കൊച്ചിയിലെ ട്രാഫിക് ബ്ലോക്ക് ഇനി പഴങ്കഥ; പുതിയ ആറുവരി പാത വരുന്നു! അരൂർ-ഇടപ്പള്ളി എലിവേറ്റഡ് ഹൈവേ ഉടൻ?
കൊച്ചി: കേരളത്തിലെ ഏറ്റവും നഗരമായ കൊച്ചിയിലെ ഗതാഗത കുരുക്കിൽ നിന്ന് ശാപമോക്ഷം ആഗ്രഹിക്കുന്ന ആളുകൾക്ക് സന്തോഷവാർത്ത. നഗരത്തിന്റെ വികസന യാത്രകൾക്ക് കുതിപ്പേകുന്ന ഗതാഗത സൗകര്യങ്ങളുടെ വരവ് കൂടുന്ന സാഹചര്യത്തിൽ ഇപ്പോഴിതാ ഒരു ആറുവരി എലിവേറ്റഡ് ഹൈവേ കൂടി നഗരത്തിലേക്ക് വരികയാണ്. അരുർ-എടപ്പള്ളി പാതയിൽ ഒരു ആറുവരി പാത നിർമ്മിക്കാനാണ് എൻഎച്ച്എ ലക്ഷ്യമിടുന്നത്.
നിലവിൽ നിർമ്മാണം പുരോഗമിക്കുന്ന അരൂർ-തുറവൂർ എലിവേറ്റഡ് ഹൈവേയുടെ ഒപ്പം ഇതുകൂടി നടത്താനാണ് ദേശീയ പാത അതോറിറ്റി ആലോചിക്കുന്നത്. നഗരത്തിലെ ഗതാഗതസൗകര്യം ശക്തമാക്കുന്നതിന്റെ ഭാഗമായി കൊച്ചി നഗരത്തിലെ രൂക്ഷമായ ഗതാഗതക്കുരുക്ക് ലഘൂകരിക്കാൻ ലക്ഷ്യമിട്ടുള്ളതാണ് ഈ നീക്കം. പദ്ധതി നടപ്പിലായാൽ ഇത് കൊച്ചിയുടെ വികസനത്തിന് ആക്കം കൂട്ടുമെന്ന് ഉറപ്പാണ്.

മൂന്നര വർഷത്തിനുള്ളിൽ പദ്ധതി പൂർണമായി പൂർത്തിയാക്കാനാണ് ദേശീയപാത അതോറിറ്റി ഉദ്ദേശിക്കുന്നത്. ഇതിന്റെ ഭാഗമായി വിശദമായ പദ്ധതി റിപ്പോർട്ട് (ഡിപിആർ) തയാറാക്കുന്നതിനുള്ള ടെൻഡർ നടപടികൾ ആരംഭിക്കുകയും ചെയ്‌തിട്ടുണ്ട്. പുതിയ വിശദമായ ഡിപിആർ തയാറാക്കുന്നതിനുള്ള ടെൻഡർ നടപടികൾ പൂർത്തിയാവുകയും ചെയ്‌തു. വിവിധ കമ്പനികളിൽ നിന്ന് ടെൻഡറുകൾ ലഭിച്ചു.
നിർമ്മാണത്തിന് മാത്രാ മൂന്ന് വർഷം വേണ്ടി വരുമെന്നാണ് കരുതപ്പെടുന്നത്. ടെൻഡറുകൾ വിശദമായി പരിശോധിച്ച ശേഷം ഒരാഴ്‌ചയ്ക്കുള്ളിൽ കൺസൾട്ടന്റിനെ തിരഞ്ഞെടുക്കും. ആറു മാസത്തിനുള്ളിൽ ഡിപിആർ തയ്യാറാകും. അതിനുശേഷം മൂന്നു വർഷത്തിനുള്ളിൽ നിർമാണം പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്.
ഏറ്റവും ശ്രദ്ധേയമായ കാര്യം എന്തെന്നാൽ നിർമ്മാണം പുരോഗമിക്കുന്ന അരൂർ-തുറവൂർ എലിവേറ്റഡ് ഹൈവേയുടെ ഭാഗമായി പുതിയ പാത പൂർത്തിയാകുന്നതോടെ കൊച്ചി നഗരത്തിലെ തിരക്കേറിയ ഭാഗങ്ങളിലെ ഗതാഗതക്കുരുക്കിന് അവസാനമാവും എന്നാണ് വിലയിരുത്തുന്നത്. കൂടാതെ ദേശീയപാത 66ലെ പ്രശ്‌നങ്ങൾക്കും ഒരുപരിധിവരെ അന്ത്യമാവും.
