'ഗോപന്‍ സ്വാമിയെ കൊതുക് കടിക്കാന്‍ പോലും സമ്മതിച്ചിട്ടില്ല': പോസ്റ്റുമോർട്ടം റിപ്പോർട്ടിന് പിന്നാലെ കുടുംബം
തിരുവനന്തപുരം: മരണംകൊണ്ട് വിവാദ നായകനായി മാറിയ നെയ്യാറ്റിന്‍കര ഗോപന്റെ പോസ്റ്റുമോർട്ട് റിപ്പോർട്ട് പുറത്ത്. ഗോപന്റെ മൂക്ക്, തല, മുഖം, നെറ്റി എന്നിവിടങ്ങളില്‍ ചതവ് ഉണ്ട്. എന്നാല്‍ ഇതൊന്നും മരണകാരണം അല്ലെന്നും പോസ്റ്റുമോർട്ടം റിപ്പോർട്ട് വ്യക്തമാക്കുന്നു. നിലവില്‍ പുറത്തുവന്ന റിപ്പോർട്ടില്‍ അസ്വാഭാവകമായി ഒന്നും കണ്ടെത്തിയിട്ടില്ല. വിശദമായ റിപ്പോര്‍ട്ടിനൊടുവിൽ മരണ കാരണം വ്യക്തമാകണമെങ്കിൽ ആന്തരികാവയവങ്ങളുടെ രാസപരിശോധന ഫലം വരണമെന്നും റിപ്പോര്‍ട്ടിൽ പറയുന്നുണ്ട്.
ചതവുകള്‍ ഉണ്ടായിട്ടുണ്ടെങ്കിലും ഇതുമൂലം അസ്ഥികള്‍ പൊട്ടുകയോ ആന്തരിക രക്തസ്രാവം ഉണ്ടാകുകയോ ചെയ്തിട്ടില്ല. എന്നാല്‍ ഗോപന് വാർധക്യസഹജമായ നിരവധി അസുഖങ്ങള്‍ ഉണ്ടായിരുന്നുവെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു. ലിവർ സിറോസിസ് ബാധിതനായിരുന്ന ഗോപന്റെ ഹൃദയധമനികൾ 75 ശതമാനത്തിലധികം അടഞ്ഞ നിലയിലായിരുന്നു. കാലിലെ അള്‍സർ ഗുരുതരമായ നിലയിലായിരുന്നു. വയറ്റില്‍ അസ്വഭാവികമായ ഗന്ധമില്ലെന്നും അതേസമയം ചെറുകുടൽ ഉള്‍പ്പെടെയുള്ള അവയവങ്ങള്‍ അഴുകിയ നിലയിലായിരുന്നുവെന്നും റിപ്പോര്‍ട്ടിൽ പറയുന്നു. ശരീരത്തിന്റെ എല്ലാ ഭാഗത്ത് നിന്നും സാമ്പിളുകള്‍ ശേഖരിച്ച് പരിശോധനയ്ക്ക് വിധേയമാക്കിയിട്ടുണ്ട്.

അതേസമയം ക്ഷേത്രപൂജകള്‍ക്കായി സ്ഥിരമായി ക്ഷേത്രത്തിലേക്ക് നടന്ന് വരുന്ന വ്യക്തിയായിരുന്നു ഗോപന്‍ സ്വാമിയെന്ന് കുടുംബം പറയുന്നു. പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്ത് വന്നതിന് പിന്നാലെ നടത്തിയ വാർത്താ സമ്മേളനത്തില്‍ പ്രതികരിക്കുകയായിരുന്നു അവർ. അദ്ദേഹത്തിന്റെ ആരോഗ്യത്തിന് ഒരു കുറവും ഉണ്ടായിരുന്നില്ല. കൃത്യമായ രീതിയില്‍ ആഹാരവും മരുന്നുമൊക്കെ കഴിക്കും. പ്രായംകൂടിയതിനാല്‍ കാഴ്ച്ചക്കുറവുണ്ടായിരുന്നു. കാലില്‍ മാത്രമാണ് ചെറിയ മുറിവുണ്ടായിരുന്നത്. അല്ലാത്ത രീതിയിലുള്ള ഒരു പ്രശ്നവും ശരീരത്തിലുണ്ടായിരുന്നില്ല. ഒരു കൊതുക് കടിക്കാന്‍ പോലും ഞങ്ങള്‍ അനുവദിച്ചിട്ടില്ല. അത്രയും നല്ല രീതിയിലാണ് മുന്നോട്ട് പോയത്. ദിവസം കുളിക്കുന്ന ആളാണെന്നും കുടുംബം പറയുന്നു.
ഗോപന്റെ മരണം സംബന്ധിച്ച് വലിയ വിവാദങ്ങളും ആരോപണങ്ങളും ഉയർന്നതിന് പിന്നാലെ മൃതദേഹം പുറത്തെടുത്ത് പരിശോധന നടത്തുകയായിരുന്നു. പോസ്റ്റുമോർട്ടത്തിന് ശേഷം പിന്നീട് കുടുംബം വിപുമായ ചടങ്ങുകളോടെ ഗോപൻ സ്വാമിയെ വീണ്ടും സമാധിയിരുത്തി. കാവുവിളാകത്തെ കൈലാസനാഥ ക്ഷേത്രത്തിന് സമീപത്ത് ഒരുക്കിയ സമാധിപീഠത്തിലാണ് സന്ന്യാസിമാരുടെയും ഹൈന്ദവ സംഘടന പ്രതിനിധികളുടെയും നേതൃത്വത്തിൽ സമാധിയിരുത്തിയത്.
തന്റെ അച്ഛൻ ഗോപൻ സ്വാമി അല്ലെന്നും ദൈവമാണ് എന്നും മകൻ രാജസേനൻ അടക്കമുള്ള കുടുംബാഗങ്ങള്‍ ഇപ്പോള്‍ അവകാശപ്പെടുന്നുണ്ട്. 'ദൈവത്തെ കാണാൻ ഒരുപാട് തീർത്ഥാടകർ എത്തുന്നുണ്ട് . തന്റെ അച്ഛൻ ആരാണെന്ന് ലോകം അറിയണം. സമാധിയിരുത്തണമെന്ന് അച്ഛൻ പറഞ്ഞു. അങ്ങനെ ചെയ്തത് കൊണ്ട് മാത്രമാണ് അച്ഛനെ ലോകം അറിഞ്ഞത്. ഒരുപാട് തീർത്ഥാടകർ ഇവിടെ എത്തുന്നുണ്ട്. ദൂരസ്ഥലങ്ങളിൽ നിന്നും എത്തുന്നുണ്ട്. ഭഗവാൻ എന്താണോ നിശ്ചയിക്കുന്നത് തീർച്ചയായും അത് നടക്കുന്നതായിരിക്കും. ഈശ്വരൻ നിശ്ചയിക്കുന്നതിന് അപ്പുറത്തേക്ക് ഈ ലോകത്ത് ഒന്നും ഇല്ല. എല്ലാ ജാതിമത വിഭാഗങ്ങളും ഈശ്വരനെ തൊഴാൻ ഇവിടെ എത്താം' രാജസേനന്‍ നേരത്തെ പറഞ്ഞു.












Click it and Unblock the Notifications