ഇപി ജയരാജന്‍ കണ്‍വീനറായി തുടരും, ദല്ലാള്‍ കുടുക്കാന്‍ നോക്കിയെന്ന് ഇപി; ശോഭയ്ക്കെതിരെ നിയമ നടപടി
തിരുവനന്തപുരം: പ്രകാശ് ജാവദേക്കറുമായുള്ള കൂടിക്കാഴ്ച്ചയില്‍ ഇപി ജയരാജനെതിരെ പാര്‍ട്ടി നടപടിയില്ല. എല്‍ഡിഎഫ് കണ്‍വീനറായി അദ്ദേഹം തുടരും. ആരോപണം ഉന്നയിച്ചവര്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കാന്‍ സിപിഎം സംസ്ഥാന സെക്രട്ടേറിയേറ്റ് ഇപിക്ക് നിര്‍ദേശം നല്‍കിയെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍ അറിയിച്ചു.
കമ്മ്യൂണിസ്റ്റ് ആരോപണമാണ് വിരോധത്തിന് പിന്നിലെന്ന് ഗോവിന്ദന്‍ ആവര്‍ത്തിച്ചു. രാഷ്ട്രീയ എതിരാളികളെ കണ്ടാല്‍ പ്രത്യയശാസ്ത്ര വ്യതിയാനമുണ്ടാകില്ലെന്നും അദ്ദേഹം പറഞ്ഞു. അതേസമയം വൈകാരികമായിട്ടാണ് ഇപി പാര്‍ട്ടി സെക്രട്ടേറിയേറ്റില്‍ സംസാരിച്ചത്. തനിക്കെതിരെ ഗൂഢാലോചന കുറേ കാലമായി നടക്കുന്നുണ്ടെന്നും ജയരാജന്‍ പറഞ്ഞു.

ബിജെപിയോടുള്ള പോരാട്ടത്തിന്റെ ചരിത്രം പറഞ്ഞ് വൈകാരികമായിട്ടായിരുന്നു ഇപി തന്റെ ഭാഗം വിശദീകരിച്ചത്. ദല്ലാള്‍ നന്ദകുമാര്‍ തന്നെ കുടുക്കാന്‍ ശ്രമിച്ചെന്നായിരുന്നു ഇപി പാര്‍ട്ടി നേതൃത്വത്തെ അറിയിച്ചത്. ദല്ലാളുമായുള്ള ബന്ധം പൂര്‍ണമായും അവസാനിപ്പിക്കണമെന്നും ഇപിയോട് പാര്‍ട്ടി നേതൃത്വം ആവശ്യപ്പെട്ടിട്ടുണ്ട്. അത് എപ്പോഴേ അവസാനിപ്പിച്ചതാണെന്നും ഇപി മറുപടി നല്‍കി.
മറ്റ് നേതാക്കളാരും സെക്രട്ടേറിയേറ്റ് യോഗത്തില്‍ ഇപിയെ കുറ്റപ്പെടുത്തിയിട്ടില്ല. കൂടിക്കാഴ്ച്ചയുടെ വിവരങ്ങള്‍ പോളിംഗ് ദിനത്തില്‍ തുറന്ന് പറഞ്ഞത് സംശയങ്ങള്‍ ഒഴിവാക്കാനാണെന്നായിരുന്നു ഇപി ജയരാജന്‍ നല്‍കിയ വിശദീകരിക്കണം. ആരോപണം ഉന്നയിച്ചവര്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കാനുള്ള അനുമതിയും പാര്‍ട്ടിയില്‍ നിന്ന് ഇപി ജയരാജന് ലഭിച്ചിട്ടുണ്ട്.
അതേസമയം താന്‍ ബിജെപി നേതാവ് ശോഭ സുരേന്ദ്രനെ കണ്ടിട്ടില്ല. അവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കും. ബിജെപിയില്‍ ചേരാന്‍ ചര്‍ച്ച നടത്തിയെന്ന ആരോപണത്തില്‍ നിയമനടപടിയുമായി മുന്നോട്ട് പോകുന്നത്. മാധ്യമങ്ങളാണ് വിവാദങ്ങള്‍ ഉണ്ടാക്കിയത്. വ്യാജ വാര്‍ത്തകളാണ് തനിക്കെതിരെ പ്രചരിപ്പിച്ചത്. ഇതിന്റെ അടിസ്ഥാനം സാമ്പത്തികമാണ്.
മാധ്യമങ്ങള്‍ ആ രീതിയില്‍ മാറരുത്. മാധ്യമങ്ങള്‍ കൊത്തിവലിച്ചാല്‍ തീരുന്നയാളല്ല ഞാന്‍. ജനങ്ങള്‍ക്ക് മാധ്യമങ്ങളെ കുറിച്ച് നല്ല ബോധ്യമുണ്ടെന്നും ജയരാജന്‍ പറഞ്ഞു. ജാവദേക്കറെ കണ്ടതില്‍ ഗൂഢാലോചനയില്ല. അതില്‍ പ്രത്യേകമായി ഒന്നുമില്ലെന്നും അദ്ദേഹം പറഞ്ഞു. താന്‍ നല്‍കിയ വിശദീകരണം പാര്‍ട്ടിക്ക് ബോധ്യപ്പെട്ടിണ്ടെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം ഇപി ജയരാജന്‍ വിഷയത്തില്‍ സിപിഐ നിലപാട് എല്‍ഡിഎഫ് യോഗത്തില്‍ ഉന്നയിക്കുമെന്നാണ് സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പ്രതികരിച്ചത്. സിപിഎമ്മിന്റെ തെറ്റും ശരിയും തീരുമാനിക്കേണ്ടത് അവര്‍ തന്നെയാണ്. ദല്ലാള്‍മാരെ അകറ്റി നിര്‍ത്തണം എന്നത് നിര്‍ബന്ധമാണ്. ഇത്തരം വിഷയങ്ങളില്‍ ജാഗ്രത പാലിക്കണമെന്നത് ഇടതുപാര്‍ട്ടികളുടെ പൊതു നിലപാടാണെന്നും ബിനോയ് വിശ്വം അഭിപ്രായപ്പെട്ടു.
പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ ഈ വിഷയത്തില്‍ സിപിഎമ്മിനെതിരെ ആക്രമണം കടുപ്പിച്ചിരിക്കുകയാണ്. ഇപിക്കെതിരെ ചെറുവിരല്‍ അനക്കാനുള്ള ധൈര്യം സിപിഎമ്മിനില്ല. മുഖ്യമന്ത്രിയെ തകര്‍ക്കാനുള്ള ബോംബാണ് ജയരാജന്റെ നാവിന്‍ തുമ്പിലുള്ളത്. മുഖ്യമന്ത്രിയും ജാദേക്കറുമായി സംസാരിച്ചിട്ടുണ്ടെന്ന് സതീശന്‍ പറഞ്ഞു.












Click it and Unblock the Notifications