നിപ; 14 കാരന്റെ രോഗബാധയുടെ ഉറവിടം കണ്ടെത്താനായില്ല, മലപ്പുറത്ത് അതീവ ജാഗ്രത; കേന്ദ്ര സംഘം ഇന്ന് എത്തും
നിപ ബാധിച്ച് മരിച്ച് 14കാരന്റെ രോഗബാധയുടെ ഉറവിടം കണ്ടെത്താനാകാത്തത് ആശങ്ക. കുട്ടി അമ്പഴങ്ങ കഴിച്ചതായി സുഹൃത്തുക്കൾ അറിയിച്ചിരുന്നു. ഇവിടങ്ങൾ പരിശോധന നടത്തിയിട്ടുണ്ട്. ഇവിടെ വവ്വാലിന്റെ സാന്നിധ്യം ഉണ്ട്. എന്നാലും അമ്പഴങ്ങ കഴിച്ചതിലൂടെയാണ് രോഗം ബാധിച്ചതെന്ന് സ്ഥിരീകരിക്കാനായിട്ടില്ലെന്ന് മന്ത്രി വീണ ജോർജ് പറഞ്ഞു. ഉറവിട് കണ്ടെത്താനായി തിങ്കളാഴ്ച കൂടുതൽ പരിശോധന നടത്തുമെന്നും മന്ത്രി വീണ ജോർജ് അറിയിച്ചു.
ആശങ്ക തുടരുന്ന സാഹചര്യത്തിൽ മലപ്പുറത്ത് അതീവ ജാഗ്രത തുടരുകയാണ്. 14 കാരന്റെ സ്വദേശമായ പാണ്ടിക്കാട്, പഠിക്കുന്ന സ്കൂള്‍ ഉള്‍പ്പെടുന്ന ആനക്കയം ഗ്രാമപഞ്ചായത്ത് പരിധികളില്‍ നിയന്ത്രണങ്ങള്‍ കർശനമാക്കി. ഗ്രാമപഞ്ചായത്ത് പരിധികളില്‍ ആള്‍ക്കൂട്ടം പൂര്‍ണ്ണമായും ഒഴിവാക്കണം. മുന്‍കൂട്ടി നിശ്ചയിച്ച വിവാഹം അടക്കമുള്ള ചടങ്ങുകള്‍ ഏറ്റവും പരിമിതമായ ആളെ മാത്രം വെച്ച് നടത്തണം. മെഡിക്കല്‍ ഷോപ്പുകള്‍ ഒഴികെ കടകളും ഹോട്ടലുകളും രാവിലെ 10 മണി മുതല്‍ വൈകീട്ട് അഞ്ചു മണി വരെ മാത്രമേ പ്രവര്‍ത്തിക്കാവൂ. സിനിമാ തിയേറ്ററുകള്‍ പൂര്‍ണ്ണമായും അടച്ചിടും. സ്കൂളുകൾ, കോളേജുകൾ, മദ്രസകൾ, അങ്കണവാടികൾ, ട്യൂഷന്‍ സെന്ററുകൾ തുടങ്ങിയവ പ്രവര്‍ത്തിക്കരുതെന്ന് ജില്ലാ കളക്ടർ നിർദ്ദേശം നൽകി.

പുറത്തു വന്ന ഏഴു പേരുടെ സ്രവ പരിശോധനാ ഫലം നെഗറ്റീവ് ആണെന്ന് കഴിഞ്ഞ ദിവസം ആരോഗ്യ മന്ത്രി അറിയിച്ചിരുന്നു. രോഗം ബാധിച്ച് മരണപ്പെട്ട 14 കാരന്റെ കൂട്ടുകാരായ ആറു പേരുടെയും 68 കാരനായ മറ്റൊരു വ്യക്തിയുടെയും സ്രവ പരിശോധനാ ഫലമാണ് പുറത്തു വന്നത്. കൂട്ടുകാരായ ആറു പേരും കുട്ടിയുമായി നേരിട്ട് സമ്പര്‍ക്കം ഉള്ളവരായിരുന്നു. 68 കാരനായ വ്യക്തിക്ക് നേരിട്ട് സമ്പര്‍ക്കമില്ലെങ്കിലും പനിയുള്ള സാഹചര്യത്തില്‍ സാമ്പിള്‍ പരിശോധിക്കുകയായിരുന്നു. ഓരോരുത്തരുടെയും മൂന്നു സാമ്പിള്‍ വീതമാണ് പരിശോധനയ്ക്ക് അയച്ചിരുന്നത്.
