതായത്.
കേരളത്തിൽ കോവിഡ് കേസുകൾ ഉയരുന്നു; ജാഗ്രത
കേരളത്തിൽ കോവിഡ് പോസിറ്റീവ് കേസുകള്‍ ഉയരുന്ന സാഹചര്യത്തിൽ പ്രതിരോധ നടപടികളുമായി ആരോഗ്യവകുപ്പ്. കോവിഡ് കേസുകള്‍ വര്‍ധിക്കാതിരിക്കുന്നതിനായി പ്രത്യേക മാര്‍ഗനിര്‍ദേശം പുറത്തിറക്കി.പനിയുമായി ചികിത്സ തേടുന്നവർക്ക് കോവിഡ് ലക്ഷണങ്ങളുണ്ടോ എന്നത് പരിശോധിക്കണമെന്നും രോഗം ഗുരുതരമാകാൻ സാധ്യതയുള്ളവർക്ക് മാസ്‌ക് നിർബന്ധമാണെന്നും ഉത്തരവിൽ പറയുന്നു.
പൊള്ളാച്ചിയിൽ മലയാളി വിദ്യാർത്ഥിനിയെ കുത്തിക്കൊലപ്പെടുത്തി
തമിഴ്‌നാട്ടിലെ പൊള്ളാച്ചി വടുകപാളയത്ത് പ്രണയാഭ്യർഥന നിരസിച്ച വിദ്യാർത്ഥിനിയെ വീടിനുള്ളിൽ കയറി യുവാവ് കുത്തിക്കൊലപ്പെടുത്തി. പിന്നീട് പോലീസിൽ കീഴടങ്ങിയ യുവാവിനെ അറസ്‌റ്റ് ചെയ്‌തു. പൊൻമുത്തു നഗറിലെ മലയാളി കുടുംബത്തിലെ പെൺകുട്ടിയായ അഷ്‌വിക (19) ആണ് കൊല്ലപ്പെട്ടത്. കോയമ്പത്തൂരിൽ രണ്ടാംവർഷ ബിഎസ്‌സി കംപ്യൂട്ടർ സയൻസ് വിദ്യാർഥിനിയാണ് കൊല്ലപ്പെട്ട അഷ്‌വിക. കേസിൽ സ്വകാര്യ പണമിടപാട് സ്ഥാപനത്തിലെ ജീവനക്കാരനായ പ്രവീൺ കുമാറാണ് അറസ്‌റ്റിലായത്.
ശബരിമല നട നാളെ പ്രതിഷ്‌ഠാ ദിനത്തിനായി തുറക്കും
പ്രതിഷ്‌ഠാദിന പൂജകള്‍ക്കായി ശബരിമലനട നാളെ തുറക്കും. ബുധനാഴ്‌ച വൈകീട്ട് അഞ്ചിന് മേല്‍ശാന്തി അരുണ്‍ കുമാര്‍ നമ്പൂതിരി ശ്രീകോവില്‍ തുറന്നു ദീപം തെളിയിക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്. തുടര്‍ന്ന് ഭക്തര്‍ക്ക് ദര്‍ശനം നടത്താം. മറ്റ് പ്രത്യേക പൂജകളൊന്നും തന്നെ ഉണ്ടാവില്ല.
മഴ കുറയും; ഇന്ന് നാല് ജില്ലകളിൽ യെല്ലോ അലർട്ട്
സംസ്ഥാനത്ത് മഴ കുറയുമെന്ന് വ്യക്തമാക്കി കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഇന്ന് നാല് ജില്ലകളിൽ യെല്ലോ അലർട്ടുണ്ട്. കാസര്‍ഗോഡ്, കണ്ണൂര്‍, വയനാട്, കോഴിക്കോട് ജില്ലകളിലാണ് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. 10 ജില്ലകളില്‍ ഇന്ന് മഴ മുന്നറിയിപ്പ് നിലവിലില്ല. വടക്കന്‍ കേരളത്തില്‍ കൂടുതല്‍ മഴ ലഭിക്കുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ നിരീക്ഷണം.
വഖഫ് സ്വത്തുക്കൾക്കായി 'ഉമീദ്' പോർട്ടൽ വരുന്നു
വഖഫ് സ്വത്തുക്കളുമായി ബന്ധപ്പെട്ട വിഷയത്തിൽ കേന്ദ്ര സർക്കാർ 'ഉമീദ്' പോർട്ടൽ ഉടൻ ആരംഭിക്കുമെന്ന് അടുത്ത വൃത്തങ്ങൾ അറിയിച്ചു. രാജ്യത്തുടനീളമുള്ള വഖഫ് സ്വത്തുക്കളുടെ മികച്ച മാനേജ്‌മെന്റും സുതാര്യതയും പ്രോത്സാഹിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഈ നടപടി. ജൂൺ ആറാം തീയതി മുതൽ പോർട്ടൽ പ്രവർത്തനം തുടങ്ങുമെന്നാണ് ലഭ്യമായ വിവരം.
രാമക്ഷേത്രത്തിൽ പ്രതിഷ്‌ഠയുടെ രണ്ടാംഘട്ടം ഇന്ന് മുതൽ
അയോധ്യയിലെ ശ്രീരാമ ജന്മഭൂമി ക്ഷേത്രത്തിലെ പ്രതിഷ്‌ഠ ചടങ്ങിന്റെ രണ്ടാം ഘട്ടം ഇന്ന് മുതൽ ആരംഭിക്കുമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. പ്രാണ പ്രതിഷ്‌ഠയുടെ മുന്നോടിയായി, തിങ്കളാഴ്‌ച സരയു നദിയുടെ തീരത്ത് നിന്ന് ഒരു മഹത്തായ പുണ്യ ഘോഷയാത്ര ആരംഭിച്ചിരുന്നു. ഈ പരിപാടിയുടെ പശ്ചാത്തലത്തിൽ അയോധ്യയിൽ പോലീസും ഭരണകൂട ഉദ്യോഗസ്ഥരും അതീവ ജാഗ്രതയിലാണ്.
READ MORE












Click it and Unblock the Notifications