'തിരുവാവണിരാവ്...മനസാകെ നിലാവ്'; ഓണത്തെ വരവേൽക്കാൻ ഒരുങ്ങി മലയാളി, അത്തച്ചമയം ഇന്ന്
കൊച്ചി: ഓണത്തെ വരവേൽക്കാൻ ഒരുങ്ങി മലയാളികൾ. ഇന്ന് അത്തം നാൾ പിറന്നതോടെ ലോകമെമ്പാടുമുള്ള മലയാളികൾ തിരുവോണത്തിന് വേണ്ടിയുള്ള കാത്തിരിപ്പ് ആരംഭിച്ചു. ഓണത്തിന്റെ വരവറിയിച്ചു കൊണ്ട് എല്ലാവർഷത്തെയും പോലെ തൃപ്പൂണിത്തുറ അത്തച്ചമയ ഘോഷയാത്ര ഇന്ന് നടക്കും. ഇന്ന് രാവിലെ അത്തം നഗറിൽ സ്‌പീക്കർ ചടങ്ങ് ഉദ്‌ഘാടനം ചെയ്യുന്നതോടെ ആഘോഷങ്ങൾക്ക് ഔദ്യോഗികമായി തുടക്കമാവും.
അത്തം നഗറായ തൃപ്പൂണിത്തുറ ഗവ. ബോയ്‌സ് ഹൈസ്‌കൂള്‍ ഗ്രൗണ്ടില്‍ നടക്കുന്ന ചടങ്ങിൽ മന്ത്രി പി രാജീവ് ഉൾപ്പെടെ പങ്കെടുക്കും. കെ ബാബു എംഎല്‍എയാണ് ചടങ്ങിന് അധ്യക്ഷത വഹിക്കുക. അത്തച്ചമയ ഘോഷയാത്രയുടെ ഭാഗമായി ഇന്ന് രാവിലെ ഏഴ് മണി മുതല്‍ വൈകീട്ട് ആറ് മണിവരെ തൃപ്പൂണിത്തുറയില്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.

അത്തച്ചമയ ഘോഷയാത്രയോടെയാണ് കേരളത്തിൽ ഓണാഘോഷങ്ങൾക്ക് ഔദ്യോഗികമായി തുടക്കമാവുന്നത്. വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ ഇക്കുറി ആഘോഷങ്ങൾ വെട്ടിരുചുരുക്കിയെങ്കിലും ചരിത്രപരമായ പ്രാധാന്യം ഏറെയുള്ള അത്തച്ചമയ ഘോഷയാത്ര അതിന്റെ പഴയ പകിട്ടോടെ തന്നെയാണ് ഇത്തവണയും നടക്കുന്നത്.
ഹൈബി ഈഡൻ എംപി ഘോഷയാത്ര ഫ്ലാഗ് ഓഫ് ചെയ്യുന്നതോടെ വർണാഭമായ അത്തച്ചമയ ഘോഷയാത്ര അത്തം നഗറിൽ നിന്ന് നഗരം ചുറ്റാനിറങ്ങും. ഉച്ചയ്ക്ക് മൂന്ന് മണിയോടെ തിരിച്ചെത്തുന്ന ഘോഷയാത്ര അത്തം നഗറിലെൽ തിരിച്ചു കയറുന്നതോടെ സിയോൻ ഓഡിറ്റോറിയത്തിൽ പൂക്കളങ്ങളുടെ പ്രദർശനം ആരംഭിക്കും. ശേഷം വൈകീട്ട് അത്തം നഗറിൽ കലാസന്ധ്യ, ഗാനമേള എന്നിവ ഉൾപ്പെടയുള്ള പരിപാടികളും നടക്കും.
എന്താണ് അത്തച്ചമയ ഘോഷയാത്ര?
കേരളത്തിലെ മിക്കവാറും എല്ലാ നാടൻ കലാരൂപങ്ങളും ഒരു കുടക്കീഴിൽ കാണാൻ അപൂർവ അവസരം നൽകുന്ന ഒരു സാംസ്‌കാരിക ഉത്സവമാണ് അത്തച്ചമയം. പത്ത് ദിവസത്തെ ഓണാഘോഷത്തിന് തുടക്കം കുറിക്കുന്ന മഹത്തായ ദിനമാമാണിത്. എല്ലാ വർഷവും ചിങ്ങത്തിലെ അത്തം നക്ഷത്രത്തിൽ, കൊച്ചി രാജാവിന്റെ വിജയത്തെ അനുസ്‌മരിക്കുന്ന ഈ ഐതിഹാസിക ചടങ്ങിന് തൃപ്പൂണിത്തുറ സാക്ഷ്യം വഹിക്കുന്നു.
രാജാവിന്റെയും പരിവാരങ്ങളുടെയും വരവിനെ പ്രതിനിധീകരിക്കുന്ന ഗംഭീരമായ ഒരു ഘോഷയാത്രയും ഇതിനൊപ്പം ഉണ്ടാവും. ആനകൾ, ഫ്ലോട്ടുകൾ, വാദ്യമേളങ്ങൾ, വൈവിധ്യമാർന്ന നാടൻ കലാരൂപങ്ങൾ എന്നിവ ഘോഷയാത്രയിൽ ഉടനീളം നിങ്ങൾക്ക് കാണാം. ആയിരക്കണക്കിന് പേരാണ് ഈ ഘോഷയാത്രയിൽ പങ്കെടുക്കുന്നത്. അത്തച്ചമയമവുമായി ബന്ധപ്പെട്ട ഒരുപാട് ഐതിഹ്യങ്ങൾ വേറെയും നിലനിൽക്കുന്നുണ്ട്.
1949ൽ, തിരുവിതാംകൂർ-കൊച്ചി രാജ്യങ്ങൾ ലയിപ്പിച്ച് തിരു-കൊച്ചി സംസ്ഥാനം രൂപീകരിച്ചതോടെ അത്തച്ചമയം താൽക്കാലികമായി നിർത്തിവച്ചിരുന്നു. 1961ൽ കേരളത്തിൽ ഓണം ഒരു ബഹുജനോത്സവമായി മാറിയപ്പോൾ എല്ലാ പ്രൗഢിയോടെയും കൂടി ഘോഷയാത്ര പുനരാരംഭിക്കുകയായിരുന്നു. പിന്നീട് അങ്ങോട്ട് മുടങ്ങാതെ എല്ലാ വർഷവും മലയാളിക്ക് ഓണത്തിന്റെ വരവറിയിക്കുന്ന ചടങ്ങുകളിൽ ഒന്നായി ഇത് മാറുകയായിരുന്നു.












Click it and Unblock the Notifications