നിലവില്‍ സമ്പര്‍ക്ക പട്ടികയില്‍ 330 പേരാണുള്ളത്. ഇതില്‍ 68 പേര്‍ ആരോഗ്യ പ്രവര്‍ത്തകരാണ്. 101 പേരാണ് ഹൈറിസ്ക് കാറ്റഗറിയിലുള്ളത്. ഏഴു പേര്‍ ആശുപത്രിയില്‍ അഡ്മിറ്റായി ചികിത്സയിലാണ്. ആറു പേർ മഞ്ചേരി മെഡിക്കൽ കോളേജിലും ഒരാൾ കോഴിക്കോട് മെഡിക്കൽ കോളജിലുമാണ് ചികിത്സയിലുള്ളത്. മരണപ്പെട്ട കുട്ടിയുടെ കുടുംബത്തിലെ ആര്‍ക്കും രോഗ ലക്ഷണങ്ങള്‍ ഇല്ല.
സമ്പര്‍ക്ക പട്ടികയില്‍ ഉള്‍പ്പെട്ട മുഴുവന്‍ പേരുടെയും സ്രവം എടുത്തു പരിശോധിച്ച് രോഗമില്ലെന്ന് ഉറപ്പാക്കും. രോഗ ലക്ഷണങ്ങള്‍ ഉള്ളവരുടെ സാമ്പിളുകളാണ് ആദ്യം പരിശോധിക്കുക. സമ്പര്‍ക്ക പട്ടികയില്‍ നിന്നും ആരും വിട്ടുപോയിട്ടില്ലെന്ന കാര്യം വീണ്ടും പരിശോധിച്ച് ഉറപ്പാക്കും. രോഗം ബാധിച്ച് മരണപ്പെട്ട കുട്ടിയുടെ കൂടുതല്‍ വിവരങ്ങളടങ്ങിയതും കൂടുതല്‍ വ്യക്തതയുമുള്ള റൂട്ട് മാപ്പ് പുറത്തിറക്കും. ഈ റൂട്ട് മാപ്പ് പരിശോധിച്ച ശേഷം സമ്പര്‍ക്ക പട്ടികയില്‍ ഉള്‍പ്പെടാന്‍ സാധ്യതയുള്ളവര്‍ കണ്‍ട്രോള്‍ റൂമില്‍ അറിയിക്കണം. സമ്പര്‍ക്കപട്ടികയില്‍ ഉള്‍പ്പെടേണ്ട ആരെയും വിട്ടു പോയിട്ടില്ല എന്നുറപ്പാക്കുന്നതിനായി കുട്ടി ചികിത്സയിലിരുന്ന ആശുപത്രികളിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
അതേസമയം ഇന്ന് കേന്ദ്രസംഘം മലപ്പുറത്ത് എത്തും.സ്രവ പരിശോധനയ്ക്കായി പൂന വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നുള്ള മൊബൈല്‍ ലാബും ഇന്നെത്തും. കോഴിക്കോട് മെഡിക്കല്‍ കോളേജിലെ മൈക്രോബയോളജി ലാബിന്റെ സഹകരണത്തോടെയാണ് ഈ ലാബ് പ്രവര്‍ത്തിക്കുക.












Click it and Unblock the Notifications