നിമിഷപ്രിയയുടെ മോചനം; പ്രധാനമന്ത്രിക്ക് വീണ്ടും കത്തയച്ച് പിണറായി വിജയൻ, ഇടപെടലുമായി കാന്തപുരം
തിരുവനന്തപുരം: യെമനിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് കഴിയുന്ന മലയാളി നഴ്‌സ് നിമിഷ പ്രിയയുടെ മോചനവുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രിക്ക് വീണ്ടും കത്തയച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. വിഷയത്തിൽ അടിയന്തര ഇടപെടൽ നടത്തണമെന്നാണ് കത്തിലൂടെ പിണറായി ആവശ്യപ്പെടുന്നത്. നിമിഷയുടെ വധശിക്ഷ 16ന് നടപ്പാക്കുമെന്നാണ് അറിഞ്ഞതെന്നും അതിനാൽ ഉടൻ ഇടപെടണമെന്നും കത്തിൽ ആവശ്യപ്പെട്ടു.
പ്രധാനമന്ത്രിക്ക് പുറമേ വിദേശകാര്യ മന്ത്രി ജയശങ്കറിനും മുഖ്യമന്ത്രി കത്ത് നല്‍കിയിട്ടുണ്ട്. അടിയന്തര ഇടപെടല്‍ നടത്തണമെന്ന് ആവശ്യപ്പെട്ടാണ് ഇരുവർക്കും കത്തയച്ചിരിക്കുന്നത്. നിമിഷപ്രിയയുടെ ശിക്ഷ ജൂലൈ 16ന് നടപ്പിലാക്കുമെന്നാണ് ജയിൽ അധികൃതർക്ക് ലഭിച്ചിരിക്കുന്ന വിവരം. ഇതിന്റെ അടിസ്ഥാനത്തിലാണ് മുഖ്യമന്ത്രി ഉൾപ്പെടെ കേന്ദ്രത്തോട് ഇടപെടൽ ആവശ്യപ്പെടുന്നത്.

നേരത്തെ പ്രധാനമന്ത്രി വിഷയത്തിൽ നേരിട്ട് ഇടപെടണമെന്ന് ആവശ്യപ്പെട്ട് കെസി വേണുഗോപാല്‍ എംപിയും കഴിഞ്ഞ ദിവസം കത്തയച്ചിരുന്നു. 4 ദിവസം മാത്രമാണ് ഇനി മുന്നിലുളളതെന്നും കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ കൂടുതല്‍ കാര്യക്ഷമമായി വിഷയത്തെ കാണണമെന്നും കെസി വേണുഗോപാല്‍ വ്യക്തമാക്കിയിരുന്നു.
കൂടാതെ നിമിഷപ്രിയക്കായി ഇടപെടൽ തേടി പാര്‍ലമെന്റ് അംഗങ്ങളായ കെ രാധാകൃഷ്‌ണന്‍, ജോണ്‍ ബ്രിട്ടാസ്, കൊടിക്കുന്നില്‍ സുരേഷ്, എന്നിവരും ചാണ്ടി ഉമ്മന്‍ എംഎല്‍എ, കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല, കേരള കോണ്‍ഗ്രസ് എം ചെയര്‍മാന്‍ ജോസ് കെ മാണി എന്നിവരും രംഗത്ത് വന്നിരുന്നു. ഇതിനിടെ തീവ്ര ശ്രമങ്ങൾ സജീവമായി തുടരുന്നുണ്ട്.
വിഷയത്തിൽ കാന്തപുരം എപി അബൂബക്കർ മുസ്ലിയാർ ഇടപെട്ടിട്ടുണ്ടെന്നാണ് ലഭ്യമായ വിവരം. യെമനിലെ ഒരു മത പുരോഹിതനുമായി ബന്ധപ്പെട്ടാണ് കാന്തപുരം ഇടപെടൽ നടത്തി കൊണ്ടിരിക്കുന്നത്. കൊല്ലപ്പെട്ട തലാലിന്റെ സഹോദരനുമായും കാന്തപുരം സംസാരിച്ചുവെന്നാണ് വിവരം. ചാണ്ടി ഉമ്മൻ എംഎൽഎയും വിഷയത്തിൽ കാന്തപുരത്തിന്റെ ഇടപെടൽ ആവശ്യപ്പെട്ടിരുന്നു, ഇതിന് പിന്നാലെയാണ് സംഭവം.
നിലവിലെ സാഹചര്യത്തിൽ ചർച്ചയിൽ കൂടുതൽ പുരോഗതി ഉണ്ടായിട്ടില്ല. എങ്കിലും വരും ദിവസങ്ങളിൽ കൂടുതൽ ചർച്ചകൾ നടക്കുമെന്നാണ് പ്രതീക്ഷ. തലാലിന്റെ കുടുംബവുമായി ബന്ധപ്പെടുവാൻ നേരത്തെ നിമിഷപ്രിയയുടെ പേരിലുള്ള നിയമസഹായ സമിതിക്ക് സാധിച്ചിരുന്നില്ല. എന്നാൽ തലാലിന്റെ സഹോദരനുമായി സംസാരിക്കാൻ കഴിഞ്ഞതിൽ പ്രതീക്ഷയുണ്ടെന്നാണ് കാന്തപുരം അനുയായികൾ പറയുന്നത്.
അതിനിടെ നിമിഷപ്രിയയുടെ വധശിക്ഷ മാറ്റിവെയ്ക്കണമെന്ന് ആവശ്യപ്പെട്ട് അമ്മ പ്രേമകുമാരി യെമൻ സർക്കാരിന് അപേക്ഷ നൽകിയിട്ടുണ്ട്. കൊല്ലപ്പെട്ട തലാലിന്റെ കുടുംബവുമായി ദയാധന ചർച്ച പുരോഗമിക്കുന്ന സാഹചര്യത്തിലാണ് അപേക്ഷ നൽകിയത്. നിലവിൽ പ്രേമകുമാരി യെമനിൽ തന്നെ തുടരുകയാണ്.
യെമൻ പൗരനായ തലാൽ അബ്‌ദുമഹ്ദിയെ 2017 ജൂലായില്‍ നിമിഷ പ്രിയയും കൂട്ടുകാരിയും ചേര്‍ന്ന് കൊലപ്പെടുത്തി മൃതദേഹം വീടിനുമുകളിലെ വാട്ടർ ടാങ്കിൽ ഒളിപ്പിച്ചുവെന്ന കേസിലാണ് ഇവർക്കെതിരെ കോടതി വധശിക്ഷ വിധിച്ചത്. പാലക്കാട് കൊല്ലങ്കോട് തേക്കിന്‍ചിറ സ്വദേശിനിയാണ് ശിക്ഷിക്കപ്പെട്ട നിമിഷപ്രിയ. നിലവിൽ സനയിലെ ജയിലിലാണ് നിമിഷപ്രിയ കഴിയുന്നത്.












Click it and Unblock the Notifications