മലപ്പുറത്ത് 7 പേര്‍ക്ക് നിപ രോഗലക്ഷണങ്ങള്‍; എംപോക്‌സ് ബാധിച്ചയാളുടെ സമ്പര്‍ക്കപട്ടികയില്‍ 23 പേര്‍
തിരുവനന്തപുരം: മലപ്പുരത്ത് ഏഴ് പേര്‍ക്ക് നിപ രോഗലക്ഷണങ്ങളുണ്ടെന്ന് ആരോഗ്യ മന്ത്രി വീണ ജോര്‍ജ്. നിപ ബാധിച്ച് മരിച്ച യുവാവിന്റെ സമ്പര്‍ക്കപട്ടികയില്‍ 267 പേരാണ് ഉള്ളത്. ഇന്ന് പരിശോധനയ്ക്ക് അയച്ച 37 സാമ്പിളുകളും നെഗറ്റീവാണെന്ന് മന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
അതേസമയം യുവാവിന്റെ ഒപ്പം ആശുപത്രിയില്‍ നിന്ന അമ്മ അടക്കമുള്ള അടുത്ത ബന്ധുക്കളുടെയും ചികിത്സിച്ച ഡോക്ടറും അടക്കമുള്ളവരുടെ ഫലം നേരത്തെ നെഗറ്റീവായിരുന്നു. ഇതോടെ ആകെ 63 പേരുടെ പരിശോധന ഫലം നെഗറ്റീവായി. നിപ രോഗബാധ മറ്റാര്‍ക്കും വരുന്നില്ലെന്ന് ഉറപ്പിക്കാനാണ് ജാഗ്രത ശക്തമാക്കിയിരിക്കുന്നതെന്നും ആരോഗ്യ മന്ത്രി പറഞ്ഞു.

കഴിഞ്ഞ ദിവസം എംപോക്‌സ് ബാധിച്ചയാളുടെ സമ്പര്‍ക്ക പട്ടികയില്‍ 23 പേരാണ് നിലവിലുള്ളത്. സമ്പര്‍ക്ക പട്ടികയിലുള്ളവരുടെ സാമ്പിളുകള്‍ പരിശോധനയ്ക്ക് അയക്കുമെന്നും ആരോഗ്യ മന്ത്രി വ്യക്തമാക്കി. ദുബായില്‍ നിന്നെത്തിയ യുവാവിന് ഒപ്പം യാത്ര ചെയ്ത വിമാനത്തിലെ മുന്നിലും പിന്നിലുമായി മൂന്ന് വരികളിലുള്ള 43 പേരെയും തിരിച്ചറിഞ്ഞിട്ടുണ്ടെന്നും, ഇവരെ കണ്ടെത്തുമെന്നും മന്ത്രി പറഞ്ഞു.
നിലവില്‍ സമ്പര്‍ക്ക പട്ടികയിലുള്ളവരോട് വീടുകളില്‍ തന്നെ കഴിയണമെന്ന് നിര്‍ദേശിച്ചിട്ടുണ്ട്. ആറ് പേര്‍ വിദേശത്താണ് ഉള്ളത്. അതേസമയം ചികിത്സയിലുള്ള എടവണ്ണ സ്വദേശിയായ യുവാവിന്റെ ആരോഗ്യ നില തൃപ്തികരമാണ്. ഇയാളുടെ റൂട്ട് മാപ്പ് വൈകാതെ പുറത്തുവിടും. എംപോക്‌സ് ബാധിച്ചതിനെ തുടര്‍ന്ന് മലപ്പുറം ജില്ലയില്‍ കനത്ത ജാഗ്രതയാണ് ഉള്ളത്.
നേരത്തെ മലപ്പുറത്തെ എംപോക്‌സ് സാഹചര്യം വിലയിരുത്താന്‍ ആരോഗ്യ മന്ത്രി ജില്ലയിലെത്തിയിരുന്നു. ജനപ്രതിനിധികളുടെ യോഗവും നേരത്തെ ചേര്‍ന്നിരുന്നു. മറ്റ് രാജ്യങ്ങളില്‍ നിന്ന് കേരളത്തിലെത്തുന്നവര്‍ക്ക് ഉള്‍പ്പെടെ രോഗലക്ഷണങ്ങളുണ്ടെങ്കില്‍ ചികിത്സ തേടണമെന്ന് വീണ ജോര്‍ജ് നിര്‍ദേശിച്ചിരുന്നു.
2022ല്‍ എംപോക്‌സ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ സംസ്ഥാനം സ്റ്റാന്‍ഡേര്‍ഡ് ഓപ്പറേറ്റിംഗ് പ്രൊസിജീയര്‍ പുറത്തിറക്കിയിരുന്നു. അതനുസരിച്ചുള്ള ഐസൊലേഷന്‍, സാമ്പിള്‍ കളക്ഷന്‍, ചികിത്സ എന്നിവയെല്ലാം ഉറപ്പുവരുത്തിയിട്ടുണ്ട്. എല്ലാ സര്‍ക്കാര്‍, സ്വകാര്യ ആശുപത്രികളിലും പ്രോട്ടോക്കോള്‍ കൃത്യമായി പാലിക്കണമെന്നും മന്ത്രി പറഞ്ഞു.












Click it and Unblock the Notifications