ഓണം ബംബർ: ഭഗവതി ലോട്ടറിക്കാർക്ക് എന്തൊരു ഭാഗ്യം: ആദ്യം 25 കോടി, ഇപ്പോഴിതാ രണ്ടാം സമ്മാനവും
തിരുവനന്തപുരം: ഈ വർഷത്തെ ഓണം ബംബർ നറുക്കെടുപ്പ് അല്‍പ സമയം മുമ്പ് പൂർത്തിയായിരിക്കുകയാണ്. കോഴിക്കോടെ ബാവ ലോട്ടറിയെന്ന ഏജന്‍സി വഴി വിറ്റ TE 230662 എന്ന ടിക്കറ്റിനാണ് 25 കോടിരൂപയുടെ ഒന്നാം സമ്മാനം ലഭിച്ചിരിക്കുന്നത്. ഇതേ ഏജന്‍സിയുടെ തന്നെ ഉടമസ്ഥതയിലുള്ള പാലക്കാട് ജില്ലയിലെ ഷോപ്പില്‍ വെച്ചാണ് വില്‍പ്പന നടന്നത്.
ഒന്നാം സമ്മാനത്തിന് പുറമെ ഇരുപത് പേർക്കായി ഒരോ കോടി രൂപ വീതം രണ്ടാം സമ്മാനമായി ലഭിക്കും എന്നുള്ളതാണ് ഇത്തവണത്തെ പ്രത്യേകത. അത്തരത്തില്‍ ഒരു രണ്ടാം സമ്മാനം അടിച്ചിരിക്കുന്നത് തിരുവനന്തപുരത്തെ ഭഗവതി ലോട്ടി ഏജന്‍സിയിലാണ്. ഏത് ഭഗവതി ഏജന്‍സി എന്നാണ് ചോദ്യമെങ്കില്‍ കഴിഞ്ഞ തവണത്തെ ബംബർ സമ്മാനമായ 25 കോടി രൂപ അടിച്ച അതേ ഭഗവതി ഏജന്‍സി തന്നെ.

പഴവങ്ങാടി ഭഗവതി ലോട്ടറി ഏജൻസിയിൽ നിന്നുമായിരുന്നു കഴിഞ്ഞ തവണത്തെ ജേതാവായ അനൂപ് ടിക്കറ്റ് എടുത്തത്. ബംപർ സമ്മാനത്തിന്റെ ഏജന്‍സി കമ്മീഷനായി ഏകദേശം രണ്ടരക്കോടിയോളം രൂപയും ഭഗവതി ലോട്ടറി ഏജന്‍സി നടത്തിപ്പുകാർക്ക് ലഭിച്ചു. ഇതിന് പിന്നാലെയാണ് ഇത്തവണയും സമ്മാനം തേടിയെത്തിയിരിക്കുന്നത്.
ഭഗവതി ഏജന്‍സി വിറ്റഴിച്ച TH 305041 എന്ന നമ്പറിനാണ് രണ്ടാം സമ്മാനങ്ങളിലൊന്ന് ലഭിച്ചിരിക്കുന്നത്. കഴിഞ്ഞ തവണത്തെ ബംബർ ടിക്കറ്റ് വില്‍പ്പന നടത്തിയ ഏജന്‍സി എന്നതിനാല്‍ തന്നെ ഇത്തവണ വലിയ തോതിലുള്ള തിരക്കായിരുന്നു ഷോപ്പില്‍ അനുഭവപ്പെട്ടത്. മറ്റ് ജില്ലകളില്‍ നിന്നുള്ളവർ പോലും ഭാഗ്യപരീക്ഷണത്തിനായി ഭഗവതി ഏജന്‍സിയിലെത്തി.
ഓണം ബമ്പറിന് മികച്ച സെയിലായിരുന്നു എന്ന് ഭഗവതി ഏജൻസി സെയിൽമാൻ വ്യക്തമാക്കിയിരുന്നു. തിരക്ക് വർധിച്ചതോടെ അർധരാത്രി വരെ വില്‍പ്പന നടന്നു. ദിനംപ്രതി നറുക്കെടുന്ന ടിക്കറ്റുകള്‍ക്ക് തിരക്കായിരുന്നെങ്കിലും അതിനേക്കാള്‍ വലിയ തിരക്കായിരുന്നു ക്രിസ്മസ് ബമ്പറിനും ഓണം ബമ്പറിനും അനുഭവപ്പെട്ടതെന്നും ജീവനക്കാർ വ്യക്തമാക്കുന്നു.
കഴിഞ്ഞ തവണത്തെ നറുക്കെടുപ്പ് ദിനം ഒരിക്കലും മറക്കാന്‍ സാധിക്കില്ല. ടിവിയില്‍ നറുക്കെടുപ്പിന്റെ ലൈവ് കാണിച്ചുകൊണ്ടിരിക്കുകയായിരുന്നു. അവസാന നിമിഷം വിറ്റ ടിക്കറ്റായതിനാല്‍ നമ്പർ അറിയാമായിരുന്നു. ബുക്കില്‍ നോക്കി കണ്‍ഫോം ചെയ്യുമ്പോഴേക്കും കടയ്ക്ക് മുമ്പില്‍ ആളുകള്‍ കൂടി, ഇവിടെയെല്ലാം ബ്ലോക്കായി. അന്നൊരു ഉത്സവ പ്രതീതിയായിരുന്നു.
ലോട്ടറി അടിച്ചപ്പോള്‍ അനൂപിന് കാര്യങ്ങള്‍ സ്വല്‍പം കൈവിട്ട് പോയോ എന്ന് സംശയമുണ്ട്. പല ബുദ്ധിമുട്ടുകളും നേരിടേണ്ടി വന്നു. ആളുകള്‍ സഹായം ചോദിച്ച് വന്നതോടെ കുട്ടിയെ ആശുപത്രിയില്‍ പോലും കൊണ്ടുപോവാന്‍ കഴിയാതെ വന്നു. എല്ലാ ഭാഗ്യവാന്മാരും നേരിടുന്ന പ്രശ്നം തന്നെയാണ് ഇത്. അനൂപിന്റെ കാര്യത്തില്‍ ഇത് കൂടിപ്പോയി. അതുകൊണ്ട് തന്നെ ഇത്തവണ ജേതാവിനെ കാണാന്‍ സാധിക്കുമോയെന്ന സംശയമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.












Click it and Unblock the Notifications