പ്രകോപനമുണ്ടാക്കിയത് ഡോക്ടര്‍, അന്‍വറിനോട് മോശമായി പെരുമാറി; ആശുപത്രി അതിക്രമത്തില്‍ സുധീര്‍
തൃശൂര്‍: ചേലക്കര താലൂക്കാശുപത്രിയില്‍ അതിക്രമം കാണിച്ചുവെന്നാരോപിച്ച് പിവി അന്‍വര്‍ എംഎല്‍എയ്‌ക്കെതിരെ കേസെടുത്ത നടപടിയില്‍ പ്രതികരണവുമായി ചേലക്കരയിലെ ഡിഎംകെ പിന്തുണയുള്ള സ്വതന്ത്ര സ്ഥാനാര്‍ത്ഥി എന്‍കെ സുധീര്‍. ഡോക്ടറാണ് യാതൊരു പ്രകോപനവുമില്ലാതെ തങ്ങളോട് മോശമായി പെരുമാറിയത് എന്ന് സുധീര്‍ വണ്‍ഇന്ത്യ മലയാളത്തോട് പറഞ്ഞു.
തങ്ങള്‍ ആശുപത്രിയില്‍ പോയപ്പോള്‍ സൂപ്രണ്ട് അവിടെ ഇല്ലായിരുന്നു എന്നും അദ്ദേഹം പറഞ്ഞു. കോണ്‍ഫറന്‍സിന് പോയി എന്നാണ് പറഞ്ഞത് എങ്കിലും അങ്ങനെ ഒരു കോണ്‍ഫറന്‍സ് ഇല്ല എന്നാണ് തങ്ങളുടെ അന്വേഷണത്തില്‍ നിന്ന് മനസിലായത് എന്നും അദ്ദേഹം പറഞ്ഞു. എന്‍കെ സുധീറിന്റെ വാക്കുകള്‍ ഇങ്ങനെയാണ്..

'പിവി അന്‍വറിനൊപ്പം ഞങ്ങളും ആശുപത്രിയില്‍ പോയിരുന്നു. മണ്ഡലത്തിന്റെ പിന്നോക്കാവസ്ഥ മനസിലാക്കിയ അന്‍വര്‍ കോപ്പറേറ്റ് സ്ഥാപനങ്ങളുടെ സഹകരണത്തോടെ പത്ത് ഡയാലിസിസ് യന്ത്രങ്ങള്‍ താലൂക്കാശുപതിയിലേക്ക് സ്‌പോണ്‍സര്‍ ചെയ്യാം എന്ന് പറഞ്ഞിരുന്നു. അതിന്റെ ഭാഗമായി സൂപ്രണ്ടിനോട് സംസാരിക്കാനാണ് ആശുപത്രിയിലേക്ക് പോയത്. എന്നാല്‍ ആശുപത്രിയില്‍ പോയപ്പോഴാണ് പത്തരയായിട്ടും സൂപ്രണ്ട് എത്തിയിട്ടില്ല എന്ന് മനസിലാക്കിയത്.
യഥാര്‍ത്ഥത്തില്‍ എട്ട് മണിക്ക് ആശുപത്രിയില്‍ വരേണ്ട ആളാണ് അദ്ദേഹം. അന്വേഷിച്ചപ്പോള്‍ കോണ്‍ഫറന്‍സിന് പോകുന്നു എന്നാണ് പറഞ്ഞത്. എന്നാല്‍ അങ്ങനൊരു കോണ്‍ഫറന്‍സ് അവിടെ ഉണ്ടായിട്ടില്ല. ഈ ഡോക്ടര്‍ തൃശൂര്‍ ചേര്‍പ്പില്‍ നിന്നാണ് വരുന്നത്. അതിനാല്‍ തന്നെ ആഴ്ചയില്‍ ഒന്നോ രണ്ടോ ദിവസമൊക്കെയാണ് വരാറുള്ളത്. ഇതിനിടെ ഡ്യൂട്ടി ഡോക്ടര്‍ വന്ന് പറഞ്ഞു അവര്‍ക്കാണ് പകരം ചുമതല എന്ന്.
അങ്ങനെ ചുമതലയേല്‍പ്പിച്ചതിന്റെ രേഖ എവിടെ എന്ന് ചോദിച്ചപ്പോള്‍ അവര്‍ അന്‍വറിനോട് നിങ്ങളാരാണ് ഇത് ചോദിക്കാന്‍ എന്ന് പറഞ്ഞ് കയര്‍ക്കുകയായിരുന്നു. എംഎല്‍എ എന്ന നിലയ്ക്ക് തനിക്ക് അന്വേഷിക്കാന്‍ ബാധ്യത ഉണ്ട് എന്ന് അന്‍വര്‍ മറുപടി പറഞ്ഞു. അതിനിടെ മറ്റൊരു സീനിയര്‍ ഡോക്ടര്‍ വന്ന് യാതൊരു പ്രകോപനവുമില്ലാതെ ഞങ്ങളുടെ പ്രവര്‍ത്തകരോട് മോശമായ രീതിയില്‍ സംസാരിക്കുകയായിരുന്നു.
ചേലക്കരയില്‍ മാത്രം 1000 ത്തിലധികം ഡയാലിസിസ് രോഗികളുണ്ട് എന്നാണ് ഞങ്ങള്‍ മനസിലാക്കിയത്. ഇന്നലെ ഞങ്ങളുടെയെല്ലാം പേരില്‍ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തിരിക്കുകയാണ്. ഈ ആശുപത്രിയില്‍ എല്ലാ സൗകര്യങ്ങളും വരുന്നത് വരെ ഞങ്ങള്‍ സമരം ചെയ്യും,' സുധീര്‍ പറഞ്ഞു. ചൊവ്വാഴ്ചയാണ് അന്‍വറും സുധീറും സംഘവും ആശുപത്രിയിലേക്ക് എത്തിയത്.
താലൂക്ക് ആശുപത്രിയില്‍ ഒപിയില്‍ കയറി ഡോക്ടറോട് കയര്‍ത്ത് സംസാരിച്ചതിനാണ് അന്‍വറിനെതിരെ കേസെടുത്തത്. അനുവാദമില്ലാതെ ആശുപത്രിയില്‍ എത്തി ഡോക്ടറുടെ ജോലി തടസ്സപ്പെടുത്തി എന്നാണ് പരാതി. താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ. സുനില്‍കുമാര്‍ ആണ് പരാതി നല്‍കിയിരിക്കുന്നത്. ചേലക്കര പൊലീസാണ് കേസെടുത്തിരിക്കുന്നത്. സംഭവത്തില്‍ പി വി അന്‍വറിനെതിരെ സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ സംഘടന രംഗത്തെത്തിയിരുന്നു.












Click it and Unblock the Notifications