''കേരളത്തിന് ഉടനെ തന്നെ ഒരു വന്ദേഭാരത് കൂടി'', സിൽവർ ലൈൻ അടഞ്ഞ അധ്യായമെന്നും കെ സുരേന്ദ്രൻ
ഡൽഹി: കേന്ദ്ര സർക്കാർ ഉടനെ തന്നെ കേരളത്തിന് പുതിയ ഒരു വന്ദേഭാരത് ട്രെയിന്‍ കൂടി അനുവദിക്കുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍. കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെയായിരിക്കും ട്രെയിനെന്നും പുതിയ വന്ദേഭാരത്ത് ഉടന്‍ തന്നെ കേരളത്തിൽ ഓടിത്തുടങ്ങുമെന്നും കെ സുരേന്ദ്രൻ ഡല്‍ഹിയില്‍ മാധ്യമങ്ങളോട് പറഞ്ഞു. കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവുമായിട്ടുളള കൂടിക്കാഴ്ചയ്ക്കു ശേഷം പ്രതികരിക്കുകയായിരുന്നു സുരേന്ദ്രൻ.
വന്ദേഭാരത് ട്രെയിനെ കേരളത്തിലെ ജനങ്ങള്‍ വലിയതോതിലാണ് സ്വീകരിച്ചത്.
ഒരു വന്ദേഭാരത് ട്രെയിന്‍ കൂടി കേരളത്തിൽ വരുന്നത് ജനങ്ങളുടെ യാത്രാദുരിതം പരിഹരിക്കുന്നതിന് സഹായകരമാകും. പുതിയ ട്രെയിന്‍ അനുവദിച്ച പ്രധാനമന്ത്രി നരേന്ദ്രമോദിയോടും റെയില്‍വേ മന്ത്രിയോടും കേരളത്തിലെ ജനങ്ങള്‍ക്കുവേണ്ടി നന്ദി അറിയിക്കുന്നുവെന്നും കെ സുരേന്ദ്രൻ പറഞ്ഞു.

കേരളത്തിലെ ജനങ്ങളോടുള്ള കേന്ദ്രത്തിന്റെ കരുതലിന്റെയും സ്‌നേഹത്തിന്റെയും ഒരു ഉദാഹരണം കൂടിയാണ് പുതിയ വന്ദേഭാരത് തീവണ്ടിയുടെ പ്രഖ്യാപനം. കേരളത്തിന്റെ വികസന കാര്യത്തില്‍ വളരെയധികം താല്പര്യമാണ് മോദി സര്‍ക്കാരിനുള്ളത്. കഴിഞ്ഞ യുപിഎ സര്‍ക്കാരിന്റെ കാലത്ത് എട്ട് കേന്ദ്രമന്ത്രിമാര്‍ ഉണ്ടായിട്ടും നടക്കാത്ത വികസനമാണ് നരേന്ദ്ര മോദിയുടെ കഴിഞ്ഞ 9 വർഷം കേരളത്തില്‍ നടക്കുന്നത്. കേരളത്തിലെ ജനങ്ങളോട് പ്രത്യേക താല്പര്യം നരേന്ദ്രമോദിക്കും കേന്ദ്രസര്‍ക്കാരിനും ഉണ്ട്. അതിനുളള തെളിവാണ് വളരെ വേഗം ഒരു ട്രെയിന്‍ കൂടി കേരളത്തിന് അനുവദിച്ചത് എന്നും സുരേന്ദ്രൻ കൂട്ടിച്ചേർത്തു.
വന്ദേ ഭാരതിന്റെ സ്റ്റോപ്പുകൾക്ക് ചില മാനദണ്ഡങ്ങളുണ്ട്. ആളുകൾക്ക് ചില സ്റ്റോപ്പുകളെ സംബന്ധിച്ച് ആവശ്യങ്ങളുണ്ട്. വന്ദേഭാരത് ഓടിത്തുടങ്ങുമ്പോൾ അക്കാര്യങ്ങൾ ചർച്ച ചെയ്യാവുന്നതാണ് എന്നും കെ സുരേന്ദ്രൻ പറഞ്ഞു. സില്‍വര്‍ ലൈന്‍ പദ്ധതി അടഞ്ഞ അധ്യായമാണ്.
യാത്രാദുരിതം പരിഹരിക്കാനോ ജനക്ഷേമത്തിനോ അല്ല സംസ്ഥാന സർക്കാർ സിൽവർ ലൈൻ പദ്ധതി കൊണ്ടുവന്നത്. അതുകൊണ്ട് അത് നടക്കാൻ പോകുന്നില്ല. സർക്കാരിന്റെ പുതിയ നിർദേശങ്ങൾ കേന്ദ്രം പരിഗണിക്കുമെന്ന് തോന്നുന്നില്ല. കേരളസര്‍ക്കാര്‍ ഉദ്ദേശിച്ച രീതിയില്‍ ഒരിക്കലും പദ്ധതി നടക്കില്ലെന്ന് തങ്ങൾക്ക് ഉറപ്പുണ്ടെന്നും കെ സുരേന്ദ്രന്‍ മാധ്യമങ്ങളോട് പറഞ്ഞു.












Click it and Unblock the Notifications