പെണ്ണിന്റെ മാനത്തിന് ഇത്ര വിലയിടാനായിരിക്കും ഇവരുടെ "ചന്ത സംസ്കാരം" അനുവദിക്കുന്നത്;തുറന്നടിച്ച് മയൂഖ
തിരുവനന്തപുരം; സുഹൃത്ത് ബലാത്സംഗത്തിന് ഇരയായെന്ന വെളിപ്പെടുത്തലിന് പിന്നാലെ തനിക്ക് നേരേ നിരവധി ഭീഷണികൾ ഉയരുന്നുണ്ടെന്ന് കായിക താരം മയൂഖ ജോണി. ലഭ്യമായ തെളിവുകളും സാക്ഷികളെയും നൽകിയെങ്കിലും പ്രതി പ്രബലനും സ്വാധീനവുമുള്ളവനും ആയതു കൊണ്ട് കേരള പോലീസ് അയാളെ തൊടാൻ പോലും തയ്യാറാകുന്നില്ല. പണത്തിന്റേയും മത - രാഷ്ട്രീയത്തിന്റേയും സ്വാധീനത്തിൽ മുട്ടുമടക്കാത്ത പോലീസുകാരില്ലെന്ന തിരിച്ചറി കൂടി തനിക്ക് ലഭിച്ചുവെന്നും മയൂഖ പറയുന്നു.
ആമിര്‍ ഖാന്റെയും കിരണ്‍ റാവുവിന്റെയും രസകരമായ ഫോട്ടോകള്‍ കാണാം
ഇരയ്ക്കൊപ്പം നിൽക്കേണ്ട പോലീസ് സൂപ്രണ്ട് സർക്കാർ വക്കീൽ എന്നിവർ വേട്ടക്കാരൻ്റെ കുഴലൂത്തുകാരായി അധ:പതിച്ചു. പോലീസ് സൂപ്രണ്ട് ഒരു പെണ്ണായിരുന്നിട്ടും ഇരയും പ്രതിയും തമ്മിൽ മുൻ വൈരാഗ്യമുണ്ടെന്നും നിയമയുദ്ധത്തിലാണെന്നുമുള്ള പച്ചക്കള്ളമാണ് പത്രക്കാരുടെ മുമ്പിൽ വിളമ്പിയത്. മരിച്ചിട്ടോ, ആത്മഹത്യ ചെയ്തിട്ടോ അല്ല ഒരു സ്ത്രീക്ക് നീതി കിട്ടേണ്ടത്..കെട്ടിത്തുങ്ങിയോ വിഷം കഴിച്ചോ ജീവനൊടുക്കിയാലേ കേരളത്തിൻ്റെ പ്രതികരണ മനസ്സ് ഉണരൂ എന്നുണ്ടോയെന്നും മയൂഖ ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ ചോദിച്ചു.പോസ്റ്റിന്റെ പൂർണരൂപം വായിക്കാം

മരിച്ചിട്ടോ, ആത്മഹത്യ ചെയ്തിട്ടോ അല്ല ഒരു സ്ത്രീക്ക് നീതി കിട്ടേണ്ടത്...ഈ പെൺകുട്ടിക്ക്(ഇരക്ക്) ഇപ്പോൾ നീതി കിട്ടിയേ മതിയാകൂ......കെട്ടിത്തുങ്ങിയോ വിഷം കഴിച്ചോ ജീവനൊടുക്കിയാലേ കേരളത്തിൻ്റെ പ്രതികരണ മനസ്സ് ഉണരൂ എന്നുണ്ടോ?ക്രൂരമായ ഒരു ബലാൽസംഘത്തിന് ഇരയായ ഒരു പെൺകുട്ടി അഞ്ച് വർഷം ആരോടും ഉരിയാടാതെ ശരീരത്തിനും മനസ്സിനും ഏറ്റ ക്ഷതങ്ങളുമായി കഴിയുന്നു. എന്നിട്ടും ആ നരാധമൻ പിന്തുടർന്ന് ഭീഷണിപ്പെടുത്തിയപ്പോൾ നിവൃത്തിയില്ലാതെ പോലീസിൽ പരാതിപ്പെട്ടു. ലഭ്യമായ തെളിവുകളും സാക്ഷികളെയും നൽകിയെങ്കിലും പ്രതി പ്രബലനും സ്വാധീനവുമുള്ളവനും ആയതു കൊണ്ട് തൊടാൻ കേരളാ പോലീസിന് മടി.

പണത്തിൻ്റെയും, മത - രാഷ്ട്രീയത്തിൻ്റെയും സ്വാധീനത്തിൽ മുട്ടുമടക്കാത്ത പോലീസുകാരില്ലെന്ന ഒരറിവ് കൂടി ലഭിച്ചു. കേരളത്തിൻ്റെ ചരിത്രത്തിലാദ്യമായി ബലാൽസംഘക്കേസ്സിലെ പ്രതിക്ക് വേണ്ടി കൂട്ടാളികൾ പത്രസമ്മേളനം നടത്തി തങ്ങളുടെ ശക്തിയറിയിച്ചു. ഇരയ്ക്കൊപ്പം നിൽക്കേണ്ട പോലീസ് സൂപ്രണ്ട്, സർക്കാർ വക്കീൽ എന്നിവർ വേട്ടക്കാരൻ്റെ കുഴലൂത്തുകാരായി അധ:പതിച്ചു. പോലീസ് സൂപ്രണ്ട് ഒരു പെണ്ണായിരുന്നിട്ടും ഇരയും പ്രതിയും തമ്മിൽ മുൻ വൈരാഗ്യമുണ്ടെന്നും നിയമയുദ്ധത്തിലാണെന്നുമുള്ള പച്ചക്കള്ളമാണ് പത്രക്കാരുടെ മുമ്പിൽ വിളമ്പിയത്.