പുതിയ പാത ഇടപ്പള്ളി ജങ്ക്ഷനിൽ നിന്ന് തുടങ്ങി അരൂർ ജങ്ഷനിൽ ആയിരിക്കും അവസാനിക്കുക. ഏകദേശം 14.64 കിലോമീറ്റർ ദൈർഘ്യമാണ് പാതയ്ക്കുണ്ടാവുക. നേരത്തെ ഭോപ്പാലിൽ നിന്നുള്ള ഒരു കൺസൾട്ടൻസി തയ്യാറാക്കിയ ഡിപിആറിൽ പാലാരിവട്ടം ബൈപാസ് ജങ്ഷനിൽ കൊച്ചി മെട്രോയുടെ നിർമ്മാണത്തെ കണക്കിലെടുത്തിരുന്നില്ല. ഇനി അത് കൂടി പരിഗണിച്ച ശേഷമാവും ഉയരപ്പാത തയ്യാറാക്കുക.
അതേസമയം, നിലവിൽ ദേശീയപാത 66ന്റെ ഭാഗമായി അരൂർ-തുറവൂർ ഭാഗത്തെ 12.75 കിലോമീറ്റർ നീളത്തിൽ റോഡിന് മധ്യത്തിലെ ഒറ്റത്തൂണുകളിൽ നിർമ്മിക്കുന്ന എലിവേറ്റഡ് ഹൈവേ ഈ വിഭാഗത്തിൽ രാജ്യത്തെ തന്നെ ഏറ്റവും വലിയ ഉയരപ്പാതയാണ്. ഇതിന്റെ തുടർച്ചയായാണ് ഇടപ്പള്ളി വരെയുള്ള എലിവേറ്റഡ് ഹൈവേ കൊണ്ട് വരുന്നത്. ഏകദേശം 2000 കോടി രൂപയാണ് ഇതിന്റെ ചിലവായി കണക്കാക്കുന്നത്.
ഇതോടെ ഏതാണ്ട് 30 കിലോമീറ്ററോളം ഉയരപ്പാതയും പാലങ്ങളും ആയിരിക്കും ഈ റൂട്ടിൽ ഉണ്ടാവുക. മേഖലയിൽ താഴെ സാധാരണ നിലയിൽ റോഡ് നിർമ്മിക്കുന്നതിന് വരുന്ന ഭാരിച്ച ചിലവ് കൂടി ഇത്തരമൊരു തീരുമാനത്തിലേക്ക് നയിച്ചിട്ടുണ്ട്. ഇവിടെ ഇരുവശത്തും ധാരാളം വ്യാപാര സ്ഥാപനങ്ങൾ ഉള്ളതിൽ സ്ഥലം ഏറ്റെടുക്കലിന് വലിയ തുക തന്നെ ചിലവ് വരുമെന്നാണ് വിലയിരുത്തൽ. ഈ സാഹചര്യത്തിലാണ് എലിവേറ്റഡ് ഹൈവേ വരുന്നത്.
നിലവിൽ അരൂർ-ഇടപ്പള്ളി ഭാഗത്ത് നാലുവരിപ്പാതയും സർവീസ് റോഡുമാണുള്ളത്. പ്രധാന ജങ്ഷനുകളിലെ മേൽപാലങ്ങൾ ആറുവരിയായി തന്നെയാണ് നിർമ്മിച്ചിരിക്കുന്നത്. അതിനാൽ ഇവ പുതുതായി നിർമ്മിക്കേണ്ടി വരില്ല എന്നതാണ് ആശ്വാസം. എങ്കിലും ഉയരപ്പാതയുടെ നിർമ്മാണം തുടങ്ങിയാൽ മണിക്കൂറുകൾ നീളുന്ന ഗതാഗതക്കുരുക്കിനുള്ള സാധ്യത ഏറെയാണ്. ഇതിന് ബദൽ മാർഗം തേടേണ്ടി വരും.












Click it and Unblock the Notifications