25 കോടിക്കായി തിക്കും തിരക്കും; ഓണം ബംബറിന് ആദ്യദിനം റെക്കോര്‍ഡ് വില്‍പന
തിരുവനന്തപുരം: സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് തിങ്കളാഴ്ച പുറത്തിറക്കിയ തിരുവോണം ബംബര്‍ ടിക്കറ്റിന് ആദ്യ ദിനം റെക്കോര്‍ഡ് വില്‍പന. ആദ്യ ദിവസം തന്നെ നാലര ലക്ഷത്തോളം ടിക്കറ്റുകളാണ് വിറ്റുപോയത്. 25 കോടിയുടെ ഭാഗ്യ സമ്മാനം തങ്ങളെ തേടിയെത്തുമെന്ന പ്രതീക്ഷയിലാണ് ഓരോ ലോട്ടറി പ്രേമികളും ടിക്കറ്റെടുത്തത്. കഴിഞ്ഞ വര്‍ഷം ആദ്യ ദിവസം ഒന്നരലക്ഷം ടിക്കറ്റുകളാണ് വിറ്റുപോയത്.

തിരുവോണം ബംബറിന്റെ രണ്ടാം സമ്മാനം 20 പേര്‍ക്ക് ഒരു കോടി രൂപ വീതമാണ്. മൂന്നാം സമ്മാനം 50 ലക്ഷം വീതം 20 നമ്പറുകള്‍ക്ക് നല്‍കും. ഇത്തവണ 5,34, 670 പേര്‍ക്ക് സമ്മാനം ലഭിക്കുന്നുവെന്ന പ്രത്യേകതയുമുണ്ട്. കഴിഞ്ഞ വര്‍ഷം 3,97,911 പേര്‍ക്കായിരുന്നു സമ്മാനം നല്‍കിയത്. 500 രൂപയാണ് ടിക്കറ്റ് വില. സെപ്റ്റംബര്‍ 20 നാണ് നറുക്കെടുപ്പ്.
ജൂലായ് 24ന് ലോട്ടറിയുടെ പ്രകാശനം മന്ത്രി കെ എന്‍ ബാലഗോപാലാണ് നിര്‍വഹിച്ചത്. സമ്മാനാര്‍ഹരുടെ എണ്ണത്തിലെ വര്‍ധന ഭാഗ്യക്കുറിയുടെ ജനകീയത കൂട്ടുമെന്ന് മന്ത്രി പറഞ്ഞിരുന്നു. നിലവില്‍ 7000 കോടി രൂപ സമ്മാന തുകയായി പ്രതിവര്‍ഷം ലോട്ടറി വകുപ്പ് അനുവദിക്കുന്നുണ്ട്. ഒരു ലക്ഷത്തിലധികം പേര്‍ക്ക് ജീവനോപാധിയുമാണ്. കാരുണ്യ പോലെയുള്ള ചികില്‍സാ പദ്ധതികള്‍ക്കും ലോട്ടറിയില്‍ നിന്നുമുള്ള വരുമാനം പ്രയോജനപ്പെടുത്തുന്നു.
സംസ്ഥാന ഭാഗ്യക്കുറിയുടെ ഭാഗ്യചിഹ്നമായ പച്ചക്കുതിരയുടെ ഒറിഗാമി മോഡല്‍ ചടങ്ങില്‍ വിതരണം ചെയ്തിരുന്നു. ഗതാഗത മന്ത്രി ആന്റണി രാജു അധ്യക്ഷത വഹിച്ച ചടങ്ങില്‍ സംസ്ഥാന ലോട്ടറി വകുപ്പ് ഡയറക്ടര്‍ എബ്രഹാം റെന്‍ സ്വാഗതം ആശംസിച്ചു. ജോയിന്റ് ഡയറക്ടര്‍ മനോജ് നന്ദി അറിയിച്ചു.












Click it and Unblock the Notifications