വർഷങ്ങൾ നീണ്ട കാത്തിരിപ്പിനവസാനം, കുതിരാനിലെ ഇരട്ട തുരങ്കങ്ങളില്‍ ഒന്ന് തുറന്നു
തൃശൂര്‍: നീണ്ട കാലത്തെ കാത്തിരിപ്പിനൊടുവില്‍ കുതിരാനിലെ ഇരട്ട തുരങ്കങ്ങളില്‍ ഒന്ന് തുറന്നു. രാത്രി 7.52നാണ് തുരങ്കം തുറന്നത്. തുരങ്കം തുറക്കുന്നതായി ദേശീയ ഗതാഗത വകുപ്പ് മന്ത്രി നിതിന്‍ ഗഡ്കരി ട്വിറ്ററിലൂടെ അറിയിച്ചിരുന്നു. പാലക്കാട് നിന്നും തൃശൂര്‍ ഭാഗത്തേക്ക് പോകുന്ന തുരങ്കമാണ് തുറന്നിരിക്കുന്നത്. തുരങ്കം പിന്നിടാന്‍ ഒന്നര മിനിറ്റില്‍ താഴെ മാത്രമാണ് സമയം വേണ്ടത്.
ഔദ്യോഗികമായ ഉദ്ഘാടന പരിപാടികള്‍ ഇല്ലാതെ ആണ് തുരങ്കം തുറന്നത്. പാലക്കാട് ഭാഗത്ത് നിന്നുളള വാഹനങ്ങള്‍ കുതിരാനിലൂടെ കടത്തി വിട്ട് തുടങ്ങി. 1.6 കിലോമീറ്റര്‍ ദൈര്‍ഘ്യമുളളതാണ് കുതിരാന്‍ തുരങ്ക പാത. കേന്ദ്രാനുമതി ലഭിച്ച പശ്ചാത്തലത്തിലാണ് വേഗത്തില്‍ ഒരു തുരങ്കം തുറന്നത്. രണ്ടാമത്തെ തുരങ്കത്തിന്റെ കൂടി നിര്‍മ്മാണം പൂര്‍ത്തിയാകുന്ന ഘട്ടത്തില്‍ കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്കരി കുതിരാന്‍ തുരങ്കത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം നിര്‍വ്വഹിക്കും.

2010ലാണ് കുതിരാന്‍ തുരങ്ക നിര്‍മ്മാണം ആരംഭിച്ചത്. പതിനൊന്ന് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് തുരങ്ക നിര്‍മ്മാണം ഒന്നെങ്കിലും പൂര്‍ത്തിയായിരിക്കുന്നത്. പിണറായി വിജയന്‍ സര്‍ക്കാര്‍ സംസ്ഥാനത്ത് വീണ്ടും അധികാരത്തില്‍ എത്തിയതിന് പിറകെ കുതിരാന്‍ തുരങ്കം വേഗത്തില്‍ തുറക്കാനുളള നടപടികളെടുക്കണം എന്ന് മുഖ്യമന്ത്രി നിര്‍ദേശം നല്‍കിയിരുന്നു. ആഗസ്റ്റ് ഒന്നിന് ഒരു തുരങ്കം തുറക്കും എന്ന് മുഖ്യമന്ത്രി പ്രഖ്യാപിക്കുകയും ചെയ്തു. പൊതുമരാമത്ത് മന്ത്രി പിഎ മുഹമ്മദ് റിയാസ് തുരങ്ക നിര്‍മ്മാണം നിരന്തരമായി വിലയിരുത്തിയിരുന്നു.
ഒരു തുരങ്കം തുറക്കാനുളള കേന്ദ്രാനുമതി വൈകിയേക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഈ സാഹചര്യത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരിയെ നേരിട്ട് ബന്ധപ്പെട്ട് തുറക്കാനുളള അനുമതി വേഗത്തില്‍ നല്‍കാന്‍ അഭ്യര്‍ത്ഥിക്കുകയായിരുന്നു. ഇതോടെയാണ് ഇന്ന് തന്നെ ഒരു തുരങ്കം തുറക്കാന്‍ കേന്ദ്രം അനുമതി നല്‍കിയത്.












Click it and Unblock the Notifications