പ്രതിയും ഇരയുമായി സിവിലായോ ക്രിമിനലായോ യാതൊരു വിധ തർക്കങ്ങളും ഇല്ലാതിരിക്കെ ഇത്തരമൊരു കള്ളം പറയാൻ പോലീസ് സൂപ്രണ്ടിനെ പ്രേരിപ്പിച്ചത് എന്താണെന്ന് പിറ്റേ ദിവസമാണ് മനസ്സിലായത്. പ്രതിക്ക് വേണ്ടി തൃശ്ശൂർ പ്രസ് ക്ലബ്ബിൽ പ്രതിയുടെ കൂട്ടുകാർ നിർലജ്ജം ഒരു പത്രസമ്മേളനം നടത്തുന്നു. പള്ളിക്കാരും പ്രതിയും തമ്മിൽ തർക്കവിതർക്കങ്ങളുണ്ടെന്നും അതിൽ പള്ളിക്കാരെ സഹായിക്കാനായി പെൺകുട്ടി മെനഞ്ഞ നുണക്കഥയാണ് ഇതെന്നുമുള്ള ക്രൂരമായ ആരോപണത്തോടൊപ്പം ഇരയായ പെൺകുട്ടിയുടെ എല്ലാ വ്യക്തിഗത വിവരങ്ങളും പൊതു സമക്ഷം അവർ വിളിച്ചു പറയുന്നു.

എന്നാൽ ഇതിലൊന്നും യാതൊരു നിയമവിരുദ്ധതയും കാണാൻ തൃശ്ശൂർ പോലീസ് സൂപ്രണ്ടിനൊട്ട് കഴിയുന്നുമില്ല. പെൺകുട്ടിക്കൊപ്പം നിന്നതിൻ്റെ പേരിൽ, എൻ്റെ വ്യക്തിവിരോധം തീർക്കാൻ ബലാൽസംഘക്കഥ മെനഞ്ഞത് ഞാനാണെന്നുമുള്ള ദുരാരോപണം എനിക്കു നേരെയും അവർ തൊടുത്തു. പെണ്ണിൻ്റെ മാനത്തിന് ഇത്രയൊക്കെ വിലയിടാനായിരിക്കും ഇവരുടെ "ചന്ത സംസ്കാരം" അനുവദിക്കുന്നത്. എന്നാൽ ഇത് കേരളത്തിൻ്റെ പൊതു സംസ്കാരത്തിന് നേരെ കടുത്ത വെല്ലുവിളി തന്നെയാണ് ഉയർത്തുന്നത്.

തൃശ്ശൂർ ജില്ലയിലെ ആളൂർ സ്റ്റേഷനിൽ രജിസ്റ്റർ ചെയ്യപ്പെട്ട ഈ ബലാൽസംഘ കേസ്സിൽ ഇരയ്ക്കൊപ്പം നിന്നതിൻ്റെ പേരിൽ നിരവധി ഭീഷണികളും അക്രോശങ്ങളും എനിക്കു നേരെയും ഉയരുന്നുണ്ട്. എന്തിനേറെ, ഈ സത്യം ലോകത്തോട് വിളിച്ചു പറയാൻ എനിക്ക് തുണയായ മാധ്യമ സുഹൃത്തുക്കളെ പോലും രഹസ്യമായി വിലക്കാനും തടയാനുo ശ്രമിക്കുന്ന ചില മാധ്യമ പിമ്പുകളും പ്രതിക്ക് വേണ്ടി സജീവമായി രംഗത്തുണ്ട്. ആരൊക്കെ എന്തൊക്കെ ചെയ്താലും എത്ര മൂടിവയ്ക്കാൻ ശ്രമിച്ചാലും സത്യം പുറത്തു വരിക തന്നെ ചെയ്യും. ഈ പോരാട്ടത്തിൽ എനിക്കൊപ്പം നിലയുറപ്പിച്ചിരിക്കുന്ന എൻ്റെ സുഹൃത്തുക്കൾ, ബന്ധുമിത്രാദികൾ, ഒരു മുൻ പരിചയവുമില്ലെങ്കിലും സകല പിന്തുണയും വാഗ്ദാനം ചെയ്തിട്ടുള്ള അഭിഭാഷകർ, റിട്ട. ജഡ്ജിമാർ, റിട്ട. പോലീസ് ഉദ്യോഗസ്ഥർ, മാധ്യമങ്ങൾ എന്നിവരെയെല്ലാം നന്ദിയോടെ ഓർക്കുന്നു.
ആമിര്‍ ഖാന്റെയും കിരണ്‍ റാവുവിന്റെയും രസകരമായ ഫോട്ടോകള്‍ കാണാം












Click it and Unblock the Notifications